കുമ്മനവും ശ്രീധരന്‍പിള്ളയും പോയത് പോലെ..; ആനന്ദ ബോസിന്റെ നിയമനവും സംസ്ഥാന നേതൃത്വം അറിഞ്ഞില്ല
തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് മുന്‍ ഐ എ എസ് ഓഫീസറും കേരളത്തില്‍ നിന്നുള്ള ബി ജെ പി നേതാവുമായ സി വി ആനന്ദ ബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറാക്കി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സി വി ആനന്ദ ബോസ് ബി െജപിയില്‍ ചേരുന്നത്. ഇതിന് ശേഷം മേഘാലയ സര്‍ക്കാര്‍ ഉപദേഷ്ടാവായി തുടരുകയായിരുന്നു സി വി ആനന്ദബോസ്.
എന്നാല്‍ പൊടുന്നനെയാണ് സി വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറാക്കി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജഗ്ദീപ് ധന്‍ഖര്‍ ഉപരാഷ്ട്രപതിയായതോടെ ആണ് പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ സ്ഥാനത്ത് ഒഴിവ് വന്നത്. എന്നാല്‍ ഏറെ ശ്രദ്ധേയമായ കാര്യം സി വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറാക്കാനുള്ള തീരുമാനം സംസ്ഥാന ബി ജെ പി നേതൃത്വം നേരത്തെ അറിഞ്ഞിരുന്നില്ല എന്നതാണ്.

സി വി ആനന്ദ ബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറാക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് സംസ്ഥാനത്തെ ബി ജെ പി നേതൃത്വം ഇക്കാര്യം അറിയുന്നത്. ഇതാദ്യമായല്ല സംസ്ഥാന ബി ജെ പി നേതൃത്വത്തെ അറിയിക്കാതെ കേരളത്തിലെ നേതാക്കളുടെ കാര്യത്തില്‍ കേന്ദ്ര നേതൃത്വം ഇത്തരത്തില്‍ തീരുമാനമെടുക്കുന്നത്. നേരത്തെ മുന്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍മാരായ കുമ്മനം രാജശേഖരന്‍, പി എസ് ശ്രീധരന്‍പിള്ള എന്നിവരെ ഗവര്‍ണര്‍മാരാക്കിയതും ഇത്തരത്തിലായിരുന്നു.

കുമ്മനം രാജശേഖരന്‍, പി എസ് ശ്രീധരന്‍പിള്ള എന്നിവരെ ഗവര്‍ണര്‍മാരാക്കുമ്പോള്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് അറിയിച്ചിരുന്നില്ല. സമാനമായാണ് സി വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറാക്കിയുള്ള പ്രഖ്യാപനവും വന്നിരിക്കുന്നത്. സി വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറാക്കുന്ന വിവരവും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നില്ല.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കാന്‍ സി വി ആനന്ദ ബോസിനോട് ബി ജെ പി ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഈ ഓഫര്‍ സി വി ആനന്ദ ബോസ് നിരസിക്കുകയായിരുന്നു. ഇതിന് ശേഷമാണ് മേഘാലയ സര്‍ക്കാരിന്റെ ഉപദേശക സ്ഥാനം ബി ജെ പി സി വി ആനന്ദ ബോസിന് നല്‍കിയത്. ആ സ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തിച്ച് വരുന്നതിനിടെ ആണ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് സി വി ആനന്ദ ബോസിനെ ബി ജെ പി നിയോഗിച്ചിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസുമായും മമത ബാനര്‍ജിയുമായും ജഗ്ദീപ് ധന്‍ഖര്‍ നിരന്തരം ഏറ്റുമുട്ടിയിരുന്നു. ആ സ്ഥാനത്തേക്കാണ് മലയാളിയായ സി വി ആനന്ദ ബോസ് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ജില്ലാ കളക്ടറായും വിദ്യാഭ്യാസം, ഫോറസ്റ്റ്, പരിസ്ഥിതി, തൊഴില്‍, പൊതുഭരണം തുടങ്ങി വിവിധ മന്ത്രാലയങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും സി വി ആനന്ദ ബോസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അഡീഷണല്‍ ചീഫ് സെക്രട്ടറിയായും സി വി ആനന്ദബോസ് പ്രവര്‍ത്തിച്ചിരുന്നു. സുപ്രീംകോടതി നിയമിച്ച തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്ര വിദഗ്ദ സമിതിയുടെ ചെയര്‍മാനായിരുന്നു സി വി ആനന്ദ ബോസ്.












Click it and Unblock the Notifications