ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിലാണ് മുന്നറിയിപ്പ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. വ്യാഴാചയും കണ്ണൂർ, കാസർഗോഡ് ജില്ലയിൽ യെല്ലോ അലേർട്ടാണ്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നു.
ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ചൊവ്വ, ബുധന്ഡസ വ്യാഴം , വെള്ളി ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.
ജാഗ്രത നിർദേശങ്ങൾ
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.












Click it and Unblock the Notifications