ജയിച്ചിട്ടും ഉമ്മന്‍ ചാണ്ടി തോറ്റതിന് തുല്യം ; ആദ്യ വിജയത്തിന് ശേഷം ആദ്യം ഈ 'തകര്‍ന്ന' ഭൂരിപക്ഷം...
കോട്ടയം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി പഞ്ചായത്തില്‍ വിജയം നേടിയത് എല്‍ഡിഎഫ് ആയിരുന്നു. കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായിട്ടായിരുന്നു അത്. ഉമ്മന്‍ ചാണ്ടിയെ കഴിഞ്ഞ അരനൂറ്റാണ്ടായി വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലും അന്ന് ലീഡ് നേടിയത് എല്‍ഡിഎഫ് ആയിരുന്നു.
പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടി പ്രഭാവം അവസാനിക്കുന്നതിന്റെ സൂചനയായി പലരും ഇതിനെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ പോരാട്ടം കനക്കും തോറും ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുന്നതാണ് ഉമ്മന്‍ ചാണ്ടി സ്റ്റൈല്‍ എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരിഹാസം. ഇത്തവണ, പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി ജയിച്ചെങ്കിലും, അത് ജെയ്ക്ക് സി തോമസിന് മുന്നില്‍ തോറ്റതിന് തുല്യമാണെന്നാണ് വിലയിരുത്തല്‍. ഉമ്മന്‍ ചാണ്ടിയ്ക്ക് എന്ത് സംഭവിച്ചു? പരിശോധിക്കാം...
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ആദ്യ തിരഞ്ഞെടുപ്പ്
1970 ല്‍ ആണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ ആദ്യമായി മത്സരിക്കുന്നത്. സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ ആയിരുന്ന ഇഎം ജോര്‍ജ്ജ് ആയിരുന്നു അന്ന് എതിര്‍ സ്ഥാനാര്‍ത്ഥി. 7,288 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് ഉമ്മന്‍ ചാണ്ടി വിജയിച്ചത്. ഈ അമ്പത് വര്‍ഷത്തെ ചരിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആയിരുന്നു അത്.

കുതിച്ചുയര്‍ന്ന ഭൂരിപക്ഷം
പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ 2006 വരെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം ഇരുപതിനായിരത്തിന് മുകളില്‍ പോയിട്ടില്ല. 2006 ല്‍ സിന്ധു ജോയ് എതിരാളിയായി എത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 19,863. എന്നാല്‍ 2011 ല്‍ സുജ സൂസന്‍ ജോര്‍ജ്ജ് എതിരാളി ആയി എത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി തന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 ല്‍ എത്തി.

കഴിഞ്ഞ തവണ
2016 ല്‍ എസ്എഫ്‌ഐ നേതാവായ ജെയ്ക്ക് സി തോമസ് ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. മണ്ഡലത്തില്‍ വലിയ ഓളം സൃഷ്ടിക്കാന്‍ ജെയ്ക്കിന് കഴിഞ്ഞെങ്കിലും, ഇടത് തരംഗത്തില്‍ പോലും ഉമ്മന്‍ ചാണ്ടി 27,092 വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കി.

കരുത്തനായി ജെയ്ക്ക്
2021 ല്‍ എത്തിയപ്പോഴും എസ്എഫ്‌ഐക്കാരനില്‍ നിന്ന് ഡിവൈഎഫ്‌ഐക്കാരനായി വളര്‍ന്ന ജെയ്ക്ക സി തോമസ് തന്നെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയെ കുലുക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ജെയ്ക്ക് തന്നെ. ഒടുവില്‍ ഉമ്മന്‍ ചാണ്ടിയെ ശരിക്കും വിറപ്പിച്ചാണ് ജെയ്ക്ക് ഇത്തവണ കീഴടങ്ങിയത്.

1970 ന് ശേഷം ആദ്യം
നേരത്തെ സൂചിപ്പിച്ചതുപോലെ 1970 ലെ തന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം- 7,288. അതിന് ശേഷം കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ ഉമ്മന്‍ ചാണ്ടിയ്ക്ക് കിട്ടിയ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണത്തേത്- 8504 .

ഉമ്മന്‍ ചാണ്ടി ഇഫക്ട്
കോട്ടയത്ത് എന്നും ഉമ്മന്‍ ചാണ്ടി ഇഫക്ട് ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ്സുകാരും യുഡിഎഫുകാരും അടക്കം പറയാറുള്ളത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെ ആ വിശ്വാസം അപ്പാടെ തകര്‍ന്നിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് കോണ്‍ഗ്രസും യുഡിഎഫും അപ്പാടെ തകര്‍ന്നിരുന്നു. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥിതി അങ്ങനെ തന്നെ.

യാക്കോബായ സഭ കൈവിട്ടു
യാക്കോബായ സഭയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇത്തവണ ഇത്രയും ശുഷ്‌കമായ വിജയത്തില്‍ ഉമ്മന്‍ ചാണ്ടിയെ എത്തിച്ചത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ജെയ്ക്ക് സി തോമസിനാണെങ്കില്‍ സഭയുടെ സമ്പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു. ഈ വിഷയം വരുംകാലങ്ങളിലും കോണ്‍ഗ്രസിന് കോട്ടയത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

കുറഞ്ഞ ഭൂരിപക്ഷം
രമേശ് ചെന്നിത്തലയില്‍ വിശ്വാസമര്‍പ്പിക്കാതെ ആയിരുന്നു ഹൈക്കമാന്‍ഡ് ഇത്തവണ ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ ഏല്‍പിച്ചത്. ഉമ്മന്‍ ചാണ്ടി മുന്നില്‍ നിന്ന് നയിച്ചാല്‍ എല്ലാ വിഭാഗങ്ങളേയും കൂടെ നിര്‍ത്താനാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ചെന്നിത്തലയുടെ ഭൂരിപക്ഷം 13,666 വോട്ടുകളാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ ഭൂരിപക്ഷമാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ചെന്നിത്തലയുടെ ഭൂരിപക്ഷത്തിലും വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്.

സ്വാധീനം കുറയും
ഇടതുതരംഗത്തില്‍ ഉമ്മന്‍ ചാണ്ടിയും ആടിയുലഞ്ഞു എന്ന് വെറുതേ പറഞ്ഞുപോകാന്‍ പറ്റുന്ന ഒരു സാഹചര്യമല്ല ഇപ്പോഴുള്ളത്. വന്‍ പ്രതീക്ഷയോടെ ഏല്‍പിക്കപ്പെട്ട നായകസ്ഥാനത്ത് ഉമ്മന്‍ ചാണ്ടി പരാജയപ്പെട്ടു എന്നതാണ് വാസ്തവം. തുടര്‍ ദിനങ്ങളില്‍ പാര്‍ട്ടിയ്ക്കുള്ളിലെ ഉമ്മന്‍ ചാണ്ടിയുടെ സ്വാധീനത്തേയും ഈ നിറംകെട്ട വിജയം ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
Recommended Video













Click it and Unblock the Notifications