"കെഎസ്ആർടിസിയെ ഗണേഷ് കുമാർ രക്ഷിച്ചു, സിനിമാ വകുപ്പ് എന്തുകൊണ്ട് അദ്ദേഹത്തെ ഏൽപ്പിക്കുന്നില്ല?"
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ വെന്നിക്കൊടി പാറിച്ച വ്യക്തിയാണ് കെബി ഗണേഷ് കുമാർ. നിലവിൽ ഗതാഗതമന്ത്രി സ്ഥാനം വഹിച്ചിരിക്കുന്ന ഗണേഷ് കുമാർ നിരവധി പരിഷ്‌കാരങ്ങളിലൂടെ കൈയ്യടി നേടിയിരുന്നു. കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണവും കൃത്യ സമയത്ത് അത് ലഭ്യമാക്കാനും ഒക്കെ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ഇപ്പോഴിതാ ഗണേഷിന്റെ മന്ത്രിയായുള്ള പ്രവർത്തനത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ശാന്തിവിള ദിനേശ്. ഗണേഷിനെ എന്തുകൊണ്ട് സാംസ്‌കാരിക വകുപ്പ് കൂടി ഏൽപ്പിക്കുന്നില്ലെന്നും അങ്ങനെ എങ്കിൽ സിനിമാ മേഖലയ്ക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടാവുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ഇനിയും ഇത്തരം പരിഷ്ക്കാരങ്ങളുമായി മുന്നോട്ട് പോവാൻ ഗണേഷ് കുമാറിന് കഴിയട്ടെയെന്നും ശാന്തിവിള ആശംസിച്ചു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ
ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം. ഇത് ഞാൻ വെറുതെ പറയുന്നതല്ല. സിനിമാക്കാരനായ ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനെ കാണുമ്പോൾ ഒക്കെ എനിക്ക് അത് ഓർമ്മ വരാറുണ്ട്. സിനിമാ വകുപ്പ് സിപിഎം ആർക്കും വിട്ടുകൊടുക്കില്ലെന്ന് അറിയാം. അത് ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ല. എങ്കിലും ഗണേഷിനെ ആ വകുപ്പ് ഏൽപ്പിച്ചിരുന്നെങ്കിൽ എത്ര എത്ര നല്ല കാര്യങ്ങൾ ചെയ്യുമായിരുന്നു എന്നാണ് ഞാൻ ഓർക്കുന്നത്.
ഇപ്പോൾ തന്നെ നോക്കൂ, ആർക്കും രക്ഷപ്പെടുത്താൻ കഴിയാത്ത ഒരു വകുപ്പായിരുന്നു കെഎസ്ആർടിസി. ബാലകൃഷ്‌ണപിള്ള സാർക്ക് പോലും അന്ന് അതിന് സാധിച്ചിരുന്നില്ല. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ ഒരു ദിവസത്തെ വരുമാനം പത്ത് കോടി കടന്നു. നല്ല വരുമാനമാണ് കെഎസ്ആർടിസി ഉണ്ടാക്കുന്നത്. ഒക്ടോബർ ആദ്യവും ഇതുപോലെ ഒൻപതര കോടിയോളമായിരുന്നു കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം.
എറണാകുളത്ത് ഒരു ദിവസം രാവിലെ മന്ത്രിയുടെ ബോർഡ് വയ്ക്കാത്ത കാറിൽ, അമ്പലത്തിലോ കല്യാണത്തിനോ മറ്റോ പോവാൻ ഇറങ്ങിയതായിരുന്നു ഗണേഷ്. അങ്ങനെ മുന്നോട്ട് പൊയ്‌ക്കൊണ്ട് ഇരിക്കുമ്പോൾ മന്ത്രിയാണ് ഈ കാറിൽ ഇരിക്കുന്നതെന്ന് അറിയാതെ ഒരു പ്രൈവറ്റ് ബസ് ഇടതുവശത്ത് കൂടി ഓവർടേക്ക് ചെയ്‌തു. എറണാകുളത്ത് പ്രൈവറ്റ് ബസുകൾ എന്ന് പറഞ്ഞാൽ അഹങ്കാരികളാണ്. ഓടിക്കുന്ന ഡ്രൈവർമാർ എല്ലാം അങ്ങനെയാണ്.
ഇടതുവശത്ത് കൂടി ഹോണും അടിച്ച് മറ്റ് വണ്ടിക്കാരെ പേടിപ്പിച്ചുകൊണ്ട് വന്ന ബസ് ആയിരുന്നു, റാഹത്ത് എന്നായിരുന്നു അതിന്റെ പേര്. റഹീം എന്നായിരുന്നു ഡ്രൈവറുടെ പേര്. അങ്ങനെ പിന്നാലെ വച്ച് പിടിച്ച ഗണേഷ് ആളെ കയറ്റാൻ ഒരു ഓരത്ത് നിർത്തിയപ്പോൾ ബസിനോട് കാർ ചേർത്തുനിർത്തി. ഗ്ലാസ് താഴ്ത്തി പറഞ്ഞു, ഈ ബസിന്റെ പെർമിറ്റും നിന്റെ ലൈസൻസും രണ്ടും സ്വാഹാ എന്ന് പറഞ്ഞിട്ട് കാറും എടുത്ത് അങ്ങ് പോയി.
ഡ്രൈവർ തന്നെയിരുന്നു മുതലാളി. അതുപോലെ എവിടെയോ ഗണേഷ് പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ ഭ്രാന്ത് പിടിച്ചത് പോലെ എയർഹോൺ മുഴക്കി പോയ, അത് നിരോധിച്ചിരിക്കുകയാണ് കേരളത്തിൽ, അപ്പോൾ തന്നെ അദ്ദേഹത്തിന്റെ വകുപ്പിലെ ഉദ്യോഗസ്ഥരെ വിളിച്ച് കേരളത്തിൽ തലങ്ങും വിലങ്ങും ഓടുന്ന എല്ലാ സ്വകാര്യ ബസുകളുടെയും എയർ ഹോണുകൾ ചെക്ക് ചെയ്യാൻ പറഞ്ഞു. എന്നിട്ട് അത് നശിപ്പിച്ചു കളഞ്ഞു.
ഒരുപാട് പരിഷ്‌കാരം നടപ്പാക്കുകയാണ് മന്ത്രി. വലിയ സ്ഥാപനങ്ങളുടെ പരസ്യം പതിപ്പിച്ചു കൊടുക്കാൻ സഹായിച്ചാൽ സാമ്പത്തിക സഹായം കിട്ടും. അതുപോലെ കാൻസർ രോഗികൾ ചികിത്സയ്ക്ക് പോവുകയാണെങ്കിൽ സൗജന്യ യാത്രയ്ക്ക് അവസരമുണ്ട്. ഡ്രൈവിംഗ് സ്‌കൂൾ തുടങ്ങി, നല്ല വിഷണറിയാണ് അദ്ദേഹം. എന്ത് പരിഷ്ക്കാരം നടത്തിയാലും അത് വിജയിപ്പിക്കാൻ കഴിവുള്ള ആളാണ് അദ്ദേഹം, ഇനിയും അത് തുടരട്ടെ.












Click it and Unblock the Notifications