കോളറ: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്, ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ, പ്രതിരോധ മാർഗങ്ങളും
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപെട്ടാൽ അടിയന്തരമായി വൈദ്യപരിശോധന നടത്തണമെന്നും മുന്നറയിപ്പിൽ പറയുന്നു. രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. വയറിളക്ക രോഗങ്ങളിൽ ഗുരുതരമാകുന്ന ഒന്നാണ് കോളറയെന്നും മുന്നറിയിപ്പിൽ പറയുന്നു.
കോളറ മുതിർന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിന്റെ രൂപത്തിൽ വയറിളകി പോകുന്നതാണ് പ്രധാന ലക്ഷണം. കൂടുതൽ തവണ വയറിളകി പോകുന്നതിനാൽ വളരെ പെട്ടെന്ന് നിർജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയിൽ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ മലം പരിശോധനയ്ക്ക് അയക്കേണ്ടതും നിർജലീകരണം ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. ആന്റി ബയോട്ടിക് ചികിത്സ എത്രയും വേഗം ആരംഭിക്കേണ്ടതാണ്. ഡോക്സിസൈക്ലിൻ, അസിത്രോമൈസിൻ എന്നിവ ഫലപ്രദമാണ്.
വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം. കരിക്കിൻ വെള്ളം എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
വയറിളക്ക രോഗം ഉള്ളപ്പോൾ ഒ ആർ എസിനൊപ്പം സിങ്ക് ഗുളിക നൽകേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഓ ആർ എസ്, സിങ്ക് ഗുളിക എന്നിവ സൗജന്യമാണ്.
രോഗ ലക്ഷണങ്ങൾ കാണിക്കുന്നുവർ ഏറ്റവും അടുത്തുള്ള കിടത്തി ചികിത്സ സൗകര്യമുള്ള ആശുപത്രിയിൽ എത്തേണ്ടത്.
പ്രതിരോഗ മാർഗങ്ങൾ:
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്ക രോഗങ്ങൾ തടയാൻ കഴിയും.
നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ കുടിക്കാൻ ഉപയോഗിക്കാവൂ
മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത് മാത്രമെ ഭക്ഷിക്കാവൂ
ഐസ്ക്രീമും മറ്റ് പാനീയങ്ങളും പാകം ചെയ്യാത്ത മത്സ്യത്തോടൊപ്പം ഒരുമിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല
പച്ചവെള്ളവും തിളപ്പിച്ച വെള്ളവും കൂട്ടിച്ചേർത്ത് ഉപയോഗിക്കരുത്
ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം.
ആഹാര സാധനങ്ങൾ ഈച്ച കയറാതെ അടച്ച് സൂക്ഷിക്കണം












Click it and Unblock the Notifications