കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ്; ഒടുവിൽ പച്ചക്കൊടി, രണ്ടാംഘട്ട നിർമ്മാണം ഉടൻ, ടെൻഡർ നടപടികളിലേക്ക്
കൊച്ചി: നഗരത്തിലെ റോഡുകളും ചെറിയ പാതകളും ഒക്കെ വികസനത്തിന്റെ പാതയിലാണ്. ഇപ്പോഴിതാ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാലതാമസത്തിനൊടുവിൽ ഏവരും കാത്തിരിക്കുന്ന സീപോർട്ട്-എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ സാങ്കേതിക അനുമതി ലഭ്യമായതോടെയാണ് ഇപ്പോൾ എയർപോർട്ട്-സീപോർട്ട് റോഡിന് പുതുജീവൻ വച്ചിരിക്കുന്നത്.
കളമശ്ശേരിയിലെ എച്ച്എംടി മുതൽ സൗത്ത് കളമശ്ശേരി-ആലുവയിലെ നേവൽ ആർമെന്റ് ഡിപ്പോ (എൻഎഡി) വരെയുള്ള 2.7 കിലോമീറ്റർ ദൂരത്തിനാണ് സംസ്ഥാന സർക്കാർ ഇപ്പോൾ സാങ്കേതിക അനുമതി നൽകിയിരിക്കുന്നത്. പദ്ധതിയുടെ ടെൻഡർ നടപടികൾ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് വ്യവസായ മന്ത്രിയാണ് പ്രഖ്യാപിച്ചത്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി സാങ്കേതിക അനുമതി ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

'എച്ച്എംടിയിൽ നിന്ന് ഏകദേശം 500 മീറ്റർ ഭൂമിയും എൻഎഡിയിൽ നിന്നുള്ള സ്ഥലവും ഏറ്റെടുത്ത് റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിന് (ആർബിഡിസികെ.) കൈമാറിയിട്ടുണ്ട്. ടെൻഡർ നടപടികൾ ആരംഭിക്കാൻ സാങ്കേതിക അനുമതി ലഭിച്ചു' എച്ച്എംടി-എൻഎഡി റോഡിനായുള്ള ടെൻഡർ വിജ്ഞാപനം ജനുവരി 20ന് പുറത്തിറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
ഇറുമ്പനത്ത് നിന്ന് നെടുമ്പാശ്ശേരി വരെ 25.7 കിലോമീറ്റർ നീളുന്ന സീപോർട്ട്-എയർപോർട്ട് റോഡിന്റെ നിർമ്മാണം ഭൂമി ഏറ്റെടുക്കൽ തർക്കങ്ങളും മറ്റ് സാങ്കേതിക തടസങ്ങളും കാരണം ഏറെക്കാലമായി മുടങ്ങിയിരുന്നു. കളമശ്ശേരിയിലെ എച്ച്എംടി ഭൂമിയായിരുന്നു ഈ തർക്കങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്ന്. ലഭ്യമായ ഭൂമിയിൽ എച്ച്എടി മുതൽ എൻ.എ.ഡി. വരെ 2 കിലോമീറ്റർ റോഡിന്റെ നിർമ്മാണം 2022ൽ പൂർത്തിയായി.
എന്നാൽ, ഇരു സ്ഥാപനങ്ങളുടെയും ഭാഗങ്ങൾ ഒഴിവാക്കിയാണ് ഒന്നാം ഘട്ടത്തിൽ നിർമ്മാണം നടത്തിയത്. എച്ച്എംടി ഭൂമിക്ക് 37.50 കോടി രൂപയും എൻഎഡിയുടെ 2.4967 ഹെക്റ്റർ ഭൂമിക്ക് 32.26 കോടി രൂപയും സർക്കാർ അനുവദിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കൊച്ചി വിമാനത്താവളത്തിലേക്ക് വേഗത്തിൽ എത്താനും ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണിത്.
കൊച്ചിയുടെ വികസന സ്വപ്‍നങ്ങൾക്ക് കരുത്ത് പകരുന്നതാണ് ഈ റോഡിന്റെ നിർമ്മാണം. നേരത്തെ ഇരുമ്പനത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വരെ 25.7 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് വികസനത്തിന്റെ ഒന്നാം ഘട്ടം 2003ൽ തന്നെ പൂർത്തിയായിരുന്നതാണ്. എന്നാൽ രണ്ടാം ഘട്ടമാണ് ഏറെക്കാലമായി ഭൂമി ഏറ്റെടുക്കൽ തടസങ്ങളിൽപെട്ട് മുടങ്ങി പോയിരുന്നത്.
ഒന്നാം ഘട്ടം ഇരുമ്പനം മുതൽ കളമശ്ശേരി വരെ 11.3 കിലോമീറ്റർ ദൂരം പൂർത്തിയാക്കിയിട്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും ബാക്കി പണികൾ ഒന്നും ഇവിടെ ആരംഭിച്ചിരുന്നില്ല. എച്ച്എംടി- എൻഎഡി ഭാഗത്തെ റോഡ് നിർമ്മാണം നടപടികൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് തന്നെ ആരംഭിക്കാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്. ഈ 600 മീറ്റർ റോഡിന് ആകെ 45 മീറ്റർ വീതിയുണ്ടാകും.
റോഡിന്റെ രണ്ടാംഘട്ടവും പൂർത്തിയാകുന്നതോടെ കൊച്ചിയിലെ പ്രധാന ഭാഗങ്ങളിൽ നിന്ന് എയർപോർട്ടിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാനും നഗരത്തിലെ ട്രാഫിക് ബ്ലോക്ക് പരിഹരിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. എറണാകുളത്തെ പ്രധാന ഫ്ളാഗ്ഷിപ്പ് പദ്ധതിയായി കണക്കാക്കുന്ന റോഡ് നിർമ്മാണങ്ങളിൽ ഒന്നാണ് സീപോർട്ട്-എയർപോർട്ട് റോഡ് വികസനം.












Click it and Unblock the Notifications