25 കോടിയുടെ ഭാഗ്യശാലി ഓട്ടോ ഡ്രൈവറായ അനൂപ്; ടിക്കറ്റ് വാങ്ങിയത് കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച്
തിരുവനന്തപുരം: കേരളം കാത്തിരുന്ന ഭാഗ്യശാലിയെ കണ്ടെത്തി. 25 കോടിയുടെ ഓണം ബംബര്‍ അടിച്ചത് ശ്രീവരാഹം സ്വദേശിയായ അനൂപിനാണ്. ഓട്ടോ ഡ്രൈവറാണ് ഇദ്ദേഹം. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ TJ 750605 എന്ന ടിക്കറ്റിലൂടെയാണ് അനുപിനെ തേടി സമ്മാനം എത്തിയത്.
ഇന്നലെ രാത്രിയാണ് ഏജൻസിയിൽ നിന്നും അനൂപ് ടിക്കറ്റ് എടുത്തത്. അനൂപിന്റെ പിതൃസഹോദരിയുടെ മകൾ സുജയ പഴവങ്ങാടി ഏജൻസിയിലെ ജീവനക്കാരിയാണ്. 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടിയാണ് ഒന്നാം സമ്മാനക്കാരന് ലഭിക്കുക.

ടിക്കറ്റ് അടിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് അനൂപ് പ്രതികരിച്ചു. 'ടിക്കറ്റ് അടിക്കുമെന്ന് കരുതിയൊന്നുമല്ല എടുത്തത്. അപ്രതീക്ഷമായി പോയി. അടിച്ചതിന്റെ സന്തോഷം മാത്രമാണ്. എന്ത് ചെയ്യണമെന്നൊന്നും പ്ലാൻ ചെയ്തിട്ടില്ല.ഉടൻ തന്നെ ഏജൻസിയിലേക്ക് പോകും',അനൂപ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഫലം വന്നപ്പോൾ ഒന്നാം സമ്മാനം തന്നെയാണോ ലഭിച്ചതെന്ന സംശയമായിരുന്നു. ഭാര്യയാണ് സമ്മാനത്തുക നോക്കി ഉറപ്പിച്ചതെന്നും അനൂപ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. മുൻപൊരിക്കൽ 5,000 രൂപ ടിക്കറ്റ് അടിച്ചിട്ടുണ്ടെന്നും ഇത്രയും വലിയ തുക ലഭിച്ചതിന്റെ ടെൻഷനും ഉണ്ടെന്നും അനൂപ് പറഞ്ഞു.
മലേഷ്യയിലേക്ക് ഷെഫിന്റെ ജോലിക്കായി പോകാൻ ഇരിക്കുകയായിരുന്നു താനെന്നും അനൂപ് പറഞ്ഞു. ഓണം ബംബർ എടുക്കണമെന്ന് വിചാരിച്ചപ്പോൾ അതിനുള്ള 500 രൂപ കൈയ്യിൽ ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച് അതിൽ നിന്നുള്ള പണം കൊണ്ടാണ് ടിക്കറ്റ് വാങ്ങാൻ തീരുമാനിച്ചത്. 500 രൂപയ്ക്ക് ടിക്കറ്റ് എടുക്കേണ്ടെന്ന് ഭാര്യ പറഞ്ഞിരുന്നുവെന്നും അനൂപ് പറയുന്നു. ഭാര്യയും കുഞ്ഞും അമ്മയും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിനാണ് സമ്മാനം. കോട്ടയം മീനാക്ഷി ഏജൻസിയുടെ പാലായിലുള്ള ബ്രാഞ്ചിൽ നിന്നാണ് ഈ ടിക്കറ്റ് വിറ്റത്. പാപ്പച്ചൻ എന്നയാളാണ് ഈ ടിക്കറ്റ് വിറ്റത്. 1 കോടി വീതം പത്ത് പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 എന്നിവയാണ് മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകൾ.












Click it and Unblock the Notifications