കേരളത്തില്‍ 29 പേര്‍ക്ക് കൂടി ഒമൈക്രോണ്‍; ആകെ 181 രോഗികള്‍, 42 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
തിരുവനന്തപുരത്ത് 9 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്. ആലപ്പുഴയില്‍ 3 പേര്‍ യുഎഇയില്‍ നിന്നും 2 പേര്‍ യുകെയില്‍ നിന്നും, തൃശൂരില്‍ 3 പേര്‍ കാനഡയില്‍ നിന്നും, 2 പേര്‍ യഎഇയില്‍ നിന്നും, ഒരാള്‍ ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും, മലപ്പുറത്ത് 6 പേര്‍ യുഎഇയില്‍ നിന്നും വന്നതാണ്.

ഇതോടെ സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 52 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 109 പേരും എത്തിയിട്ടുണ്ട്. 20 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു. എറണാകുളം 16, തിരുവനന്തപുരം 15, തൃശൂര്‍ 4, ആലപ്പുഴ 3, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ 139 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം, രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഒമൈക്രോണ്‍ കേസുകളുടെ എണ്ണം കൂടിക്കൂടി വരുകയാണ്. ദില്ലിയില്‍ പുതിയ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം കൂടിക്കൂടിവരുകയാണ്. ഇചുവരെ മഹാരാഷ്ട്രയില്‍ 510 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ 1700ഓളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിനിടെ, അന്താരാഷ്ട്ര യാത്രയുടെ ചരിത്രമോ അന്താരാഷ്ട്ര സഞ്ചാരിയുമായി സമ്പര്‍ക്കമോ ഇല്ലാത്തവരിലാണ് ഇത്തരം ഒമിക്റോണ്‍ കേസുകളില്‍ പലതും കണ്ടെത്തിയതെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ഇത് കൂടുതല്‍ ആശങ്കയ്ക്ക് വഴിവയ്ക്കുന്നുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ കൊവിഡ് കേസുകളുടെ വ്യാപനത്തിന് കാരണം ഒമൈക്രോണ്‍ വകഭേദമാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം.












Click it and Unblock the Notifications