ദാന ചുഴലിക്കാറ്റ്: സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളില്‍ ഓറഞ്ച് അലർട്ട്, ഏഴിടത്ത് യെല്ലോ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. 'ദാന' ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിലാണ് കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യാഴാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്. ഈ നാല് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ നാളെയും യെല്ലോ അലർട്ട് നിലനില്‍ക്കും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുന്നത്.

അതേസമയം, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കരതൊട്ടേക്കും. വ്യാഴാഴ്ച അർദ്ധരാത്രിക്കും വെള്ളിയാഴ്ച പുലർച്ചെക്കുമിടയിൽ ഒഡീഷ പുരിയുടെയും പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിക്കുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കും ഈ സാഹചര്യത്തില്‍ വലിയ സുരക്ഷാ മുന്നൊരുക്കങ്ങളും മേഖലയില്‍ സ്വീകരിച്ചിട്ടുണ്ട്.
14 ജില്ലകളിലായി ആകെ പത്തുലക്ഷം പേരെ മാറ്റിപ്പാർപ്പിക്കാനുള്ള നിർദേശം നല്‍കിയിട്ടുണ്ട്. ആളുകളെ താമസിപ്പിക്കുന്നതിനായി ആറായിരം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നതായി സർക്കാർ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളെയെല്ലാം തീരത്ത് എത്തിക്കുകയും ചുഴലിക്കാറ്റം നാശം വിതച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇടങ്ങളിലായി എൻ ഡി ആർ എഫിന്റെ 288 സംഘത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രപാഡ, ഭദ്രക്, ബാലസോർ ജില്ലകളില്‍ വെള്ളപ്പൊക്ക സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങളിൽ പ്രദേശത്തിന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം തെക്കന്‍ ജില്ലകളില്‍ ഇന്നലെ വൈകീട്ടോടെ തന്നെ വ്യാപക മഴ പെയ്തുതുടങ്ങി. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളുടെ മേഖലകളില്‍ മഴ തുടരുകയാണ്.
വാട്ടർ സ്പൗട്ട് പ്രതിഭാസം
തിരുവനന്തപുരം വിഴിഞ്ഞത്ത് വാട്ടർ സ്പൗട്ട് പ്രതിഭാസമുണ്ടാവുകയും ചെയ്തു. പ്രാദേശികമായ ആനക്കാല്‍ എന്ന് അറിയപ്പെടുന്ന ഈ പ്രതിഭാസം കണ്ട് ചുഴലിക്കാറ്റാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു. തീരത്ത് നിന്ന് ഏകദേശം അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെയാണ് വാട്ടർ സ്പൗട്ട് രൂപപ്പെട്ടത്. 4.50 ന് ആരംഭിച്ച ഈ പ്രതിഭാസം 25 മിനുട്ടോളം നീണ്ടു നിന്നു.
ക്യമുലോനിംബസ് എന്ന മഴമേഘം കടലിലേക്ക് ചോർപ്പിന്റെ ആകൃതിയിൽ ഇറങ്ങി വരുന്നതാണ് വാട്ടർ സ്പൗട്ട്. മേഘത്തിന് ശക്തിയേറുമ്പോള്‍ മുകളിലേക്ക് ജലം വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അന്തരീക്ഷത്തിലെ ചൂടാണ് ഈ പ്രതിഭാസത്തിന് ഇടയാക്കുന്ന പ്രധാന കാരണങ്ങളിലൊന്നു.












Click it and Unblock the Notifications