വാക്‌സിനേഷനില്‍ കേരളം തന്നെ മുന്നില്‍... പരിമിതിയിലും ഇതുവരെ പൂര്‍ത്തിയാക്കിയത് 21.11 ശതമാനം
തിരുവനന്തപുരം: വാക്‌സിനേഷന്റെ കാര്യത്തില്‍ കേരളത്തിനെതിരെ വലിയ വിമര്‍ശനമാണ് ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നത്. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ തന്നെയാണ് ഈ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതും. കേരളത്തിലെ വാക്‌സിന്‍ വിതരണം ആകെ അവതാളത്തിലാണെന്നാണ് ബിജെപിയുടെ ആരോപണം.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് കേരളത്തിന്റെ സ്ഥിതി? ഇത് സംബന്ധിച്ച വ്യക്തമായ ചിത്രം നല്‍കുന്നുണ്ട് കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടലിലെ വാക്‌സിനേഷന്‍ ഡാഷ്‌ബോര്‍ഡ്. അത് പരിശോധിക്കാം...

എണ്ണക്കണക്കില്‍
ഏറ്റവും അധികം ആളുകള്‍ക്ക് ഇതുവരെ വാക്‌സിനേഷന്‍ നല്‍കിയിട്ടുള്ള സംസ്ഥാന മഹാരാഷ്ട്രയാണ്. ഇതുവരെ 1.5 കോടി ജനങ്ങള്‍ക്കാണ് മഹാരാഷ്ട്രയില്‍ വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് രാജസ്ഥാന്‍ ആണുള്ളത്. 1.25 കോടി ജനങ്ങള്‍ക്ക് കാജസ്ഥാന് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്.

യുപിയും ഗുജറാത്തും ബംഗാളും പിറകെ
വാക്‌സിന്‍ നല്‍കിയവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഉത്തര്‍ പ്രദേശ് ആണ്. 1.19 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഗുജറാത്തില്‍ 1.18 കോടി പേര്‍ക്കും പശ്ചിമ ബംഗാളില്‍ 1.02 കോടി പേര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കര്‍ണാടകത്തിനും മധ്യപ്രദേശിനും താഴെയാണ് കേരളത്തിലെ വാക്‌സിനേഷന്‍ നമ്പര്‍. മൊത്തം നല്‍കിയത് 70.52 ലക്ഷം പേര്‍ക്കാണ്.

എണ്ണത്തിലല്ല കാര്യം
എന്നാല്‍ ഇതില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഓരോ സംസ്ഥാനത്തേയും മൊത്തം ജനസംഖ്യയില്‍ എത്രപേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കി എന്നതാണ് ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയാല്‍ ഏറ്റവും മുന്നില്‍ കേരളം തന്നെയാണെന്ന് വ്യക്തമാകും.

മുന്നില്‍ കേരളം
കേരളത്തിലെ ജനസംഖ്യ 3.34 കോടിയാണ്. അതിലെ 70.52 ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കിയത്. അപ്പോള്‍ കേരള ജനസംഖ്യയുടെ മൊത്തം 21.11 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിന്‍ എങ്കിലും ലഭ്യമാക്കാന്‍ ഇതുവരെ സാധിച്ചിട്ടുണ്ട്. 20 ശതമാനത്തിന് മുകളില്‍ വാക്‌സിനേഷന്‍ നടന്ന മറ്റൊരു സംസ്ഥാനവും ഇല്ല എന്നത് കൂടി ഓര്‍ക്കണം.

ദയനീയം ഉത്തര്‍ പ്രദേശ്
വാക്‌സിനേഷന്റെ കാര്യത്തില്‍ ദയനീയ സ്ഥിതിയില്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍ പ്രദേശ്. 19.98 കോടി ജനങ്ങളില്‍ വെറും 1.19 കോടി പേര്‍ക്ക് മാത്രമാണ് ഇതുവരെ വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. ശതമാനക്കണക്ക് നോക്കിയാല്‍ വെറും 6.01 ശതമാനം പേര്‍ക്ക് മാത്രം.

രജിസ്‌ട്രേഷന്‍ പ്രശ്‌നം
കേരളത്തില്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ വലിയ പ്രതിസന്ധി നേരിടുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. സ്വകാര്യ ആശുപത്രികള്‍ക്ക് ലാഭമുണ്ടാക്കന്‍ സംസ്ഥാന സര്‍ക്കാര്‍ കൊവിന്‍ ആപ്പില്‍ അട്ടിമറി നടത്തി എന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ ഈ ആരോപണവും ശരിയല്ലെന്നാണ് പുറത്ത് വരുന്ന വിവരം.

വാക്‌സിന്‍ ഇല്ലാതെ എന്ത് രജിസ്‌ട്രേഷന്‍
ആവശ്യത്തിന് വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാക രജിസ്ട്രഷന്‍ മാത്രം നടത്തിയാല്‍ മതിയാവില്ലല്ലോ എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഓരോ ദിവസും ലഭ്യമായ വാക്‌സിന്‍ സ്‌റ്റോക്കിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ദിവസത്തെ രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്. അതുകൊണ്ടാണ് രജിസ്‌ട്രേഷന്‍ തുടങ്ങി മിനിട്ടുകള്‍ക്കകം അത് തീര്‍ന്ന് പോകുന്നത്. ആശ്യമായ വാക്‌സിന്‍ ലഭിച്ചാല്‍ മാത്രമേ അഡ്വാന്‍സ് രിജ്‌സ്‌ട്രേഷന്‍ സാധ്യമാകു എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

വാക്‌സിന്‍ വേസ്‌റ്റേജ്
പല സംസ്ഥാനങ്ങളും ലഭിച്ച വാക്‌സിനുകളില്‍ ചെറുതല്ലാത്ത ശതമാനം പാഴാക്കിക്കളഞ്ഞിട്ടുണ്ട്. അക്കാര്യത്തിലും രാജ്യത്തിന് മാതൃകയായി നില്‍ക്കുന്നത് കേരളമാണ്. പൂജ്യം ശതമാനം ആണ് കേരളത്തിന്റെ വാക്‌സിന്‍ വേസ്റ്റേജ്.












Click it and Unblock the Notifications