ക്ഷേമ പെന്‍ഷന്‍ കൊടുക്കാനില്ലാത്ത സർക്കാർ കേരളീയം വീണ്ടും നടത്തുന്നത് ആഭാസം: കെ സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളീയം വീണ്ടും നടത്തുന്നത് ആഭാസമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പകർച്ചപനി കാരണം ജനം പൊറുതിമുട്ടുകയാണ്. നൂറുകണക്കിനാളുകളാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരണപ്പെട്ടത്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിലുള്ളത്. ജൽജീവൻ മിഷൻ പോലും മുടങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കരാറുകാർക്ക് സംസ്ഥാന സർക്കാർ പണം നൽകുന്നില്ല. മുടങ്ങുന്നത് മോദിയുടെ പദ്ധതിയായതിനാൽ പ്രതിപക്ഷം ഇത് നിയമസഭയിൽ ഉന്നയിക്കുന്നില്ല. ആറുമാസം സർക്കാരിൻ്റെ പിടിപ്പുകേട് കാരണം എൻഎച്ച്എം ഫണ്ട് കേരളത്തിന് കിട്ടിയില്ല. പേരുമാറ്റത്തിൻ്റെ കാര്യത്തിൽ കടിച്ചുതൂങ്ങിയത് കൊണ്ടാണ് ഈ ഗതി വന്നത്. ക്ഷയരോഗികൾക്കുള്ള മരുന്ന് പോലും സംസ്ഥാനത്ത് ലഭിക്കുന്നില്ല. ആരോഗ്യ മന്ത്രി പൂർണ പരാജയമാണ്. ക്ഷേമപെൻഷൻ കുടിശ്ശിക തീർക്കാൻ പണമില്ലാത്തവരാണ് കേരളീയം നടത്തുന്നത്.

ഇവൻ്റ് മാനേജുമെൻ്റ് ടീമുകളെ സഹായിക്കാനാണിതെന്ന് വ്യക്തമാണ്. കേരളത്തെ സ്നേഹിക്കുന്നവർ കേരളീയം ബഹിഷ്ക്കരിക്കണം. ഈ പരിപാടി ആരാണ് സ്പോൺസർ ചെയ്യുന്നതെന്ന് അറിയണം. ലോക കേരളസഭയുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. കേരളത്തിൻ്റെ പ്രതിച്ഛായ ശക്തിപ്പെടുത്താനല്ല, പിണറായിയുടെ കീശ വീർപ്പിക്കാനാണ് കേരളീയം പോലുള്ള ധൂർത്ത് നടത്തുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
പിഎസ്സി നിയമനത്തിന് കോഴ വാങ്ങിയ സംഭവത്തിൽ പാർട്ടി അന്വേഷണം നടത്താൻ അത് സിപിഎമ്മിന്റെ ആഭ്യന്തരകാര്യമല്ല. 50 ലക്ഷം കോഴ കൊടുത്ത് മെമ്പറാകുന്നവർ അവിടെ അഴിമതി നടത്തുമെന്ന് ഉറപ്പാണ്. ആരോപണവിധേയനെതിരെ പാർട്ടി നടപടിയെടുക്കുമെന്നാണ് പറയുന്നത്. ഏരിയ കമ്മിറ്റി അംഗത്തിന് പിഎസ്സി മെമ്പറെ നിയമിക്കാനാകുമോ? മുഹമ്മദ് റിയാസോ മുഖ്യമന്ത്രിയോ അറിയാതെ മെമ്പർമാരെ നിയമിക്കാനാവില്ല. നിയമവാഴ്ച കേരളത്തിൽ അട്ടിമറിക്കപ്പെടുകയാണ്. ഏത് കള പറിക്കുന്നതിനെ പറ്റിയാണ് എംവി ഗോവിന്ദൻ പറയുന്നത്. ഭരണഘടനാ സ്ഥാപനത്തിലേക്ക് തിരഞ്ഞെടുക്കാൻ കോഴ കൊടുക്കുന്നത് ഇന്ത്യയിൽ ആദ്യമാണ്.
കോഴ നിയമനത്തിന് കൂട്ടുനിൽക്കുന്ന ഭരണസിരാകേന്ദ്രത്തിലുള്ളവർക്കെതിരെയാണ് നടപടി വേണ്ടത്. മുഖ്യമന്ത്രി ഇതുവരെ അന്വേഷണത്തിന് ഉത്തരവിടാത്തത് സംശയാസ്പദമാണ്. ആരോപണം മുഖ്യമന്ത്രിയിലേക്കാണ് തിരിയുന്നത്. കോഴിക്കോട് കോവൂരിലാണ് തട്ടിപ്പിന്റെ പ്രഭവകേന്ദ്രം. മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് കോടികളുടെ അഴിമതിയാണ് നടക്കുന്നത്.
സിപിഐ തൊഴിലാളി സംഘടന ഉൾപ്പെടെ മാനാഞ്ചിറയിലെ കോൺട്രസ്റ്റിൽ സമരം തുടരുന്നതിന് കാരണം റിയാസാണ്. പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കണമെന്ന് പറയുന്നവർ ഹോട്ടൽ ലോബിക്ക് വേണ്ടി അത് തകർക്കുകയാണ്. കോൺട്രസ്റ്റ് മാറ്റി അവിടെ പഞ്ചനക്ഷത്ര ഹോട്ടൽ കൊണ്ടുവരാനാണ് നീക്കം. സിപിഎമ്മിലെ മാഫിയ സംഘമാണ് എല്ലാം നടത്തുന്നത്. പിഎസ്സിയുടെ വിശ്വാസത തകർക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഈർക്കിൽ പാർട്ടികൾ വരെ പിഎസ്സി മെമ്പർമാരെ നിയമിച്ച് പണം വാങ്ങുന്നുണ്ട്. ഇത് എന്തുകൊണ്ടാണ് സർക്കാരിന് പ്രശ്നമാവാത്തത്? ഇതിനെതിരെ സമഗ്രമായ അന്വേഷണം വേണം. അന്വഷണം നടത്തിയില്ലെങ്കിൽ ബിജെപി സമരരംഗത്തിറങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications