കേരളത്തില്‍ കളി മാറ്റാന്‍ ബിജെപി; ഹൈന്ദവ വോട്ട് 25% കൂട്ടണം, ന്യൂനപക്ഷങ്ങളുടേത് 10%
കൊച്ചി: ഉത്തരേന്ത്യയില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കേരളത്തില്‍ ബിജെപി ഒരുങ്ങുന്നു. തീവ്ര ഹിന്ദുത്വം കേരളത്തില്‍ വിലപ്പോകില്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണിത്. ന്യൂനപക്ഷ വോട്ടുകള്‍ കൂടി ലഭിക്കുന്നതിന് പര്യാപ്തമായ നയനിലപാടുകളാകും കേരളത്തില്‍ സ്വീകരിക്കുക. കഴിഞ്ഞ ദിവസം പാലക്കാട് സമാപിച്ച സംസ്ഥാന നേതൃ ക്യാമ്പില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ജനറല്‍ സെക്രട്ടറി എംടി രമേശും അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്.
കൂടുതല്‍ വോട്ടുകള്‍ നേടുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ് വേണ്ടത്. ഭൂരിപക്ഷ സമുദായത്തിന്റെ 25 ശതമാനം വോട്ടുകള്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഇത് 50 ശതമാനമാക്കി ഉയര്‍ത്തണം. കൂടാതെ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് 10 ശതമാനം വരെ വോട്ട് പിടിക്കണം. ഇങ്ങനെ സാധിച്ചാല്‍ മാത്രമേ കേരളത്തില്‍ വിജയം നേടാന്‍ സാധിക്കൂ എന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു.

ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപിയുടെ ദേശീയ നേതൃത്വം പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. തെലങ്കാനയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗം ഇക്കാര്യത്തില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരുന്നു. ദക്ഷിണേന്ത്യയില്‍ കര്‍ണാടകം മാത്രമാണ് ബിജെപിക്ക് കീഴിലുള്ളത്. ബാക്കി സംസ്ഥാനങ്ങളില്‍ വേരുറപ്പിക്കുകയാണ് ലക്ഷ്യം.
കേരളത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ ഏകോപനം ആവശ്യമാണ് എന്നാണ് പാലക്കാട്ടെ യോഗത്തില്‍ ചില നേതാക്കള്‍ മുന്നോട്ട് വച്ച നിര്‍ദേശം. ആര്‍എസ്എസ്സിന് സംഘടനാ തലത്തില്‍ ശക്തമായ സംവിധാനമുള്ള കേരളത്തില്‍ രാഷ്ട്രീയമായി മുന്നേറ്റം നടത്താന്‍ സാധിക്കാത്തതാണ് പാര്‍ട്ടി നേരിടുന്ന വെല്ലുവിളി. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില മേഖലകളില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തില്‍ താഴെ സീറ്റുകളിലാണ് സ്വീധാനം. എന്നാല്‍ തുടര്‍ച്ചയായി വിജയിക്കാന്‍ എവിടെയും സാധിച്ചിട്ടില്ല. നേരത്തെ ജയിച്ച നേമം മണ്ഡലം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നഷ്ടമാകുകയാണ് ചെയ്തത്. പുതിയ മണ്ഡലങ്ങളില്‍ ജയിക്കാനും സാധിച്ചില്ല. പിന്നീട് ഒട്ടേറെ ആരോപണങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ നേരിടുകയും ചെയ്തു.
ഇതില്‍ നിന്നെല്ലാം മാറിയുള്ള പുതിയ മുന്നേറ്റമാണ് ബിജെപി കേരളത്തില്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ പശ്ചാത്തലത്തിന് അനുസരിച്ച് ചില മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. തീവ്ര ഹിന്ദുത്വം വിലപ്പോകില്ലെന്ന് നേതൃത്വം മനസിലാക്കുന്നു. ഭൂരിപക്ഷ സമുദായത്തിനിടയിലും ഇത് തിരിച്ചടിയാകുമെന്നും നേതാക്കള്‍ കരുതുന്നു. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ലോക്‌സഭാ സീറ്റ് നേടാന്‍ പാര്‍ട്ടിയെ പര്യാപ്തമാക്കുകയാണ് ഉദ്ദേശം. 2024ലെ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചാല്‍ കേന്ദ്ര ഭരണത്തിന് തടസങ്ങളുണ്ടാകില്ലെന്ന് പാര്‍ട്ടി വിലയിരുത്തുന്നു.












Click it and Unblock the Notifications