നീനുവിന്റെ മാതാപിതാക്കള്‍ പെട്ടു; കോട്ടയത്ത് നിന്ന് മുങ്ങി, പ്രതി ചേര്‍ത്തു!! പോലീസ് തമിഴ്‌നാട്ടില്‍
കോട്ടയം: കെവിന്‍ വധക്കേസില്‍ ഭാര്യ നീനുവിന്റെ മാതാപിതാക്കള്‍ പ്രതികളാകും. പിതാവ് ചാക്കോയെ പ്രതി ചേര്‍ത്തുവെന്ന് പോലീസ് അറിയിച്ചു. അമ്മയുടെ പങ്ക് സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്. കെവിന്റെ മരണത്തില്‍ അവര്‍ക്കു പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പ്രതിചേര്‍ക്കും. കേസില്‍ കുടുങ്ങുമെന്ന് കണ്ട നീനുവിന്റെ മാതാപിതാക്കള്‍ ഒളിവില്‍ പോയി. കഴിഞ്ഞദിവസം അവര്‍ കോട്ടയത്തുണ്ടായിരുന്നു. പോലീസ് അരിച്ചുപെറുക്കുകയാണ്. നീനുവിന്റെ സഹോദരന്‍ ഷാനുവിനെയും പോലീസ് തിരയുന്നുണ്ട്. ഇവര്‍ മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ 14 പ്രതികളാണുള്ളതെന്ന് പോലീസ് അറിയിച്ചു. കേസന്വേഷണത്തിന്റെ വിശദ വിവരങ്ങള്‍ ഇങ്ങനെ....

അമ്മയെ പ്രതി ചേര്‍ക്കുമോ
കെവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോകാന്‍ കാറിലെത്തിയത് 13 പേരാണ്. ഇവരെ കൂടാതെ നീനുവിന്റെ അച്ഛന്‍ ചാക്കോയെയും പ്രതി ചേര്‍ത്തു. ഇതോടെ കേസില്‍ 14 പ്രതികളാണുള്ളത്. നീനുവിന്റെ അമ്മയ്ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. തെളിവ് ലഭിച്ചാല്‍ അവരെയും പ്രതിചേര്‍ക്കും.

ബന്ധുക്കളെ ചോദ്യം ചെയ്തു
കെവിനെ തട്ടിക്കൊണ്ടുപോയ സംഭവം നീനുവിന്റെ മാതാപിതാക്കളുടെ അറിവോടെയാണെന്നാണ് പോലീസ് കരുതുന്നത്. നീനുവിന്റെ ബന്ധുക്കളായ നിയാസും റിയാസും അറസ്റ്റിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നീനുവിന്റെ മാതാപിതാക്കളുടെ പങ്ക് വ്യക്തമായത്. ഈ സാഹചര്യത്തിലാണ് പിതാവിനെ പ്രതി ചേര്‍ത്തത്.

ബന്ധുവിന്റെ നിര്‍ണായക മൊഴി
നീനുവിന്റെ ബന്ധു ലൈല ബീവി മാതാപിതാക്കളുടെ പങ്ക് സംബന്ധിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രതി ചേര്‍ക്കുമെന്ന് മാതാപിതാക്കള്‍ക്ക് സംശയമുണ്ടായിരുന്നു. പോലീസ് ഇവരെ തിരയുന്നുണ്ട്. കോട്ടയത്ത് വ്യാപക തിരച്ചില്‍ നടത്തി. പക്ഷേ കണ്ടെത്താനായില്ല.

പൂട്ടുപൊളിച്ച് പരിശോധന
കോട്ടയത്ത് നിന്ന് നീനുവിന്റെ മാതാപിതാക്കള്‍ മുങ്ങിയിട്ടുണ്ട്. തെന്മലയിലെ അവരുടെ വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തി. വീട് പൂട്ടിയിരുന്നു. പൂട്ട് പൊളിച്ച് പോലീസ് അകത്തുകടന്നു പരിശോധിച്ചു. കാര്യമുണ്ടായില്ല. പത്തനാപുരത്തും തിരച്ചില്‍ നടത്തി. നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെ ഭാര്യവീട് പത്താനപുരത്താണ്.

തമിഴ്‌നാട്ടിലും തിരച്ചില്‍
കേസില്‍ മൂന്ന് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. നീനുവിന്റെ ബന്ധുക്കളാണിവര്‍. പിടികൂടാനുള്ളവരിലും നീനുവിന്റെ ബന്ധുക്കളുണ്ട്. ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് പോവീസ് കരുതുന്നത്. തുടര്‍ന്ന് വിവരം തമിഴ്‌നാട് പോലീസിന് കൈമാറി. കൂടാതെ അന്വേഷണ സംഘം തമിഴ്‌നാട്ടിലും തിരച്ചില്‍ നടത്തുന്നുണ്ട്.

അക്രമി സംഘം പലവഴിക്കായി
പാല ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടില്‍ തിരച്ചില്‍ നടത്തുന്നത്. തെങ്കാശി, തിരുനല്‍വേലി എന്നിവിടങ്ങളിലാണ് തിരച്ചില്‍. കെവിന്റെ മരണത്തിന് ശേഷം അക്രമി സംഘം പലവഴിക്കായി നീങ്ങുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്.

പോലീസുകാരുടെ മൊഴിയെടുത്തു
പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചു. ഇവരെ ഉടന്‍ പിടികൂടും. സസ്‌പെന്‍ഷനിലുള്ള ഗാന്ധിനഗര്‍ എസ്‌ഐ ഷിബുവിന്റെയും സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരുടെയും മൊഴിയെടുത്തു. ഇവിടെയാണ് നീനു ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കാനെത്തിയിത്.

മുന്‍കൂര്‍ ജാമ്യത്തിന് കോടതിയില്‍
അതിനിടെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നീനുവിന്റെ സഹോദരനുള്‍പ്പെടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കെവിന്റെത് മുങ്ങി മരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ഗുരുതരമായ പരിക്കുകള്‍ ശരീരത്തിലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആന്തരക അവയവങ്ങള്‍ പരിശോധിക്കും
മര്‍ദ്ദനം മൂലമുള്ള പരിക്കുകളാണ് ശരീരത്തില്‍ കണ്ടത്. എന്നാല്‍ ഈ പരിക്കല്ല മരണത്തിന് കാരണം. മുങ്ങിമരണമാണെന്നാണ് നിഗമനം. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വെള്ളിത്തിലട്ടതാകാം. അല്ലെങ്കില്‍ രക്ഷപ്പെടാന്‍ എടുത്ത് ചാടിയതാകാം. ആന്തരക അവയവങ്ങളുടെ പരിശോധന കൂടി നടത്തും. അതിന് ശേഷമേ അന്തിമ റിപ്പോര്‍ട്ട് കൈമാറൂ.












Click it and Unblock the Notifications