ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തുന്നു. തൃശൂർ ആനക്കലിലെ പ്രാദേശിക ആർഎസ്എസ് നേതാവിന്റെ വീട്ടിലാണ് കൂടിക്കാഴ്ച നടന്നുകൊണ്ടിരിക്കുന്നത്. നേരത്തെ തന്നെ നിശ്ചയിച്ചത് പ്രകാരമാണ് കൂടിക്കാഴ്ച എന്നാണ് റിപ്പോർട്ട്.
ഇവിടെ നിന്ന് ഭക്ഷണം കഴിച്ച ശേഷം ആയിരിക്കും ഗവർണർ പോവുക എന്നാണ് വിവരം. രണ്ട് ദിവസമായി മോഹൻ ഭാഗവത് ജില്ലയിൽ ഉണ്ട്. ആർഎസ്എസിന്റെ വിവിധ പരിപാടികൾക്കാണ് മോഹൻ ഭാഗവത് എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

ഗവർണറും സർക്കാറും തമ്മിൽ രൂക്ഷമായ തർക്കം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗവർണർ- ഭാഗവത് കൂടിക്കാഴ്ച നിർണായകം ആണ്. കഴിഞ്ഞദിവസം ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.
പദവിക്ക് ചേരുന്ന വർത്തമാനം പറയണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ അടുത്ത ബന്ധുവിന് നിയമനം നൽകിയതിനെതിരെയുള്ള ഗവർണറുടെ പരാമർശങ്ങൾ അസംബന്ധം ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വാർത്താ സമ്മേളനത്തിൽ ആയിരുന്നു മുഖ്യമന്ത്രി ഗവർണറെ വിമർശിച്ചത്.
"ഇതിൽ പരം അസംബന്ധം വേറൊരാൾക്കും പറയാൻ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വർത്തമാനം. മുഖ്യമന്ത്രിയുടെ സ്റ്റാഫ്, ആ സ്റ്റാഫിന്റെ ഒരു ബന്ധു, ആ ബന്ധു എന്നു പറയുന്നത് ഒരു വ്യക്തി ആണ്. ആ വ്യക്തിക്ക് ആ വ്യക്തിയുടേതായ സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതനുസരിച്ചിട്ട് അവർക്ക് അർഹത ഉണ്ടെന്ന് കാണുന്ന ഒരു ജോലിക്ക് അപേക്ഷിക്കാൻ സാധാരണ നിലയിൽ അവർക്ക് അവകാശമുണ്ട്. അതിന് മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവാണല്ലോ അതുകൊണ്ട് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണോ എന്നാരെങ്കിലും ചിന്തിക്കുമോ? നാടിനെക്കുറിച്ച് അറിയാവുന്ന ആർക്കെങ്കിലും അങ്ങനെ ചിന്തിക്കാൻ കഴിയുമോ? എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്", എന്നാണ് മുഖ്യമന്ത്രി വിമർശിച്ചത്.
മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ പ്രതികരണവുമായി ഗവർണറും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നായിരുന്നു ഗവർണർ മുഖ്യമന്ത്രിയെ വിമർശിച്ച് ആരോപിച്ചത്. തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്നും ഇതുവരെ പിന്നിൽ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്. മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നൽകിയതിലും സന്തോഷമുണ്ടെന്നും ഗവർണർ പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ ഗവർണറെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. ഗവർണർ മഹാരാജാവല്ലെന്ന് കാനം പറഞ്ഞു. സ്ഥാനം മറന്നാണ് ഗവർണറുടെ പ്രതികരണമെന്നും ഗവർണർ സർക്കാരിന്റെ അധിപനല്ലെന്നും കേന്ദ്രത്തിന്റെ ഏജന്റാണെന്നും കാനം വിമർശിച്ചു.












Click it and Unblock the Notifications