കൽപ്പറ്റയിൽ എം.വി ശ്രേയംസ്കുമാർ; എൽജെഡി സാധ്യത പട്ടികയായി
കൂത്തുപറമ്പും വടകരയുമാണ് എൽജെഡി മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങൾ
കൽപ്പറ്റ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ഭാഗമായി മത്സരിക്കുന്ന എൽജെഡി സാധ്യത സ്ഥാനാർഥി പട്ടികയായി. മൂന്ന് മണ്ഡലങ്ങളിലാണ് എൽജെഡി ജനവിധി തേടുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ എം.വി ശ്രേയംസ് കുമാറിനെയാണ് കൽപ്പറ്റ മണ്ഡലത്തിൽ പരിഗണിക്കുന്നത്. ശ്രേയംസ് തന്നെ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വയനാട് ജില്ലാ നേതൃത്വം.

കൂത്തുപറമ്പും വടകരയുമാണ് എൽജെഡി മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങൾ. കൂത്തുപറമ്പിൽ മുന്‍മന്ത്രി കെ.പി മോഹനന്‍, പി.കെ പ്രവീണ്‍ എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയിലുള്ളത്. വടകരയിൽ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, ഏറാമല മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ എന്നിവർക്കും സാധ്യത കൽപ്പിക്കപ്പെടുന്നു.
ബുധനാഴ്ച ചേരുന്ന എൽജെഡി സംസ്ഥാന നേതൃയോഗത്തിന് ശേഷം മാത്രമേ അന്തിമ പട്ടികയിൽ തീരുമാനമാകുകയുള്ളു. ഇത് പാർലമെന്ററി ബോർഡ് അംഗീകരിക്കുകയും ചെയ്യുന്നതോടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ സജീവമാകാനാണ് പാർട്ടി തീരുമാനം. ആവശ്യപ്പെട്ട അത്രയും സീറ്റ് ലഭിച്ചില്ലെങ്കിലും ഇടതു മുന്നണിക്കൊപ്പം ചേർന്ന് കൂട്ടുത്തരവാദിത്വത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ശ്രേയംസ് കുമാർ പറഞ്ഞു.
നിലവിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭ അംഗമാണ് എംവി ശ്രേയംസ് കുമാർ. 2020ലാണ് പിതാവും എൽജെഡി നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ഇടതു പക്ഷ സ്ഥാനാർഥിയായി മത്സരിച്ച അദ്ദേഹം പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ രാജ്യസഭാംഗത്വം ഒഴിയേണ്ടി വരും.
2018ലാണ് എംപി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാ ദൾ യുണൈറ്റഡ് ലോകതന്ത്രിക് ജനതാ ദളിൽ ലയിക്കുന്നത്. 2016ൽ ജനതാ ദൾ യുണൈറ്റഡ് യുഡിഎഫിന്റെ ഭാഗമായിരുന്നു. ഏഴ് സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒന്നിൽ പോലും ജയിക്കാനായിരുന്നില്ല.
നേരത്തെ സീറ്റുകൾ കുറഞ്ഞതിൽ മുന്നണിക്കെതിരെ എൽജെഡി പരസ്യമായി രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫില്‍ ഏഴു സീറ്റ് ചോദിച്ച തങ്ങൾക്ക് മൂന്നു സീറ്റു മാത്രം നൽകിയത് നീതികേടാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ്. എൽ ഡി എഫിലേക്ക് വന്നപ്പോൾ ലോക്സഭാ സീറ്റും നിയമസഭാ സീറ്റുകളും അടക്കം മികച്ച പരിഗണന നൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. ഇത് പാലിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ഷെയ്ഖ് പി ഹാരിസ് ആലപ്പുഴയിൽ പറഞ്ഞു.












Click it and Unblock the Notifications