റെക്കോഡിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലോ സ്വര്‍ണം? ഇന്നത്തെ വില നിലവാരം ഇങ്ങനെ
ആഭരണം എന്നതിനേക്കാളുപരി ഒരു നിക്ഷേപ മാര്‍ഗമായിട്ടാണ് പലരും സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിപണിയിലെ വിലയിലുള്ള ഏതൊരു മാറ്റവും സാകൂതം വീക്ഷിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ അടുത്ത കാലത്തായി സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ഏറെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്ന് വരുന്നത്. കൊവിഡ് അടച്ചപൂട്ടലുകള്‍ നീക്കിയ ശേഷം സ്വര്‍ണം വിപണിയില്‍ നിന്ന് ആശാവഹമായ വാര്‍ത്തയൊന്നും സാധാരണക്കാരെ തേടിയെത്തിയിട്ടില്ല.
എന്നാല്‍ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കാകട്ടെ കോളടിച്ച മട്ടുമാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി സ്വര്‍ണം ഉയര്‍ന്ന വിലയില്‍ ആണ് വ്യാപാരം നടത്തുന്നത്. ഈ വര്‍ഷം അവസാനിക്കാന്‍ ഇനി ഒരു മാസം കൂടിയെ ബാക്കിയുള്ളൂ. പുതുവര്‍ഷത്തിലെങ്കിലും സ്വര്‍ണ വില താഴെയിറങ്ങും എന്ന പ്രതീക്ഷയിലാണ് സാധാരണക്കാര്‍. അതേസമയം ഇന്നും ആശ്വസിക്കാന്‍ തക്ക വാര്‍ത്തയല്ല സ്വര്‍ണ വിപണിയില്‍ നിന്ന് വരുന്നത്.

കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും സ്വര്‍ണവിലയില്‍ മാറ്റമൊന്നുമില്ല. ചൊവ്വാഴ്ച രേഖപ്പെടുത്തിയ പവന് 45480 എന്ന രൂപയില്‍ തന്നെയാണ് ഇന്നും സ്വര്‍ണം വ്യാപാരം നടത്തുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇതേ വിലയില്‍ സ്വര്‍ണ വില നില്‍ക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇത് പ്രകാരം 5685 രൂപയാണ് നല്‍കേണ്ടത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ചൊവ്വാഴ്ച പവന് 240 രൂപയും ഗ്രാമിന് 30 രൂപയും വര്‍ധിച്ചതോടെയാണ് വില ഈ നിലയിലെത്തിയത്. എന്നാല്‍ നാല് ദിവസമായുള്ള സ്വര്‍ണ വിലയിലെ ഈ മരവിപ്പ് ശുഭസൂചനയാണോ ദുസൂചനയാണോ എന്നാണ് ജനങ്ങള്‍ സംശയിക്കുന്നത്. നവംബര്‍ 13 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. അന്ന് 44360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഒക്ടോബര്‍ 28,29 തീയതികളില്‍ രേഖപ്പെടുത്തിയ 45920 രൂപയാണ് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ റെക്കോഡ് വില. ഈ വര്‍ഷം മേയ് 5 ന് 45,760 രൂപയായും സ്വര്‍ണവില ഉയര്‍ന്നിരുന്നു. അതിനാല്‍ തന്നെ നിലവിലെ ട്രെന്‍ഡ് സ്വര്‍ണ വിലയിലെ സര്‍വകാല റെക്കോഡ് കുറിക്കുന്നതിന് മുന്‍പുള്ള ശാന്തതയാണോ എന്ന ആശങ്കയും സാധാരണക്കാരായ ജനങ്ങള്‍ക്കുണ്ട്.
എന്നാല്‍ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും ബാങ്കിംഗ് സമ്മര്‍ദ്ദങ്ങളും സ്വര്‍ണ വിലയെ പിടിച്ചുനിര്‍ത്തിയേക്കും എന്ന പ്രതീക്ഷയുണ്ട് എന്നാണ് വിദഗ്ധരുടെ നിരീക്ഷണം. എന്നാല്‍ ഡോളറിന്റെ തകര്‍ച്ച സ്വര്‍ണ വിലയെ ഉയര്‍ത്താന്‍ കാരണമായേക്കും.












Click it and Unblock the Notifications