വേഗം കൂടിയാല്‍ ഇനി പണി പോസ്റ്റലായി വരും
തിരുവനന്തപുരം: നല്ലൊരു വണ്ടിയും മികച്ച റോഡും ഉണ്ടെങ്കില്‍ എന്തും കാണിക്കാം എന്ന് കരുതുന്ന വിരുതന്‍മാര്‍ക്ക് കിടിലന്‍ പണിയുമായി കേരള പോലീസ് രംഗത്ത്. ഗള്‍ഫ് നാടുകളിലും ബാംഗ്ലൂരിലും ഒക്കെ ഉള്ളത് പോലുള്ള വാഹന വേഗ പരിശോധന കേരളത്തിലും എത്തിയിരിക്കുന്നു.
റോഡില്‍ നിയമം തെറ്റിക്കുന്നവരെ പിടികൂടാന്‍ വേണ്ടി മാത്രമായി ഒരു കണ്‍ട്രോള്‍ റൂം ആണ് തുറക്കാന്‍ പോകുന്നത്. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ നിയമലംഘകരെ ചിത്രസഹിതം കണ്‍ട്രോള്‍ റൂമില്‍ എത്തിക്കും. പിന്നെ പിഴയടക്കേണ്ടിന്റെ ചെലാനും ഫോട്ടോയും അടക്കം വീട്ടില്‍ പോസ്റ്റ് മാന്‍ കൊണ്ടുവന്ന് തരും.

വാഹനങ്ങളുടെ അമിതവേഗം പിടികൂടാനാണ് ഈ പദ്ധതി. നിശ്ചിത പരിധിക്കപ്പുറം വേഗം കൂടിയാല്‍ ക്യാമറകള്‍ വണ്ടിയും നമ്പറും സഹിതം ഒപ്പിയെടുക്കും. കണ്‍ട്രോള്‍ റൂമിലെ സിസ്റ്റം മോട്ടോര്‍ വാഹന വകുപ്പിന്റെ സെര്‍വ്വറുമായി കണക്ടഡ് ആയിരിക്കും. അപ്പോള്‍ വാഹന ഉടമയെ കണ്ടെത്താനും വിഷമം ഉണ്ടാകില്ല.
ഗള്‍ഫ് നാടുകളില്‍ പരീക്ഷിച്ച് വിജയിച്ച സംഭവം ആണിത്. മെട്രോനഗരമായ ബാംഗ്ലൂരിലും ഈ സംവിധാനം നിലവില്‍ ഉണ്ട്.
വേഗം അധികം വേണ്ട വാഹനങ്ങളെ പക്ഷേ ഈ പരിശോധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ആംബുലന്‍സുകളെ. മന്ത്രിവാഹനങ്ങള്‍ വേഗം നിയന്ത്രിക്കണം എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കണ്‍ട്രോള്‍ റൂമിലെ പോലീസുകാര്‍ മന്ത്രിമാരെ കാക്കും എന്നാണ് വിവരം.
സംസ്ഥാനത്തെ ആറ് പ്രധാന പാതകളിലാണ് തുടക്കത്തില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. കോവളം -കൊട്ടിയം, ശക്തികുളങ്ങര-അനപലപ്പുഴ, എംസി റോഡ്, ആലപ്പുഴ-ചങ്ങനാശേരി, തൃശൂര്‍-കുറ്റിപ്പുറം, പാലക്കാട്-മലപ്പുറം റോഡുകളാണ് ഇവ. 100 ക്യാമറ സംവിധാനങ്ങളാണ് സ്ഥാപിക്കുന്നത്. തിരുവനന്തപുരത്തെ പോലീസ് പരിശീലന കേന്ദ്രത്തില്‍ ആണ് കണ്‍ട്രോള്‍ റൂം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 21 മുതല്‍ അമിതവേഗക്കാരെ പിടിച്ച് തുടങ്ങും.












Click it and Unblock the Notifications