കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പൊട്ടിത്തെറി; വിക്ടർ തോമസ് ബിജെപിയിലേക്ക്?തിരുവല്ലയിൽ എൻഡിഎ സ്ഥാനാർത്ഥി?
തിരുവനന്തപുരം; കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഇന്നാണ് പ്രഖ്യാപിച്ചത്. 10 സീറ്റുകളിലാണ് ഇക്കുറി ജോസഫ് വിഭാഗം മത്സരിക്കുന്നത്. ഇതിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്.എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറികൾ ഉടലെടുത്തിരിക്കുകയാണ്. സീറ്റ് മോഹിച്ച് ജോസഫ് ഗ്രൂപ്പിൽ ചേക്കേറിയ മുതിർന്ന നേതാക്കളിൽ പലർക്കും സീറ്റ് ലഭിക്കാതിരുന്നതാണ് പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുന്നത്. ഇതിൽ ചിലരാകട്ടെ പാർട്ടി വിട്ടേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാണ്. പുതിയ വിവരങ്ങളിലേക്ക്

സീറ്റ് ലഭിച്ചില്ല
ജോസ് പക്ഷത്ത് നിന്ന പോയ ജോസഫ് എം പുതുശേരി, വിക്ടർ ടി തോമസ്, അന്തരിച്ച മുൻ എംഎൽഎ സി എഫ് തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസിസ്, അഡ്വ. മൈക്കിൾ ജയിംസ്, സജി മഞ്ഞക്കടമ്പൻ, വർഗീസ് മാമൻ എന്നിവരെ കൂടാതെ ജേക്കബ് വിഭാഗത്തിൽനിന്നെത്തിയ ജോണി നെല്ലൂർ എന്നിവർക്കാണ് സീറ്റ് നിഷേധിക്കപ്പെട്ടത്.

മാണി ഗ്രൂപ്പുകാർക്ക്
നിലവിൽ ജോസഫിന്റെ കൂടെയുള്ള പഴയ മാണി ഗ്രൂപ്പുകാർക്ക് പാർട്ടിയിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന ആക്ഷേപങ്ങൾ ശക്തമാണ്. ഇതിനിടയിലാണ് പലർക്കും സീറ്റ് നിഷേധിക്കപ്പെട്ടത്. സീറ്റ് കിട്ടാത്തത് ദൗര്‍ഭാഗ്യകരമെന്ന് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍ പ്രതികരിച്ചു. നേരത്തേ പൂഞ്ഞാറിൽ മത്സരിക്കാനുള്ള നീക്കത്തിലായിരുന്നു മഞ്ഞക്കടമ്പൻ.

പൂഞ്ഞാർ ലഭിച്ചില്ല
എന്നാൽ സീറ്റ് വിഭജനത്തിൽ കേരള കോൺഗ്രസിന് പൂഞ്ഞാർ ലഭിച്ചില്ല. ഇതോടെ ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയായേക്കും എന്നായിരുന്നു ചർച്ചകൾ. ഇതിനിടയൽ തൃക്കരിപ്പൂരിലേക്കും പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം പട്ടികയിൽ നിന്ന് പുറത്താവുകയായിരുന്നു. അതേസമയം പ്രതിഷേധത്തിന് ഇല്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോതമംഗലത്ത്
ജേക്കബ് വിഭാഗത്തിൽ നിന്നെത്തിയ ജോണി നെല്ലൂരിന് സീറ്റ് ലഭിക്കുമെന്ന് കരുതിയെങ്കിലും തഴയപ്പെട്ടു. കോതമംഗലത്ത് അദ്ദേഹത്തിന് സീറ്റ് ലഭിച്ചേക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.ചങ്ങനാശേരിയിൽ മത്സരിക്കരിക്കാൻ സി എഫ് തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസിസ് ചരടുവലികൾ നടത്തിയിരുന്നെങ്കിലും ഒഴിവാക്കപ്പെടുകയായിരുന്ന.

തിരുവല്ലയിൽ
അതിനിടെ തിരുവല്ല സീറ്റ് നഷ്ടപ്പെട്ടതോടെ യുഡിഎഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റുമായ വിക്ടർ ടി തോമസ് നേതൃത്വത്തിനെതിരെ രംഗത്തെത്തി.ജോസഫ് എം പുതുശേരിയും വിക്ടർ തോമസും കണ്മുവെച്ച സീറ്റായിരുന്നു തിരുവല്ല. ഇരുവരും നേരത്തെ തിരുവല്ലയില്‍ മത്സരിച്ച് തോറ്റവരാണ്.

വാഗ്ദാനം ചെയ്തിരുന്നു
കഴിഞ്ഞ തവണ പുതുശേരിക്ക് സീറ്റ് നൽകിയപ്പോൾ 2021 ൽ തനിക്ക് സീറ്റ് നൽകുമെന്ന് മാണി സാർ തനിക്ക് വാഗ്ദാനം നൽകിയിരുന്നതാണെന്നും ഇപ്പോൾ തന്നോട് നീതികേടാണ് കാണിച്ചതെന്നും വിക്ടർ തോമസ് പറഞ്ഞു. അണികളുടെ വികാരം പരിഗണിക്കാതെയാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്നും യാതൊരു കൂടിയാലോചനകളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപിയിലേക്ക്
ഇന്നലെ പാർട്ടി അംഗങ്ങൾ ആയവർക്കാണ് സീറ്റ് നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മല്ലപ്പള്ളി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും പാര്‍ട്ടി ഉന്നതാധികാരസമിതിയംഗവുമായ കുഞ്ഞുകോശി പോളിനെയാണ് തിരുവല്ലയിൽ സ്ഥാനാർത്ഥിയാക്കി ഇരിക്കുന്നത്.
അതേസമയം സീറ്റ് നിഷേധിച്ചതോടെ വിക്ടർ ബിജെപിയിലേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്.

സ്ഥാനാർത്ഥിയാകുമോ?
ആറന്മുളയിലോ തിരുവല്ലയിലോ എൻഡിഎ സ്ഥാനാർത്ഥി ആയേക്കുമെന്നുള്ള പ്രചരണങ്ങളും ഉണ്ട്. ഇത് സംബന്ധിച്ച് മാധ്യമങ്ങൾ ചോദ്യം ഉയർത്തിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. പിജെ ജോസഫുമായി തുടർ ചർച്ചകൾ നടത്തിയ ശേഷം നിലപാട് അറിയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications