കേരളത്തിൽ തുലാവർഷം ശക്തിപ്രാപിക്കും; ന്യൂനമർദ്ദം രൂപപ്പെട്ടു, നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം ശക്തിപ്രാപിച്ചേക്കും. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് കേരളത്തിലെ മഴ സാഹചര്യങ്ങൾ വീണ്ടും മാറ്റം കൊണ്ട് വരുന്നത്. ഇത് കൂടാതെ അറബിക്കടലിന് മുകളിലായി ഒരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളിൽ നവംബർ പതിനാറ് വരെയാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. ഇത് കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകളും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. നാളെ കേരളത്തിലെ അഞ്ച് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നവംബർ പതിമൂന്നിന് മഴ മുന്നറിയിപ്പുള്ളത്. നവംബർ പതിനാല് വ്യാഴാഴ്‌ച ആകെ എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
നിലവിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. കൂടാതെ ഇതിനൊപ്പം തന്നെ ഇടിമിന്നലിനുള്ള സാധ്യതയും കൽപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജാഗ്രതാ പാലിക്കണമെന്നാണ് നിർദ്ദേശം. അടുത്തിടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലേറ്റുള്ള അപകടങ്ങൾ കൂടിവന്നു സാഹചര്യത്തിൽ പ്രത്യേകിച്ചും ജാഗ്രത വച്ച് പുലർത്തുന്നത് നന്നാവും.
നവംബർ പതിനഞ്ച് വെള്ളിയാഴ്‌ച സംസ്ഥാനത്തെ ആറ് ജില്ലകളിലാണ് മഴ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇത്. കൂടാതെ നവംബർ 16 ശനിയാഴ്‌ചയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് ഈ ദിവസം മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
അതേസമയം, ആദ്യഘട്ടത്തിൽ തുലാവർഷം വിചാരിച്ച അത്രയും ശക്തമാവാതെ വന്നതോടെ വടക്കൻ കേരളത്തിൽ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇക്കുറി രാത്രിയും പകലും താരതമ്യേന കൂടിയ ചൂടാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്, അതിൽ വടക്കൻ ജില്ലകളാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നതും.
നിലവിലെ സാഹചര്യത്തിൽ വരാനിരിക്കുന്ന ദിവസങ്ങളിൽ മഴ പെയ്‌തില്ലെങ്കിൽ ചൂട് ഇനിയും ഉയർന്നേക്കും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ മഴ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഇക്കുറി നവംബർ മാസം കൂടുതൽ ചൂടേറിയത് എന്ന റെക്കോർഡിലേക്ക് നടന്നുകയറും.












Click it and Unblock the Notifications