ആശ്വാസ മഴയെത്തുമോ? ആദ്യമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ഈ ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കൊടുംചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വേനൽമഴ ശക്തമാവുന്നതിന്റെ സൂചനയാണ് ഏറ്റവു ഒടുവിൽ കാലാവസ്ഥാ വകുപ്പ് നൽകുന്നത്. അടുത്ത 3 മണിക്കൂറിൽ കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. അതിനിടെ ഇന്ന് സംസ്ഥാനത്ത് ആദ്യമായി വേനൽക്കാലത്ത് യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. മെയ് ഏഴാം തീയതി വയനാട് ജില്ലയിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പ് നൽകിയത്.

വയനാട് ജില്ലയിൽ മെയ് ഏഴാം തീയതി യെല്ലോ അലർട്ട് പ്രഖ്യാപിച്ചതോടെ മഴ കനക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലെ ചൂടിന് ശമനം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് കടുത്ത ചൂട് തുടരുകയാണ്. വേനൽമഴ കാര്യമായി പെയ്യാത്തതും വലിയ തോതിൽ ചൂട് ഉയരാൻ ഇടയാക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇതിന് പുറമെ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആവാനുള്ള സാധ്യത കണക്കിലെടുത്താണ് കേരളത്തിൽ ഉഷ്‌ണ തരംഗം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതോടെ പകൽ സമയത്ത് പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് അധികൃതർ ആവശ്യപ്പെടുന്നത്. സൂര്യതാപവും സൂര്യാഘാതവും ഏൽക്കാൻ സാധ്യത കൂടുതലാണ് എന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ വേനൽമഴ എത്തിയാൽ പകുതി ആശ്വാസമാവും എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications