നിയമസഭാ സീറ്റ് മോഹം മറന്നേക്കൂ; ദില്ലി മടുത്ത കേരള എംപിമാർക്ക് തിരിച്ചടി, ഹൈക്കമാൻഡ് തീരുമാനം ഇങ്ങനെ
ദില്ലി: പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നിട്ട് ആഴ്ചകളായി. കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യം കേരള രാഷ്ട്രീയത്തില്‍ വേണമെന്ന മുസ്ലീം ലീഗ് വിലയിരുത്തകിയതിന് പിന്നാലെയായിരുന്നു പാര്‍ട്ടി ഈ തീരുമാനം സ്വീകരിച്ചത്. മുസ്ലീം ലീഗിന്റെ ഈ തീരുമാനത്തോട് ചില കോണ്‍ഗ്രസ് നേതാക്കളും യോജിച്ചിരുന്നു.
എല്‍ഡിഎഫിനെതിരായി മുന്നേറ്റം നടത്താന്‍ കുഞ്ഞാലിക്കുട്ടിയുടെ സാന്നിദ്ധ്യം ആവശ്യമാണെന്നാണ് വിലയിരുത്തല്‍. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ ചില കോണ്‍ഗ്രസ് നേതാക്കളും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നേതാക്കളുടെ ആഗ്രഹത്തിന് വിലങ്ങ് വച്ചിരിക്കുകയാണ് ഹൈക്കമാന്‍ഡ്.

കുഞ്ഞാലിക്കുട്ടിയുടെ വരവ്
കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരികയാണെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി പുറത്തുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചയോടെയാണ് ലീഗ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി അറിയിച്ചത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രഖ്യാപനം നടത്തിയാല്‍ തിരിച്ചടിയാവുമെന്ന് കരുതിയാണ് ലീഗ് ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചത്.

യുഡിഎഫ് മുന്നേറ്റം
കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിനവരവ് യുഡിഎഫിന് മുന്നേറ്റമുണ്ടാക്കുമെന്നാണ് നേതാക്കള്‍ കരുതുന്നത്. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ചെലവ്, മുഖ്യമന്ത്രി മോഹം എന്നിങ്ങനെയുള്ള അനാവശ്യ വിവാദം ഉയര്‍ത്തുന്നതെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്.

കോണ്‍ഗ്രസ് എംപിമാരിലും നിയമസഭ മോഹം
ഇതിനിടെ, കോണ്‍ഗ്രസിലെ ചില എംപിമാരിലും കേരള രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന ആഗ്രഹമുണ്ട്. കണ്ണൂര്‍ എംപി കെ സുധാകരന്‍, കാസര്‍കോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍, വടകര എംപി കെ മുരളീധരന്‍, ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് എന്നിവര്‍ക്കാണ് കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ താല്‍പ്പര്യം.

പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏറ്റ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ കെ മുരളീധരന്‍, കെ സുധാകരന്‍ എന്നീ നേതാക്കളുടെ സാന്നിദ്ധ്യം കേരള രാഷ്ട്രീയത്തില്‍ വേണമെന്ന ആവശ്യം പ്രവര്‍ത്തകരും ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഇരുവരെയും തിരിച്ച് വിളിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.

നേതൃത്വത്തിന് യോജിപ്പില്ല
എന്നാല്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജിവച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനോട് കോണ്‍ഗ്രസ് നേതൃത്വത്തിന് യോജിപ്പില്ല. കോണ്‍ഗ്രസ് വിരുദ്ധ വികാരത്തിന് ഇത് കാരണമായേക്കുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇടതുപക്ഷം അധിക ചെലവ് ചൂണ്ടിക്കാട്ടി പ്രചാരണം നടത്തും. മാത്രമല്ല, ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് സാന്നിധ്യം ലോക്സഭയില്‍ കുറയുകയും ചെയ്യുമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്.

ഹൈക്കമാന്‍ഡ് പറയുന്നത്
അതേസമയം, ഈ വിഷയത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. എംപിമാര്‍ രാജിവച്ച് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട ആവശ്യമില്ലെന്നാണ് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുന്നത്.

ജയസാധ്യത
കൂടാതെ ജയസാധ്യത കണക്കിലെടുത്ത് ഏതാനും ചില എംപിമാരെ മത്സരിപ്പിക്കണമെന്ന ആവശ്യം നിലവില്‍ പരിഗണനയില്‍ ഇല്ല. കെപിസിസിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല എന്നാണ് നേതൃത്വം പറയുന്നത്.

52 സീറ്റ് മാത്രം
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 52 സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ഈ സാഹചര്യത്തില്‍ എംപിമാരെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അയയ്ക്കാനാവാത്ത സ്ഥിതിയാണുള്ളതെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ അറിയിച്ചത്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളാണ് ബംഗാള്‍, അസം, തമിഴ്‌നാട്, പുതുച്ചേരി. ഇവിടെയും കോണ്‍ഗ്രസ് സാമാനമായ നിലപാട് സ്വീകരിക്കുമെന്നാണ് സൂചന.

സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാല്‍
എന്നാല്‍ ഏതെങ്കിലും മണ്ഡലത്തില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താവാത്ത സാഹചര്യം ഉണ്ടായാല്‍ സംസ്ഥാന നേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടാല്‍ എംപിമാരെ മത്സരിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഹൈക്കമാന്‍ഡ് പറയുന്നു. അങ്ങനെ ഒരു സാഹചര്യം ഒഴിവാക്കണമെന്നും സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കും.

രാഹുല്‍ ഗാന്ധിയും
അതേസമയം, ഒരാള്‍ക്ക് ഏതെങ്കിലും സാഹചര്യത്തില്‍ ഇളവ് നല്‍കിയാല്‍ മത്സരിക്കണമെന്ന ആവശ്യവുമായി മറ്റ് ചിലരും രംഗത്തെത്തുമെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വെളയില്‍ രാഹുല്‍ ഗാന്ധിയും ഇക്കാര്യം വ്ക്തമാക്കും.
Recommended Video

വിജയസാധ്യത
തങ്ങളുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഒരോ നിയമസഭ മണ്ഡലത്തിലെയും രണ്ട് പേരുകള്‍ വീതം നല്‍കാന്‍ എംപിമാരോട് ആവശ്യപ്പെടും. ഗ്രൂപ്പ് താല്‍പര്യങ്ങല്‍ മറച്ച് വച്ച് വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ പരിഗണിക്കണമെന്നാണ് നേതൃത്വം ആവശ്യപ്പെടുന്നത്. എംപിമാര്‍ നല്‍കുന്ന പേരുകളും ഹൈക്കമാന്‍ഡ് പരിശോധിക്കും.












Click it and Unblock the Notifications