പിണറായി വിജയന്‍ സര്‍ക്കാറിന് തുടര്‍ഭരണമെന്ന് സൂചിപ്പിച്ച് ബിജെപി നേതാവ്; കോണ്‍ഗ്രസ് ഇല്ലാതാവും
കൊച്ചി: 2026 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രധാന പോരാട്ടം എല്‍ഡിഎഫും എന്‍ഡിഎയു തമ്മില്‍ ആവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ബിജെപി സ്വീകരിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാവുകയും കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്താല്‍ കോണ്‍ഗ്രസില്‍ നിന്നും ചില ഘടകക്ഷികളില്‍ നിന്നും ബിജെപിയിലേക്ക് വന്‍തോതില്‍ ഒഴുക്കുണ്ടാവുമെന്നുമാണ് കണക്ക് കൂട്ടല്‍. ബിജെപിയുടെ ഈ നീക്കം യുഡിഎഫ് നേതൃത്വം വലിയ രാഷ്ട്രീയ പ്രചരണ വിഷയം ആക്കുന്നതിനിടയിലാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാറിന് ഭരണത്തുടര്‍ച്ച ഉണ്ടാവുമെന്ന് പരസ്യമായി സൂചിപ്പിച്ച് ഒരു ബിജെപി നേതാവും രംഗത്ത് എത്തിയത്.

പിണറായിക്ക് ഭരണത്തുടര്‍ച്ച
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന സൂചനയാണ് ബിജെപി നേതാവായ നാരായണന്‍ നമ്പൂതിരി നല്‍കുന്നത് . കേരളത്തില്‍ ഇടതുപക്ഷത്തിനും സിപിഎമ്മിനും ബദലായി ബിജെപിയാവും പ്രതിപക്ഷത്ത് എത്തുക. ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റേഴ്സ് അവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാരായണന്‍ നമ്പൂതിരി പറയുന്നു
കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ ഇല്ലാതായി കൊണ്ടിരിക്കു്നനത് വികസന വിരോധം കൊണ്ടാണ്. അതുകൊണ്ട് ഗ്രൂപ്പ് കളിച്ച് സ്ഥാനാര്‍ഥികളെ തീരുമാനിക്കരുതെന്ന് ഘടകക്ഷിയായ മുസ്ലിം ലീഗിന് കോണ്‍ഗ്രസിനോട് പറയേണ്ടി വന്നത്. സ്ഥാനാര്‍ഥിയാരെന്ന് മുന്നണിയിലെ മറ്റൊരു ഘടകകക്ഷി പറയുന്നത് വരെയെത്തി ഇപ്പോള്‍ കോണ്‍ഗ്രസിലെ കാര്യങ്ങളെന്നും അദ്ദേഹം ആരോപിക്കുന്നു.

കോണ്‍ഗ്രസ് സ്വമേധയാ ഇല്ലാതാകും
ഈ നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ കോണ്‍ഗ്രസ് സ്വമേധയാ ഇല്ലാതാകും. കേരളത്തില്‍ സിപിഎമ്മിന് ബദലായി ബിജെപി ഉയര്‍ന്ന് വരും. സിപിഎമ്മിനെ എതിര്‍ക്കാനുള്ള ശേഷി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. കേരളത്തില്‍ കോണ്‍ഗ്രസ് അനുദിനം ഇല്ലാതായി കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഇല്ലാതാവാന്‍ മറ്റാരും പരിശ്രമിക്കേണ്ട ആവശ്യമില്ല. അവര്‍ അതിന്‍റെ വക്കില്‍ എത്തി നില്‍ക്കുകയായാണെന്നും നാരായണന്‍ നമ്പൂതിരി പറഞ്ഞു.

ത്രിപുരയില്‍ ഭരണം പിടിച്ചത്
അതേസമയം, പിണറായി വിജയന്‍ സര്‍ക്കാറിന് അധികാരത്തുടര്‍ച്ചയുണ്ടാകുമെന്നാണോ നിങ്ങള്‍ തുറന്ന് സമ്മതിക്കുന്നതെന്ന അവതാരകന്‍ നികേഷ് കുമാറിന്‍റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. ഒരു സീറ്റുപോലും ഇല്ലാത്ത ത്രിപുരയില്‍ ബിജെപി അധികാരത്തില്‍ എത്തി. അതുപോലെ എന്തുകൊണ്ടും കേരത്തിലും ബിജെപി അധികാരത്തില്‍ എത്തിക്കൂടാ എന്ന മറുചോദ്യമായിരുന്നു അദ്ദേഹം തിരിച്ച് ചോദിച്ചത്.

ഉത്തരമില്ലാതെ നരായണന്‍ നമ്പൂതിരി
കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും തങ്ങളുടെ ശത്രുപക്ഷത്ത് ഒരു പോലെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് നോക്കാതെ സ്ഥാനാര്‍ത്ഥിയെ ഇറക്കണമെന്ന മുസ്ലിം ലീഗിലെ ഏത് നേതാവാണ് കോണ്‍ഗ്രസിനോട് പറഞ്ഞതെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കാന്‍ നരായണന്‍ നമ്പൂതിരിക്ക് സാധിച്ചില്ല.

വാക്കുകളുടെ അന്തരാര്‍ത്ഥം
മാധ്യമവാര്‍ത്തകളിലൂടെയാണ് ഇക്കാര്യം എന്നായിരുന്നു കൂടുതല്‍ വ്യക്തതക്ക് വേണ്ടി ചോദിച്ചപ്പോഴുള്ള അദ്ദേഹത്തിന്‍റെ മറുപടി. തുടര്‍ന്ന് പ്രതിപക്ഷ ഉപനേതാവായ എംകെ മുനീര്‍ ആണ് ഇത്തരമൊരു നിര്‍ദേശം കോണ്‍ഗ്രസിന് മുന്നില്‍ വെച്ചതെന്നായി നാരായണന്‍ നമ്പൂതിരി. എംകെ മുനീറിന്‍റേയും കുഞ്ഞാലിക്കുട്ടിയുടേയും വാക്കുകളുടെ അന്തരാര്‍ത്ഥം അത് തന്നെയാണെന്നും നരായണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കുക
അതേസമയം, 140 നിയോജകമണ്ഡലങ്ങളിൽ നടക്കുന്ന പഠനശിബിരങ്ങളിലാണ് കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ച് പതിയേ കേരളത്തില്‍ പ്രതിപക്ഷത്ത് എത്തുക എന്ന നിര്‍ദേശം ബിജെപി മുന്നോട്ട് വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ക്ഷീണിച്ചതാണ് കർണാടക, ത്രിപുര, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിക്ക് നേട്ടമായത്. ഇതേ തന്ത്രം കേരളത്തിലും ബിജെപി നടപ്പാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.

ലക്ഷ്യം 2026
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് 31 ലക്ഷം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞെന്നാണ് പാര്‍ട്ടി കണക്കുകള്‍ പറയുന്നത്. എല്‍ഡിഎഫിനും യുഡിഎഫിനും 50 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയില്‍ വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് ക്ഷീണിച്ചാല്‍ ബിജെപിക്ക് 2026 ഓടെ 50 ലക്ഷം വോട്ടിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

തില്ലങ്കേരി മോഡലോ
കേരളത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയെന്ന ബിജെപി നീക്കത്തിന്‍റെ ആദ്യ പരീക്ഷണം കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നടന്നെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സിപിഎം ഏഴായിരത്തിന് അടുത്ത ഭൂരിപക്ഷത്തിന് വിജയിച്ച ഡിവിഷനില്‍ വന്‍തോതില്‍ വോട്ടുകള്‍ ബിജെപി കോണ്‍ഗ്രസിന് മറിച്ചെന്നാണ് ആരോപണം.

കുറഞ്ഞ വോട്ട് എവിടെ
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂവായിരത്തിലേറെ വോട്ടുകള്‍ ലഭിച്ച സ്ഥാനത്ത് ബിജെപിക്ക് ഇത്തവണ ലഭിച്ചത് 1300 വോട്ടുകള്‍ മാത്രമാണ്. യുഡിഎഫിന്‍റെ പരാജയം ഉറപ്പ് വരുത്താന്‍ രണ്ടായിരം വോട്ടുകള്‍ ബിജെപി സിപിഎമ്മിന് മറിച്ചെന്നാണ് യുഡിഎഫിന്‍റെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒട്ടാകെ ഈ രീതി പരീക്ഷിക്കപ്പെടുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു.
Recommended Video

സിപിഎം മറുപടി
എന്നാല്‍ 'തില്ലങ്കേരി മോഡല്‍' എന്ന ആരോപണത്തെ സിപിഎം പൂര്‍ണ്ണമായും തള്ളുകയാണ്. ബിജെപിക്ക് രണ്ടായിരം വോട്ടുകള്‍ കുറഞ്ഞതില്‍ സിപിഎമ്മിന് നേരെ ആരോപണം ഉന്നയിക്കുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് യുഡിഎഫിന് നാലായിരിത്തിലേറെ വോട്ടുകള്‍ കുറഞ്ഞതിനെ കുറിച്ച് മിണ്ടുന്നില്ലെന്നാണ് സിപിഎമ്മിന്‍റെ ചോദ്യം. മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതും കേരള കോണ്‍ഗ്രസ് എം മുന്നണി മാറി എത്തിയതുമാണ് തങ്ങളുടെ വോട്ടുകള്‍ ഉയര്‍ത്തിയതെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.












Click it and Unblock the Notifications