'പശവെച്ചാണോ റോഡ് ഒട്ടിക്കുന്നത്?'; കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ കടുത്ത നടപടിയെന്ന് ഹൈക്കോടതി
കൊച്ചി: കനത്ത മഴയ്ക്ക് പിന്നാലെ കൊച്ചി നഗരത്തിലെ റോഡുകള്‍ തകര്‍ന്നതിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റോഡുകള്‍ തകര്‍ന്നതില്‍ കൊച്ചി കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പും ഉത്തരവാദികളാണ് എന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പശ വെച്ചാണോ റോഡുകള്‍ ഒട്ടിക്കുന്നത് എന്നും ഹൈക്കോടതി പരിഹസിച്ചു.
നഗരത്തിലെ നടപ്പാതകള്‍ തകര്‍ന്ന് കിടക്കുന്നതിലും കോടതി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. കേടായ റോഡുകള്‍ കാരണം കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെട്ടാല്‍ കടുത്ത നടപടി ഉണ്ടാകും എന്ന മുന്നറിയിപ്പും ഹൈക്കോടതി നല്‍കിയിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

റോഡുകള്‍ കേടാവുന്നതില്‍ പ്രാഥമികമായ ഉത്തരവാദിത്വം എഞ്ചിനീയര്‍മാര്‍ക്കാണെ് എന്നും അവരെ വിളിച്ച് വരുത്തും എന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ടാറിംഗ് കഴിഞ്ഞ് കുറച്ച് കാലങ്ങള്‍ക്ക് ശേഷം തന്നെ റോഡുകള്‍ പൊളിയുകയാണ് എന്നും ഹൈക്കോടതി പറഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണിയുടെ കാര്യത്തില്‍ ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകള്‍ ഒന്നും ഇതുവരെ നടപ്പായിട്ടില്ല എന്നും ഹൈക്കോടതി നിരീക്ഷിച്ചു. നഗരത്തിലെ പല നടപ്പാതകളും അപകടാവസ്ഥയിലാണെന്നും പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു എന്നും ഹൈക്കോടതി പറഞ്ഞു.
ഇക്കാര്യത്തില്‍ പൊലീസിനും ഉത്തരവാദിത്വമുണ്ട് എന്നും കോടതി നിരീക്ഷിച്ചു. കോടതി ഇടപെട്ടിട്ടും മാറ്റമൊന്നുമുണ്ടാകുന്നില്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും കോര്‍പ്പറേഷന്‍ സെക്രട്ടറിയുമടക്കം വിഷയത്തില്‍ മറുപടി പറയണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം...പോണം; കിടിലന്‍ ചിത്രങ്ങളുമായി മിയ
റോഡ്, പാലം എന്നിവ നിര്‍മിക്കുന്നതിനിടെ അപകടമരണമുണ്ടായാല്‍ മുഴുവന്‍ ഉത്തരവാദിത്തവും എന്‍ജിനിയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ആയിരിക്കുമെന്ന് രണ്ടാഴ്ച മുന്‍പ് ഹൈക്കോടതി പറഞ്ഞിരുന്നു. ഇവര്‍ നഷ്ടപരിഹാരം നല്‍കേണ്ടതിന് പുറമേ നിയമനടപടിയും നേരിടേണ്ടി വരും എന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
നേരത്തെ തൃപ്പൂണിത്തുറയില്‍ പാലം നിര്‍മാണത്തിനിടെ സുരക്ഷാവീഴ്ച മൂലം ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ കോടതി വിശദീകരണം തേടിയിരുന്നു. എഞ്ചിനിയര്‍മാരും സൂപ്പര്‍വൈസര്‍മാരും നിര്‍മാണം നടക്കുന്നിടത്ത് ഉണ്ടാകണം എന്നും നിര്‍മാണം നിരീക്ഷിക്കണം എന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം കൊച്ചി നഗരപരിധിയിലെ പൊതുമരാമത്ത് റോഡുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും ഏകദേശം പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍ ഇതിനിടെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications