കേരളത്തിലും വരുന്നു മണ്ണിനടിയിലൂടെ റെയില്‍പാത; വിഴിഞ്ഞത്തിന്റെ മുഖം മാറുന്നു
തിരുവനന്തപുരം: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കൊണ്ട് കേരളത്തിലും വരുന്നു ഭൂഗര്‍ഭ റെയില്‍പ്പാത. വിഴിഞ്ഞം തുറമുഖത്തിനോട് അനുബന്ധിച്ചാണ് റെയില്‍പ്പാത വരുന്നത്. തുറമുഖത്തിന്റെ ചരക്കുനീക്കത്തിനായുള്ള റെയില്‍പ്പാതയുടെ നിര്‍മ്മാണത്തിന് അടുത്ത വര്‍ഷം തുടക്കമാകും എന്നാണ് വിവരം. ബാലരാമപുരം മുതല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വരെയാണ് റെയില്‍പ്പാത നിര്‍മിക്കുന്നത്.
10.76 കി.മീറ്റര്‍ ദൂരമാണ് റെയില്‍പാത ഉണ്ടാകുക. ഇതില്‍ 9.5 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ് കടന്ന് പോകുന്നത്. ബാലരാമപുരം മുടവൂര്‍പ്പാറ മുതല്‍ തുറമുഖ നിര്‍മ്മാണപ്രദേശം വരെ ഒറ്റവരിയായാണ് പാത നിര്‍മ്മിക്കുക. ബാലരാമപുരത്ത് നിന്ന് ഇത് രണ്ടായി തിരിഞ്ഞ് ഒന്ന് ഒന്ന് നേമം സ്റ്റേഷനിലേക്കും മറ്റൊന്ന് ബാലരാമപുരം സ്റ്റേഷനിലേക്കും പോകുന്ന തരത്തിലാണ് നിര്‍മാണം. ഭൂമി തുരന്നുള്ള നിര്‍മാണം മുക്കോല ഭാഗത്ത് നിന്നും ആരംഭിക്കും.

Image Credit: Meta AI
ഇവിടെ നിന്ന് ബാലരാമപുരം ഭാഗത്തേക്കും വിഴിഞ്ഞം ഭാഗത്തേക്കും തിരിയും. ഇതേ സമയത്തുതന്നെ ബാലരാമപുരത്ത് നിന്നും പാതയ്ക്കായി ഭൂമി തുരന്ന് തുടങ്ങും. ഭൂഗര്‍ഭപാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ 65 ശതമാനവും മണ്ണാണ്. അതിനാല്‍ തുരക്കുന്ന ഭാഗം ഓരോ ഘട്ടകത്തിലും കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയ ശേഷമേ അടുത്ത ഘട്ടത്തിലേക്ക് മുന്നോട്ട് പോകൂ.
വിഴിഞ്ഞം വില്ലേജിലെ വിവിധ സര്‍വേ നമ്പരുകളില്‍ ഉള്‍പ്പെടുന്ന ഏകദേശം 82.90 ആര്‍ ഭൂമിയാണ് ഭൂഗര്‍ഭപാതയുടെ ഭാഗമായി ഏറ്റെടുക്കേണ്ടി വരിക. പദ്ധതി പ്രദേശത്തെ 33 ഓളം മരങ്ങള്‍ മുറിച്ച് മാറ്റേണ്ടതായിവരും. എന്നാല്‍ പ്രദേശത്തെ മത- സാംസ്‌കാരിക കേന്ദ്രങ്ങളെ ബാധിക്കില്ല. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ റവന്യൂ വകുപ്പ് പൂര്‍ത്തിയാക്കുന്നതിന് അനുസരിച്ച് ഭൂമി തുറമുഖ കമ്പനി ചീഫ് എക്സിക്യുട്ടിവ് ഓഫീസര്‍ക്ക് കൈമാറും.
കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ് നിര്‍മാണ ചുമതല. ഭൂഗര്‍ഭപാത നിര്‍മാണവുമായി ബന്ധപ്പെട്ട് 17 വീടുകളില്‍ താമസിക്കുന്ന 38 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. 11 വീടുകള്‍ പൂര്‍ണമായും പൊളിച്ചുമാറ്റേണ്ടി വരും. 1200 കോടി രൂപയാണ് പദ്ധതി ചെലവായി കണക്കാക്കുന്നത്. 42 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. വിഴിഞ്ഞം - മുക്കോല - ബാലരാമപുരം റോഡിന് സമാന്തരമായാണ് ഭൂഗര്‍ഭപാത കടന്നുപോകുക.
രാജ്യത്തെ വലിയ മൂന്നാമത്തെ റെയില്‍വേ ടണല്‍ ആയിരിക്കും ഇത്. ചെലവേറിയ ടണല്‍ ബോറിംഗ് മെഷീന്‍ രീതിക്ക് പകരം ചെലവ് കുറഞ്ഞ ആധുനിക ഡ്രില്ലിംഗ് ബ്‌ളാസ്റ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഭൂഗര്‍ഭപാത നിര്‍മ്മിക്കുന്നത്. തുറമുഖത്തിന് 150 മീറ്റര്‍ അടുത്ത് വരെ റെയില്‍പ്പാതയെത്തും.












Click it and Unblock the Notifications