ശോഭ തിരിച്ചെത്തുന്നു, ശക്തി പ്രാപിച്ച് കൃഷ്ണദാസ് പക്ഷം; മുരളി-സുരേന്ദ്രന്‍ കോംബോ പുറത്തേക്കോ?
തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ എത്തിയതോടെ കേരള ബിജെപിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നു. ഒരു പതിറ്റാണ്ടിലേറെയായി സംസ്ഥാന നേതൃത്വത്തില്‍ സര്‍വാധിപത്യം പുലര്‍ത്തിയ മുരളീധരപക്ഷത്തിന് ഇത്തവണ കാര്യങ്ങള്‍ അത്ര പന്തിയല്ല. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് വി മുരളീധരന്റെ വലംകൈയായ കെ സുരേന്ദ്രനെ മാറ്റിയാണ് രാജീവ് ചന്ദ്രശേഖരനെ നിയമിച്ചത്.
വി മുരളീധരന് കേന്ദ്രസഹമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയും നഷ്ടമാകുന്നത്. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തിരിക്കെയാണ് കേരളത്തില്‍ നിന്ന് ആദ്യമായി ഒരു ലോക്‌സഭാ എംപി (തൃശൂര്‍-സുരേഷ് ഗോപി) ബിജെപി ടിക്കറ്റില്‍ വിജയിക്കുന്നത്. എന്നാല്‍ ബിജെപിയുമായി സഹകരിച്ച് നില്‍ക്കാന്‍ തുടങ്ങിയ കാലം തൊട്ട് സംസ്ഥാന നേതൃത്വത്തോട് അല്‍പം അകലം പാലിച്ചാണ് സുരേഷ് ഗോപി പ്രവര്‍ത്തിക്കുന്നത്.

നരേന്ദ്ര മോദിയുമായും അമിത് ഷായുമായും നേരിട്ടാണ് തന്റെ ഇടപാട് എന്ന് സുരേഷ് ഗോപി തന്നെ നേരത്തെ പലകുറി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനിടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. രാജീവിന്റെ പല നടപടികളും മുരളീധരപക്ഷത്തെ പ്രത്യക്ഷത്തില്‍ തന്നെ തഴയുന്ന തരത്തിലുള്ളതായിരുന്നു. പുതിയ ഭാരവാഹി പട്ടികയും ഇത് വ്യക്തമാക്കുന്നതാണ്.
രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന സംസ്ഥാന നേതൃനിരയിലേക്ക് മുരളീധരന്‍ പക്ഷത്തെ പാടേ അവഗണിച്ച മട്ടാണ്. മാത്രമല്ല മുരളീധരപക്ഷത്തിന്റെ എതിര്‍ചേരിയായ കൃഷ്ണദാസ് പക്ഷത്തേയും കഴിഞ്ഞ വര്‍ഷങ്ങളില്‍ കെ സുരേന്ദ്രനോട് നേരിട്ട് ഏറ്റുമുട്ടിയ ശോഭ സുരേന്ദ്രനേയും കാര്യമായി പരിഗണിച്ചിട്ടുമുണ്ട്. എന്നാല്‍ ഗ്രൂപ്പ് സമ്മര്‍ദ്ദത്തില്‍പ്പെട്ട് ബിജെപി ഭാരവാഹി പട്ടിക വൈകുകയാണ്.
ഇന്നലെ പട്ടിക പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവില്‍ വൈസ് പ്രസിഡന്റായ ശോഭ സുരേന്ദ്രന്‍ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായേക്കും എന്നാണ് റിപ്പോര്‍ട്ട്. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന കാലയളവിലാകെ ശോഭ സുരേന്ദ്രനെ മാറ്റി നിര്‍ത്തിയിരുന്നു. ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്ന ശോഭ ദേശീയ നേതൃത്വത്തോട് അതൃപ്തിയും അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ശോഭ സുരേന്ദ്രന്‍ വൈസ് പ്രസിഡന്റിനേക്കാള്‍ ഒരുപടി കൂടി കയറി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ശോഭയുടെ തിരിച്ചുവരവിലും മുരളി-സുരേന്ദ്രന്‍ കോംബോയ്‌ക്കേറ്റ തിരിച്ചടി തീരുന്നില്ല. നിലവിലെ ജനറല്‍ സെക്രട്ടറിമാരായ സി കൃഷ്ണകുമാറിനേയും പി സുധീറിനെയും മാറ്റാനും തീരുമാനമായിട്ടുണ്ട്. പാര്‍ട്ടിയിലെ സുരേന്ദ്രപക്ഷത്തിന്റെ ശക്തരായ വക്താക്കളാണ് ഇരുവരും.
ഇവരെ മാറ്റുന്നത് മുരളീധരപക്ഷത്തെ പൂര്‍ണമായും അവഗണിക്കുന്നതിന് തുല്യമാണ്. മഹിളാ മോര്‍ച്ച, യുവമോര്‍ച്ച അധ്യക്ഷസ്ഥാനത്തേയ്ക്കും സുരേന്ദ്രപക്ഷത്ത് നിന്നുള്ള ആളുകളെയല്ല പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. യുവമോര്‍ച്ച അധ്യക്ഷ സ്ഥാനത്തേക്ക് ശ്യാംരാജിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ശ്യാംരാജ് സുരേന്ദ്രപക്ഷത്തെ നേതാവല്ല. മഹിളാ മോര്‍ച്ച അധ്യക്ഷ സ്ഥാനത്തേക്ക് ശക്തമായ സാധ്യതയുള്ള നവ്യ ഹരിദാസ്, പികെ കൃഷ്ണദാസ് പക്ഷത്തെ നേതാവാണ്.
അതിനിടെ നിലവിലെ ജനറല്‍ സെക്രട്ടറിയായ എം ടി രമേശ് അതേ പദവയില്‍ തുടരുന്നതിലും പാര്‍ട്ടിയില്‍ എതിരഭിപ്രായമുണ്ട്. പത്ത് ഉപാധ്യക്ഷന്മാര്‍ ഉള്‍പ്പെടെ 25 വാഹികളാണ് പുതിയ പട്ടികയില്‍ ഉള്ളത് എന്നാണ് വിവരം. എം.ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരെ കൂടാതെ എസ് സുരേഷ്, ഷോണ്‍ ജോര്‍ജ് എന്നിവരായിരിക്കും ജനറല്‍ സെക്രട്ടറിമാരാകുക. ബിജെപിയുടെ നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനമാണ് നാളെ.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിനായി ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഭാരവാഹി പട്ടിക ഇന്ന് തന്നെ അന്തിമമാക്കിയേക്കും എന്നാണ് വിവരം. പ്രസിഡന്റ് സ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിന് ദേശീയ നേതൃത്വം പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.












Click it and Unblock the Notifications