ദുരിതാശ്വാസ ക്യാമ്പിലെ കുഞ്ഞുങ്ങൾക്ക് അതിസാരമെന്ന് ഫേസ്ബുക്ക് ലൈവ്.. പുലിവാൽ പിടിച്ച് രഞ്ജിനി
കൊച്ചി: നാടിനെ മുക്കിയ പ്രളയത്തേക്കാള്‍ വേഗത്തിലാണ് ചിലര്‍ വ്യാജവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്നും ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ച വ്യാധിയാണെന്നും കേരളത്തില്‍ വൈദ്യുതി നിലയ്ക്കാന്‍ പോകുന്നു എന്നുമുള്ള തരത്തിലാണ് വ്യാജ പ്രചാരണങ്ങള്‍ കൊഴുത്തത്.
ഗായികയും നടിയുമായ രഞ്ജിനി ജോസും അത്തരമൊരു വ്യാജ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച് കെണിയിലായിരിക്കുകയാണ്. തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂളിലെ ക്യാമ്പില്‍ അതിസാരമാണ് എന്നായിരുന്നു രഞ്ജിനി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. ഇതാണിപ്പോള്‍ പണി കൊടുത്തിരിക്കുന്നത്.

വ്യാജ സന്ദേശങ്ങൾ
പ്രളയത്തിലെ രക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് സന്ദേശങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. ഇവയില്‍ ഭൂരിപക്ഷവും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സഹായിച്ചവയുമാണ്. എന്നാല്‍ അക്കൂട്ടത്തില്‍ പല വ്യാജ സന്ദേശങ്ങളും പരക്കുകയുണ്ടായി. പലരും കൃത്യമായി അന്വേഷിക്കാതെ ഇത്തരം വിവരങ്ങള്‍ പങ്ക് വെയ്ക്കുന്നതാണ് കുഴപ്പങ്ങള്‍ക്ക് കാരണം.

അതിസാരമെന്ന് പ്രചാരണം
അത്തരത്തില്‍ ഉറപ്പില്ലാത്ത ഒരു വിവരം സോഷ്യല്‍ മീഡിയ വഴി വിളിച്ച് പറയുകയാണ് രഞ്ജിനി ജോസ് ചെയ്തത്. ക്യാമ്പിലുള്ള കുട്ടികള്‍ക്ക് അതിസാരമാണെന്നും അതുകൊണ്ട് പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം ലഭ്യമാക്കണം എന്നുമാണ് ഫേസ്ബുക്ക് ലൈവില്‍ ഗായിക ആവശ്യപ്പെട്ടത്. ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

രൂക്ഷമായ പ്രതികരണങ്ങള്‍
പിന്നാലെ ക്യാമ്പിലെ സന്നദ്ധപ്രവര്‍ത്തകര്‍ രഞ്ജിനിക്കെതിരെ രംഗത്ത് വന്നു. ക്യാമ്പില്‍ അത്തരമൊരു പ്രശ്‌നം ഇല്ലെന്നും തെറ്റായ പ്രചാരണമാണെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ രഞ്ജിനിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്ന പേരില്‍ രൂക്ഷമായ പ്രതികരണങ്ങള്‍ ഉയര്‍ന്നു. തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് അടക്കം രംഗത്ത് വന്നു.

വിഷം ചീറ്റുന്നവർ
മലീമസമായ മനസ്സുള്ളവരാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും ദുരന്തമുഖത്ത് നില്‍ക്കുന്നവര്‍ക്കിടയിലേക്ക് വിഷം ചീറ്റുന്നവരെ ഒറ്റപ്പെടുത്തണമെന്നും സ്വരാജ് ആവശ്യപ്പെട്ടു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പാണെന്നും രാത്രിയില്‍ പോലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണെന്നും സ്വരാജ് പറഞ്ഞു.

പോലീസില്‍ പരാതി
അതിനിടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദുരിതാശ്വാസ ക്യാമ്പുകളിലെ ആരോഗ്യ സുരക്ഷയെക്കുറിച്ച് ആളുകള്‍ ആശങ്ക പ്രകടിപ്പിച്ച് തുടങ്ങി. പിന്നാലെ തൃപ്പൂണിത്തുറ നഗരസഭാ സെക്രട്ടറി രഞ്ജിനിക്കെതിരെ പോലീസില്‍ പരാതിയും നല്‍കി. ഗായികയ്‌ക്കെതിരെ പോലീസ് കേസെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്. വിശദീകരണവുമായി രഞ്ജിനി വീണ്ടും രംഗത്ത് വന്നിട്ടുണ്ട്.

സഹായിക്കാനാണ് ശ്രമിച്ചത്
അടുത്ത ഒരു സുഹൃത്തില്‍ നിന്നും ലഭിച്ച വിവരം സ്ഥിരീകരിക്കാന്‍ കാത്ത് നില്‍ക്കാതെ ലൈവില്‍ പറഞ്ഞതാണ് തന്റെ ഭാഗത്ത് നിന്നുണ്ടായെ തെറ്റ് എന്ന് രഞ്ജിനി പറയുന്നു. തന്റെത് ദുരുദ്ദശപരമായ നീക്കം ആയിരുന്നില്ലെന്നും വിവരം അറിഞ്ഞ ഉടന്‍ ആവശ്യമായ സഹായം എത്തിക്കാനാണ് ശ്രമിച്ചതെന്നും രഞ്ജിനി പറയുന്നു. എന്നാല്‍ ക്യാമ്പില്‍ നേരിട്ട് എത്തി കാര്യം മനസ്സിലായപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെന്നും രഞ്ജിനി പറയുന്നു.

നിങ്ങൾക്കും കേരളത്തെ സഹായിക്കാം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.
വീഡിയോ കാണു
വീഡിയോ കാണു












Click it and Unblock the Notifications