വിരട്ടേണ്ട, ഏതെങ്കിലും ഒരുവിഭാഗത്തിന് മാത്രം സൗജന്യം നല്‍കാനാകില്ല; സ്‌കൂള്‍ സമയമാറ്റത്തില്‍ ശിവന്‍കുട്ടി
കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി സ്‌കൂള്‍ സമയമാറ്റത്തില്‍ സൗജന്യം കൊടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യാസമാണ് ഏറ്റവും പ്രധാനപ്പെട്ടത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നതൊന്നും ശരിയായ ന്യായമല്ല. സ്‌കുളിലെ സമയം മാറ്റണമെന്ന് ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്, അവരുടെ ആവശ്യത്തിന് വേണ്ടി അവര്‍ സമയം ക്രമീകരിക്കുകയാണ്. നിലവില്‍ സ്‌കൂള്‍ സമയമാറ്റം സര്‍ക്കാറിന്റെ ആലോചനയിലില്ല. 37 ലക്ഷം വിദ്യാര്‍ഥികളെ ബാധിക്കുന്ന പ്രശ്‌നമാണിത്,' വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

നേരത്തെ സ്‌കൂളുകളില്‍ സമയമാറ്റം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സമസ്തയുടെ എപി - ഇകെ വിഭാഗം രംഗത്തെത്തിയിരുന്നു. സ്‌കൂള്‍ സമയം മാറ്റുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസമാകും എന്നായിരുന്നു ഇവരുടെ വാദം. സ്‌കൂള്‍ സമയമാറ്റം മുസ്‌ലിം സമുദായത്തിന്റെ മദ്രസ വിദ്യാഭ്യാസ സംവിധാനത്തെ സാരമായി ബാധിക്കുമെന്നും ഇതിനെതിരെ അന്തിമ വിജയം നേടും വരെ പോരാടുമെന്നും സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷനും പറഞ്ഞിരുന്നു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചിച്ച് ഉത്തമ തീരുമാനമെടുക്കണമെന്ന് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എംടി അബ്ദുല്ല മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. അതേസമയം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും തീരുമാനം മാറ്റണം എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സമസ്ത പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എന്ന മുന്നറിയിപ്പും സമുദായ നേതാക്കള്‍ നടത്തിയിരുന്നു.
വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ആലോചനയോടെ വേണമെന്നായിരുന്നു കാന്തപുരം വിഭാഗത്തിന്റെ പ്രതികരണം. സമയ മാറ്റങ്ങളില്‍ വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്ക പരിഹരിക്കണമെന്നും എ പി സമസ്ത ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മതസംഘടനകളുമായി കൂടിയാലോചന നടത്തണം എന്നാണ് ഇവരുടെ ആവശ്യം. മദ്രസ സമയത്തെ ബാധിക്കാത്ത രീതിയില്‍ തന്നെ സ്‌കൂള്‍ സമയം ക്രമീകരിക്കാവുന്നതാണ് എന്നും കൂടിയാലോചനയില്ലാതെ ഇത്തരമൊരു നീക്കം സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകരുത് എന്നും നേതാക്കള്‍ പറഞ്ഞിരുന്നു.
അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഗസ്റ്റ് അഞ്ചിന് ജില്ലാ കലക്ടറേറ്റുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും എന്ന് സമസ്ത നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 30ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും നടത്തും. സമരങ്ങള്‍ക്ക് മുന്നോടിയായി ജൂലൈ 20 നു മുമ്പ് ജില്ല കണ്‍വെന്‍ഷനുകളും 25 നു മുമ്പ് റേഞ്ച് തല കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കും.












Click it and Unblock the Notifications