ചെന്നിത്തലയുടെ തന്ത്രമേറ്റു, ഒരു സര്‍വ്വേയും പ്രവചിക്കാത്ത ഫലം, കെപിസിസി അന്വേഷണത്തിലെ കണ്ടെത്തല്‍
തിരുവനന്തപുരം: പ്രതിപക്ഷ നിരയില്‍ തിരഞ്ഞെടുപ്പ് കാലത്ത് തിളങ്ങി നിന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ ആണെന്നതില്‍ തര്‍ക്കമില്ല. ഒന്നിന് പിറകേ ഒന്നായി ആരോപണ ശരങ്ങള്‍ തൊടുത്ത് ചെന്നിത്തല സര്‍ക്കാരിനെ പലവട്ടം പ്രതിരോധത്തിലാക്കി.
ഏറ്റവും ഒടുവില്‍ കള്ളവോട്ടുകളുടെ കാര്യത്തിലും രമേശ് ചെന്നിത്തല നടത്തിയ ഇടപെടല്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ കാര്യമായി തന്നെ സഹായിച്ചിട്ടുണ്ട്. കെപിസിസി അന്വേഷണ സംഘമാണ് യുഡിഎഫ് വിജയം ഉറപ്പാണെന്ന് കണ്ടെത്തിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

ചെന്നിത്തലയുടെ ആരോപണങ്ങൾ
സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ പലവിധ ആരോപണങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല. വികസന നേട്ടങ്ങള്‍ ഉയര്‍ത്തി പ്രചാരണ രംഗത്ത് മുന്നേറിയ ഇടത് മുന്നണിയേയും സര്‍ക്കാരിനേയും സംശയ മുനയില്‍ നിര്‍ത്താന്‍ ചെന്നിത്തലയ്ക്ക് സാധിച്ചത് നേട്ടമായി യുഡിഎഫ് വിലയിരുത്തുന്നു. പ്രചാരണത്തിന്റെ അവസാന നാളുകളില്‍ ആണ് ഇരട്ട വോട്ട് വിഷയം ചെന്നിത്തല ശക്തമായി ഉന്നയിച്ചത്.

തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണം
അതിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് അടക്കം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയതിന്റെ പേരില്‍ ചെന്നിത്തല സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന ഈ വ്യാപക പ്രചാരണം കള്ളവോട്ടുകള്‍ കുറയുന്നതിന് കാരണമായെന്നും അത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഗുണമുണ്ടാക്കിയിട്ടുണ്ടെന്നുമാണ് കെപിസിസി അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.

വോട്ടുകളുടെ താരതമ്യം
വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകളുടെ കണക്ക് തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ഇത്തവണ കാര്യമായി കള്ളവോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടില്ല എന്നതിന് തെളിവായി കെപിസിസി അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നത് മുന്‍ തിരഞ്ഞെടുപ്പുകളില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണമാണ്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1.60 കോടി വോട്ടുകള്‍ ആണ് പോള്‍ ചെയ്യപ്പെട്ടത്.

വോട്ടുകളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ 13 ലക്ഷം വോട്ടുകള്‍ ആണ് വര്‍ധിച്ചത്. 1.73 കോടി വോട്ടുകള്‍ ആ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടു. 2014ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു. 1.79 കോടി പേര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എത്തിയപ്പോള്‍ വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ 21 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായത്.

2.07 കോടി വോട്ടര്‍മാർ
2.01 കോടി ആളുകള്‍ ആണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. അതിന് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 2.03 കോടി ആളുകളും വോട്ടവകാശം വിനിയോഗിച്ചു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തോളം വരുന്ന തപാല്‍ വോട്ടുകള്‍ കൂടി കൂട്ടിയാല്‍ 2.07 കോടി വോട്ടര്‍മാരാണ് ബൂത്തുകളിലെത്തി വോട്ട് ചെയ്തത് എന്നാണ് കണക്കുകള്‍.

വോട്ട് വര്‍ധനയുടെ തോത് കുറഞ്ഞു
2019 വരെയുളള നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടുകളുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധനവുളളത് കള്ളവോട്ടുകള്‍ കാരണമാണ് എന്നാണ് കെപിസിസി അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നത്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരെയുളള വോട്ട് വര്‍ധനയുടെ തോത് 2019ല്‍ നിന്നും 2021ലെ തിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ കുറഞ്ഞതായി കാണാമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

പുതുതായി ചേര്‍ക്കപ്പെട്ട വോട്ടുകൾ
ഇത് കള്ളവോട്ടുകള്‍ കുറഞ്ഞത് കാരണമാണ് എന്നാണ് കെപിസിസി അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. 2021ലെ വോട്ട് വര്‍ധന പുതുതായി ചേര്‍ക്കപ്പെട്ട വോട്ടുകളുടേതാണെന്നും കള്ളവോട്ടുകള്‍ കാര്യമായി നടന്നിട്ടില്ല എന്നുമുളള നിഗമനത്തിലാണ് കോണ്‍ഗ്രസ്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആകെ 2.62 കോടി വോട്ടര്‍മാര്‍ ആയിരുന്നു ഉണ്ടായിരുന്നത്.

ചെന്നിത്തലയുടെ പ്രചാരണം
2021ലെ തിരഞ്ഞെടുപ്പ് എത്തിയപ്പോള്‍ സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 2.74 കോടി ആയി ഉയര്‍ന്നു. എന്നാല്‍ 2.7 കോടിയോളം വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്യപ്പെട്ടത്. ഇതാണ് കള്ളവോട്ട് കുറഞ്ഞെന്നുളള കെപിസിസി അന്വേഷണ സംഘത്തിന്റെ വാദത്തിന് അടിസ്ഥാനം എന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണമാണ് ഇതിന് സഹായിച്ചത് എന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.

ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന്
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതിന് സമാനമായി ഈ നിയമസഭാ തിരഞ്ഞെടുപ്പിലും ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിനെ പിന്തുണയ്ക്കും എന്നും അന്വേഷണ സംഘം പറയുന്നു. അടിത്തട്ടിലെ പരിശോധനയില്‍ നിന്നും തങ്ങള്‍ക്ക് വ്യക്തമാകുന്ന കാര്യം അതാണെന്നും അത് ഒരു സര്‍വ്വേയിലും പ്രതിഫലിക്കാത്ത കണക്കാണെന്നും ഇടത് മുന്നണിക്ക് വന്‍ തിരിച്ചടി ലഭിക്കുമെന്നും കെപിസിസി അന്വേഷണ സംഘത്തിലെ അംഗം പറഞ്ഞതായാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications