കോണ്‍ഗ്രസ് തന്ത്രം വിജയിക്കുന്നു; ജോസും ജോസഫും മുന്നണി വിടില്ല,ഇടതിനോട് താല്‍പര്യമില്ലാതെ നേതാക്കള്‍
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുടെ പേരില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ നടത്തുന്ന സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴങ്ങാതെ കോണ്‍ഗ്രസ്. മുന്‍ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡന്‍റ് സ്ഥാനം തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നാണ് പിജെ ജോസഫിന്‍റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ രേഖപരമായ ധാരണകള്‍ ഒന്നും ഇല്ലെന്നും പ്രസിഡന്‍റ് പദവി വിട്ടുകൊടുക്കില്ലെന്നുമാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ നിലപാട്.

ചില ഉപാധികള്‍
ലീഗ് നേതൃത്വം അടക്കം ഇടപെട്ട് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വിട്ടു നല്‍കാമെന്ന് ജോസ് കെ മാണി അറിയിച്ചെങ്കിലും ചില ഉപാധികള്‍ അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് വീതം വെപ്പില്‍ ചില ധാരണകള്‍ ഇപ്പോള്‍ തന്നെ ഉണ്ടാക്കണമെന്ന ഉപാധിയാണ് ജോസ് കെ മാണി മുന്നോട്ട് വെച്ചത്.

ജോസഫ് ഗ്രൂപ്പിലേക്ക്
കോട്ടയം ജില്ലാ പഞ്ചായത്തിലെ ജോസ് പക്ഷത്തെ രണ്ട് അംഗങ്ങള്‍ നേരത്തെ ജോസഫ് ഗ്രൂപ്പിലേക്ക് ചേക്കേറിയിരുന്നു. ഇവര്‍ മത്സരിച്ചിരുന്ന ഡിവിഷനുകള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന് ലഭ്യമാക്കുക. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് വ്യക്തതയുണ്ടാക്കുക തുടങ്ങിയവയാണ് ജോസിന്‍റെ മറ്റ് ഉപാധികള്‍

ചര്‍ച്ച പിന്നീട്
കെഎം മാണി-ജോസഫ് ലയനത്തിന് മുമ്പായി ഇരുവിഭാഗങ്ങളും മത്സരിച്ചു വന്ന സീറ്റുകള്‍ അതത് വിഭാഗങ്ങള്‍ക്ക് തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്‍കുക എന്നതും ജോസ് കെ മാണി വിഭാഗം മുന്നോട്ട് വെച്ച ഉപാധിയില്‍ പെടുന്നു. എന്നാല്‍ പ്രസിഡന്‍റ് പദം രാജിവെക്കുന്നതിന് മുമ്പ് മറ്റ് ഉപാധി ചര്‍ച്ചകള്‍ക്കൊന്നും ഇല്ലെന്നും, ആദ്യം രാജി പിന്നീട് ഉപാധിയടക്കമുള്ള കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നുമാണ് പിജെ ജോസഫിന്‍റെ നിലപാട്.

ധാരണ
മുന്നണിയിലെ ധാരണ പ്രകാരം കേരള കോണ്‍ഗ്രസിന് കിട്ടിയ 14 മാസത്തില്‍ ആദ്യത്തെ എട്ട് മാസം ജോസ് കെ മാണി പക്ഷത്തിനും 6 മാസം ജോസഫ് പക്ഷത്തിനും എന്നതായിരുന്നു ധാരണ. എന്നാല്‍ ഇതില്‍ തങ്ങള്‍ക്ക് ലഭിച്ച കാലാവധി പൂര്‍ത്തീകരിച്ചിട്ടും അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ജോസ് കെ മാണി പക്ഷം തയ്യാറാവാതിരുന്നതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

തന്ത്രം
തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്ന് കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന തന്ത്രമാണ് ഇരുവിഭാഗവും സ്വീകരിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ മുന്നണി വിടുമെന്ന ഭീഷണി ഇരുപക്ഷത്ത് നിന്നും ശക്തമാണ്. എന്നാല്‍ ഇത്തരത്തിലുള്ള സമ്മര്‍ദ്ദ തന്ത്രത്തിന് വില വെച്ചു കൊടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
Recommended Video

മുന്നണി മാറ്റം എളുപ്പമല്ല
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുമുന്നണിയിലേക്ക് ചേക്കാറാന്‍ ജോസ് കെ മാണിക്കോ, പിജെ ജോസഫിനോ കഴിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇടതുപക്ഷത്തേക്ക് ഏത് ഗ്രൂപ്പ് പോയാലും അണികളില്‍ മാത്രമല്ല, നേതാക്കളില്‍ തന്നെ ഭിന്നതയുണ്ടാകുമെന്നാണ് ഇരു ഗ്രൂപ്പിന്‍റെയും ഭയപ്പാട്.

പിളര്‍പ്പിലേക്ക്
തങ്ങള്‍ മുന്നണി വിട്ടു പോവുന്നതിനേക്കാള്‍ മറുപക്ഷത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കുന്നതിനാണ് ഇരുപക്ഷവും നീക്കം നടത്തുന്നത്. മറുവിഭാഗം മുന്നണി വിട്ടാല്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടും എന്നാണ് ജോസ്-പിജെ ജോസഫ് ഗ്രൂപ്പുകള്‍ പ്രതീക്ഷിക്കുന്നത്. ഇനി സ്വന്തം നിലക്ക് മുന്നണി വിടാന്‍ തീരുമാനിച്ചാല്‍ അത് മറ്റൊരു പിളര്‍പ്പിലേക്ക് നയിക്കും.

യോജിപ്പില്ല
പിജെ ജോസഫാണ് മുന്നണി വിടാന്‍ തീരുമാനിക്കുന്നതെങ്കില്‍ നിലവില്‍ ജോസഫിനൊപ്പം നില്‍ക്കുന്ന പഴയ മാണി വിശ്വസ്തര്‍ക്ക് ഇടതുമുന്നണിയിലേക്ക് പോവുന്നതില്‍ യോജിപ്പില്ല. മാണിയുള്ളപ്പോള്‍ തന്നെ ഇടതുമുന്നണിയിലേക്ക് ചേക്കാറുനുള്ള നീക്കങ്ങള്‍ നടന്നെങ്കിലും അതിന് തടയിട്ടത് സിഎഫ് തോമസ് അടക്കുമുള്ളവരായിരുന്നു.

കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്
പിജെ ജോസഫ് ക്യാമ്പിലുള്ള സിഎഫ് തോമസ് ഇത്തവണയും ഇടതുമുന്നണിയിലേക്ക് പോവാനുള്ള നീക്കം തടയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അടുത്തിടെ മാത്രം എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പാളയത്തിലെത്തിയ ഫ്രാന്‍സിസ് ജോര്‍ജ്ജും പെട്ടെന്നുള്ളൊരു മടക്കം ആഗ്രഹിക്കുന്നില്ല. ജോസഫ് ഇടതുമുന്നണിയിലേക്ക് പോവാന്‍ തീരുമാനിച്ചാലും ഇവര്‍ യുഡിഎഫിന് ഒപ്പം തന്നെ നില്‍ക്കുമെന്നാണ് പ്രതീക്ഷ.

മുന്നില്‍ കാണുന്നു
മുന്നണി വിട്ടാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടാകും എന്നത് ജോസ് കെ മാണിയും മുന്നില്‍ കാണുന്നു. യുഡിഎഫ് വിടാനാകില്ലെന്ന് ചില നേതാക്കള്‍ ഇതിനോടകം തന്നെ ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്. ജോസ് വിഭാഗത്തിലെ എംഎല്‍എമാരായ എന്‍ ജയരാജും റോഷി അഗസ്റ്റിനും യുഡിഎഫില്‍ തുടരണമെന്ന നിലപാടുള്ളവരാണ്.

യുഡിഎഫ് സ്വാധീനം
പാര്‍ട്ടിയുടെ ഈ രണ്ട് പേരുടെ മണ്ഡലങ്ങളും യുഡിഎഫ് സ്വാധീന മേഖലകളാണ്. സഭയുടെയും എന്‍എസ്എസിന്‍റെ നിലപാട് മുന്നണിയില്‍ തുടരണമെന്നതുമാണ്. ഏക ലോകസഭാംഗമായ തോമസ് ചാഴിക്കാടനും പ്രിയം യുഡിഎഫിനോടാണ്. ഈ സാഹചര്യത്തില്‍ മുന്നണിമാറ്റം എന്നത് ജോസിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്.












Click it and Unblock the Notifications