'ടിപി വധം പിണറായി വിജയന്റെ അറിവോടെ, ശൈലജയെ വടകരയിൽ മത്സരിപ്പിക്കുന്നത് കുരുതി കൊടുക്കാൻ'; കെകെ രമ
തിരുവനന്തപുരം: ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും ആരോപണവിധേയനാക്കി ചന്ദ്രശേഖരന്റെ ഭാര്യയും, വടകര എംഎൽഎയുമായ കെകെ രമ. ഇതിന് തെളിവായിരുന്നു പിണറായി വിജയന്റെ ആദ്യ പ്രതികരണമെന്നും കെകെ രമ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയിലായിരുന്നു രമ വീണ്ടും പിണറായിയെ പ്രതിക്കൂട്ടിലാക്കി പരാമർശം നടത്തിയത്.
കൊലയാളികൾ സഞ്ചരിച്ച കാറിന് പിന്നിൽ മാഷാ അള്ള എന്നാണ് എഴുതിയത്. ആ ഇന്നോവ കാർ കണ്ടെത്തും മുൻപ് തന്നെ കൊലയ്ക്ക് പിന്നിൽ മതതീവ്രവാദികളാണെന്ന പിണറായി വിജയന്റെ പ്രതികരണം മാത്രം മതി അത് മനസിലാക്കാനെന്നായിരുന്നു രമ പറഞ്ഞത്. സാങ്കേതിക കാരണങ്ങൾ മുൻനിര്‍ത്തിയാണ് ടിപി കേസിന്റെ ഗൂഢാലോചന കുറ്റത്തിൽ നിന്ന് പി മോഹനൻ പുറത്തുപോയതെന്നും അവർ ചൂണ്ടിക്കാട്ടി.

മേൽക്കോടതിയിൽ പോകുമ്പോൾ പി മോഹനന് പുറമെ മറ്റ് മുതിർന്ന നേതാക്കളായ പി ജയരാജനും എളമരം കരീമും പ്രതികളാകുമെന്നും അവർ പറഞ്ഞു. കെ ശൈലജയെ വടകരയിൽ മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തെയും അവർ കടുത്ത ഭാഷയിൽ വിമർശിച്ചു.
ശൈലജയെ വടകരയിൽ മത്സരിപ്പിക്കുന്നത് കുരുതി കൊടുക്കാനാണെന്നായിരുന്നു രമയുടെ വിമർശനം. കെകെ ശൈലജയുടെ സ്ഥാനാർത്ഥിത്വം കരുത്തരെ ഒതുക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. ടിപി വധത്തിലടക്കം ഒരുപാട് കാര്യങ്ങൾക്ക് സിപിഎം ഉത്തരം പറയേണ്ടിവരുമെന്നും രമ കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ ദിവസം ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികളുടെ ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി ശരിവച്ചത്. വിചാരണ കോടതിയുടെ ശിക്ഷ വിധിയാണ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലായിരുന്നു ഹൈക്കോടതിയുടെ വിധി.
മുതിർന്ന സിപിഎം നേതാവ് അന്തരിച്ച കുഞ്ഞനന്തന്‍ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിചാരണ കോടതിയുടെ വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. രണ്ട് പേരെ വെറുതെ വിട്ട നടപടി കോടതി റദ്ദാക്കുകയും ചെയ്‌തിരുന്നു. കെ കെ കൃഷ്‌ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടതാണ് ഹൈക്കോടതി റദ്ദാക്കിയത്. എന്നാല്‍ മോഹനന്‍ മാസ്‌റ്ററെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവെക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് രമയുടെ ആരോപണം.












Click it and Unblock the Notifications