ചുംബന സമരം; രണ്ടുംകല്‍പ്പിച്ച് ശിവസേന
കോഴിക്കോട്: സദാചാര ഗുണ്ടായിസത്തിനെതിരെ സോഷ്യല്‍ മീഡിയയുടെ നേതൃത്വത്തില്‍ ഒരുസംഘം നടത്തിവരുന്ന ചുംബന സമരത്തിനെതിരായ പ്രതിഷേധം തുടരുമെന്ന് ശിവസേനയുടെ മുന്നറിയിപ്പ്. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നതാണ് ചുംബന സമരമെന്നും സ്വാതന്ത്ര്യമെന്നാല്‍ എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്നും ശിവസേന എക്‌സിക്യൂട്ടിവ് അംഗം കെ. തുളസിദാസ് പറഞ്ഞു.
ചുംബന സമരത്തെ കായികമായി നേരിടുക ശിവസേനയുടെ രീതിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സമരക്കാര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടവരില്‍ ശിവസേന പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കും. പ്രതിഷേധവുമായി രംഗത്തിറങ്ങിയത് മുഴവന്‍ ശിവസേനക്കാരല്ല. ശിവസേനയ്ക്ക് ഇത്രയും പ്രവര്‍ത്തകര്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമരത്തില്‍ പങ്കെടുക്കുന്നവരുടെ കുടുംബ പശ്ചാത്തലം പരിശോധിക്കണം. മിക്കവരും ശിഥിലമായ കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് അനുകൂലമായി സാംസ്‌കാരിക നായകന്‍മാര്‍ പ്രതികരിക്കുന്നത് വൃത്തികേടുകളെ മഹത്വവത്കരിക്കുന്നതിന് തുല്യമാണ്. രാജ്യസ്‌നേഹകളെ ഇവര്‍ ഗുണ്ടകളായി ചിത്രീകരിക്കുകയാണെന്നും തുളസിദാസ് പറഞ്ഞു.
ചുംബന സമരവും അതിനിടയിലുള്ള മാവോയിസ്റ്റ് ആക്രമണവും പോലീസ് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന സമരത്തിനെതിരെയും ശക്തമായി പ്രതിഷേധിക്കാനാണ് ശിവസേനയുടെ പരിപാടി. ശിവസേന മാത്രമല്ല, സമരക്കാര്‍ക്കെതിരെ പ്രതികരിക്കുന്നകാര്യം പൊതുസമൂഹത്തിന് വിട്ടുകൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications