വീണ്ടും മഴ ശക്തമാകുന്നു; രണ്ട് ചക്രവാതച്ചുഴി; ഒരാഴ്ച മഴയ്ക്ക്, രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതേ സമയം, പടിഞ്ഞാറൻ രാജസ്ഥാൻ കച്ച് മേഖലയിൽ നിന്ന് നാളെയോടെ (സെപ്റ്റംബർ 23) കാലവർഷം പിൻവാങ്ങൽ ആരംഭിക്കാൻ സാധ്യത. ഉയർന്ന ലെവലിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു ചക്രവാത ചുഴി മ്യാന്മാറിന് മുകളിൽ സ്ഥിതി ചെയ്യുന്നു.

രണ്ട് ചക്രവാതചുഴിയുടെയും സ്വാധീനത്തിൽ സെപ്റ്റംബർ 23 ഓടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനു മുകളിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത. കേരളത്തിൽ അടുത്ത 7 ദിവസം മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 23, 24 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അതേ സമയം, അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും ( 5-15m m/ hour) മണിക്കൂറിൽ 40 കിലോ മീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ തിങ്ങൾ മുതൽ മുതൽ ചൊവ്വ വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തിങ്കളും ചൊവ്വയും കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
പ്രത്യേക ജാഗ്രതാ നിർദേശം
തിങ്കൾ മുതൽ വ്യാഴം വരെ: തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.












Click it and Unblock the Notifications