തോപ്പുംപടി-ഇടക്കൊച്ചി വാട്ടർ മെട്രോ വരുന്നു, 2027ൽ ഓടിതുടങ്ങും; മട്ടാഞ്ചേരിയിൽ മണ്ണ് നീക്കാൻ വൈകില്ല
കൊച്ചി: ഏറെനാളായി യാത്രക്കാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തോപ്പുംപടി-എടക്കൊച്ചി വാട്ടർ മെട്രോ സർവീസുകൾ 2027ഓടെ പ്രവർത്തനക്ഷമമാകുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ചെയർമാനും എംഡിയുമായ ലോക്‌നാഥ് ബെഹ്റ. വേലിയിറക്കം മൂലമുള്ള സർവീസ് തടസങ്ങൾ പരിഹരിക്കാൻ മട്ടാഞ്ചേരിയിലെ എക്കൽ നീക്കം ചെയ്യൽ അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മട്ടാഞ്ചേരിയിൽ കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയിൽ സംസാരിക്കവെ, ബെഹ്റ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾക്ക് വികസനത്തിൽ മുൻഗണന നൽകണമെന്ന തന്റെ നിലപാട് വ്യക്തമാക്കി. കനാലുകളും കായലുകളുമുള്ള തീരപ്രദേശങ്ങളിൽ ജലഗതാഗതത്തിന് പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സേവനങ്ങൾക്കായി പഠനങ്ങളും പൊതുജന പങ്കാളിത്തവും അനിവാര്യമാണെന്ന് ബെഹ്റ അറിയിച്ചു. വേലിയേറ്റം കുറയുന്നത് കാരണം വാട്ടർ മെട്രോ സർവീസുകൾ റദ്ദാകുന്നത് പതിവായതിനാൽ, മട്ടാഞ്ചേരിയിലെ എക്കൽ നീക്കം ചെയ്യുന്നത് ഈ പ്രശ്‌നത്തിന് സ്ഥിരം പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെനാളായി മേഖലയിൽ നിന്ന് ഉയരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്.
'എക്കൽ നീക്കം പൂർത്തിയാകുന്നതോടെ വാട്ടർ മെട്രോ സർവീസുകൾ കൂടുതൽ സുഗമവും വിശ്വസനീയവുമാകും' ബെഹ്റ പറഞ്ഞു. ശൃംഖല വികസനത്തിന്റെ ഭാഗമായി കൂടുതൽ സർവീസുകൾ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മട്ടാഞ്ചേരിയിൽ നിന്നുള്ളവർ കൂടുതൽ വാട്ടർ മെട്രോയെ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തോപ്പുംപടിയിലും എടക്കൊച്ചിയിലുമുള്ള വാട്ടർ മെട്രോ ടെർമിനലുകൾ 2027ഓടെ പൂർത്തിയാകുമെന്ന് കെഎംആർഎൽ മേധാവി അറിയിച്ചു. മട്ടാഞ്ചേരിയുടെ ചരിത്രപരമായ വാണിജ്യ പ്രാധാന്യം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മെച്ചപ്പെട്ട ഗതാഗതം പരമ്പരാഗത വ്യാപാര-സാമ്പത്തിക പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്നും ബെഹ്‌റ കൂട്ടിച്ചേർത്തു.
'സാധാരണക്കാർക്ക് താങ്ങാനാവുന്ന, തടസ്സമില്ലാത്ത, പതിവായ, വിശ്വസനീയമായ ഒരു ബോട്ട് സർവീസാണ് ഞങ്ങൾക്ക് വേണ്ടത്. വേലിയേറ്റത്തിലോ വേലിയിറക്കത്തിലോ മുടക്കമില്ലാത്തതും അടുത്തുള്ള വാട്ടർ മെട്രോ ജെട്ടികളുമായി തടസങ്ങളില്ലാതെ ബന്ധിപ്പിക്കുന്നതുമാവണം ആ സർവീസ്' എന്നായിരുന്നു ഐസിസിഐ അധ്യക്ഷൻ രാജ്‌കുമാർ ഗുപ്‌ത അറിയിച്ചു.
കൊച്ചി വാട്ടർ മെട്രോ കൂടുതൽ ഇടങ്ങളിലേക്ക്
അതിനിടെ മട്ടാഞ്ചേരിയെ ഫോർട്ട് കൊച്ചിയുമായി ബന്ധിപ്പിച്ച് വാട്ടർ മെട്രോ സർവീസുകൾ ആരംഭിക്കുന്നതിനായുള്ള വിശദമായ പഠനം നടത്തുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) മാനേജിംഗ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്‌റ ഇതേ യോഗത്തിൽ സംസാരിക്കവെ വ്യക്തമാക്കിയിരുന്നു. ഏറെനാളായി ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി മേഖലകളിൽ നിന്നുള്ളവർ ഉന്നയിക്കുന്ന ആവശ്യമാണ് ഇത്.
ഏറ്റവും ഒടുവിൽ ലഭ്യമായ വാർത്തകൾ അനുസരിച്ച് കൊച്ചി വാട്ടർ മെട്രോ പുതിയ നീക്കത്തിന് ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ. ക്രിസ്‌തുമസ്, ന്യൂയർ അവധികൾ മുന്നിൽ കണ്ട് തിരക്കുകൾ മനസിലാക്കി സർവീസുകൾ വർധിപ്പിക്കാനാണ് അധികൃതർ ഒരുങ്ങുന്നത്. ഹൈക്കോടതി-ഫോർട്ട് കൊച്ചി പാതയിൽ സർവീസുകൾ വർധിപ്പിച്ചു കൊണ്ട് സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് അധികൃതരുടെ നീക്കമെന്നാണ് വിവരം.
കൂടാതെ കടമക്കുടി ഉൾപ്പെടെയുള്ള ഇടങ്ങളിലേക്ക് കൂടി വാട്ടർ മെട്രോ വ്യാപിപ്പിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. മേഖലയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രമായി അടുത്ത് കാലത്ത് ഉയർന്നുവന്ന കടമക്കുടിയിലേക്ക് ഡിസംബർ അവസാനത്തോടെ സേവനങ്ങൾ ആരംഭിക്കാനാണ് കൊച്ചി വാട്ടർ മെട്രോ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications