എം ഗണേശനെ കുരുക്കി ധര്‍മരാജന്റെ മൊഴി; കള്ളം പറഞ്ഞത് ബിജെപിയിലെ ആര്‍എസ്എസ് പ്രതിനിധിയോ? കൂടുതല്‍ കുരുക്ക്
തൃശൂര്‍: കൊടകര കുഴല്‍പണ കേസ് കുറേ ദിവസങ്ങളായി ബിജെപി നേതാക്കളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന നേതാക്കള്‍ക്കും ഇനി വരാന്‍ പോകുന്നത് ഉറക്കമില്ലാ രാത്രികളായിരിക്കും എന്ന സൂചനയാണ് പുറത്ത് വരുന്നത്.
ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍ ഇപ്പോള്‍ വലിയ കുരുക്കിലാണ് പെട്ടിരിക്കുന്നത്. ഗണേശന്‍ പറഞ്ഞ കാര്യങ്ങള്‍ കളവാണെന്ന് കേസിലെ പരാതിക്കാരനായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മരാജന്‍ പോലീസിന് മൊഴി നല്‍കി. എം ഗണേശന്‍ വന്‍ കുരുക്കിലാണ് ഇപ്പോള്‍ പെട്ടിരിക്കുന്നത്. വിശദാംശങ്ങള്‍...

ആരാണ് ധര്‍മരാജന്‍
കൊടകര കുഴല്‍ പണ കേസ് ചര്‍ച്ചയായി അധികം വൈകും മുമ്പ് തന്നെ തന്റെ ആര്‍എസ്എസ് ബന്ധം വെളിപ്പെടുത്തിയ ആളാണ് ധര്‍മരാജന്‍. പണം നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ടതും ധര്‍മരാജന്‍ തന്നെ. 25 ലക്ഷം നഷ്ടപ്പെട്ടു എന്നായിരുന്നു ആദ്യത്തെ പരാതി എങ്കിലും പിന്നീട്, അത് മൂന്നര കോടി ആണെന്ന് സമ്മതിക്കുകയും ചെയ്തു.

എം ഗണേശന്‍
ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയാണ് എം ഗണേശന്‍. ബിജെപി നേതൃത്വത്തെ നിയന്ത്രിക്കാന്‍, ആര്‍എസ്എസ് നേരിട്ട് നിയമിക്കുന്നതാണ് സംഘടനാ ജനറല്‍ സെക്രട്ടിയെ. അത്തരം ശക്തമായ ഒരു പദവിയില്‍ ഇരിക്കുന്ന ആളാണ് ഗണേശന്‍.

ധര്‍മരാജനുമായി ഫോണ്‍വിളി
മൂന്നര കോടി രൂപ ആലപ്പുഴയിലെ ബിജെപി ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയ്ക്ക് എത്തിക്കാനുള്ള ചുമതലയായിരുന്നു ധര്‍മരാജന്. എന്നാല്‍ ധര്‍മരാജനും എം ഗണേശനും തമ്മില്‍ ഈ സമയത്ത് പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ ലഭിച്ചതോടെ ആയിരുന്നു ഗണേശനെ ഫോണ്‍ ചെയ്തത്.

തിരഞ്ഞെടുപ്പ് ചുമതല
ബിജെപിയുടെ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ധര്‍മരാജന് ആയിരുന്നു എന്നാണ് എം ഗണേശന്‍ അന്വഷണ സംഘത്തിന് നല്‍കിയ മൊഴി. സംഘടനാ ആവശ്യങ്ങള്‍ക്കായിരുന്നു ഫോണ്‍ വിളിച്ചത് എന്നും വിശദീകരിച്ചു. കുഴല്‍പണത്തെ കുറിച്ച് ഒന്നും അറിയില്ലെന്നും മൊഴി നല്‍കി.

ധര്‍മരാജന്‍ നിഷേധിച്ചു
എന്നാൽ എം ഗണേശന്റെ മൊഴി ധര്‍മരാജന്‍ പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ് എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. തനിക്ക് ബിജെപിയുടെ ഒരു ഔദ്യോഗിക തിരഞ്ഞെടുപ്പ് ചുമതലകളും ഉണ്ടായിരുന്നില്ല എന്നാണ് ധര്‍മരാജന്റെ മൊഴി. ഇതോടെയാണ് ഗണേശന്‍ അടക്കമുള്ളവരുടെ കാര്യത്തില്‍ സംശയം കൂടുതല്‍ ശക്തമാകുന്നത്.

വിളിച്ചത് പാര്‍ട്ടി കാര്യത്തിനല്ല
എം ഗണേശന്‍ അടക്കമുള്ള നേതാക്കള്‍ തന്നെ വിളിച്ചത് സംഘടനാ കാര്യങ്ങള്‍ പറയാന്‍ അല്ലെന്നും ധര്‍മരാജന്‍ മൊഴി നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍, പിന്നെ എന്ത് പറയാന്‍ ആയിരിക്കും വിളിച്ചത് എന്നതും നിര്‍ണായകമാണ്. എന്തായാലും ഇത് സംബന്ധിച്ച് പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.

സുരേന്ദ്രനിലേക്കും
കുഴല്‍പണ കേസിന്റെ അന്വേഷണം അടുത്ത ഘട്ടത്തില്‍ കെ സുരേന്ദ്രനിലേക്കും നീണ്ടേക്കും എന്നാണ് പുറത്ത് വരുന്ന മറ്റൊരു വാര്‍ത്ത. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിന്റെ ചുമതലക്കാര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആണ്. കുഴല്‍പണം എത്തിയത് ബിജെപിയ്ക്ക് വേണ്ടിയാണെന്ന് ഏറെക്കുറേ പോലീസ് ഉറപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെ സുരേന്ദ്രനേയും ചോദ്യം ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടി ബന്ധങ്ങള്‍
ധര്‍മരാജനെ തള്ളിപ്പറഞ്ഞുകൊണ്ട് മാത്രം ഈ കേസില്‍ ബിജെപിയ്ക്ക് രക്ഷപ്പെടാന്‍ ആവില്ലെന്നും ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. ഫോണ്‍ തെളിവുകള്‍ക്ക് പുറമേ വേറേയും തെളിവുകളുണ്ട്. ധര്‍മരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം കടത്തുന്നതിനായി തൃശൂരില്‍ ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് മുഖേനയാണ്. നേതാക്കള്‍ പറഞ്ഞിട്ടാണ് മുറി ബുക്ക് ചെയ്തത് എന്ന് ഓഫീസ് സെക്രട്ടറി പോലീസിന് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.

ഗണേശന്‍ കുടുങ്ങിയാല്‍
എം ഗണേശന്‍ ഈ കേസില്‍ കുടുങ്ങിയാല്‍ അത് ബിജെപിയ്ക്ക് മാത്രം ആവില്ല പ്രതിസന്ധി സൃഷ്ടിക്കുക. ബിജെപിയുടെ ആശയ അടിത്തറയായ ആര്‍എസ്എസിനായിരിക്കും വലിയ തിരിച്ചടി. എന്തായാലും കുഴല്‍പണ കേസ് അന്വേഷിക്കാന്‍ കേരള പോലീസിന് അധികാരമില്ലെന്ന നിലപാടിലാണ് ബിജെപി നേതൃത്വം ഇപ്പോള്‍. കേന്ദ്ര ഏജന്‍സികള്‍ക്കാണ് ഇത് അന്വേഷിക്കാനുള്ള അധികാരമെന്നും ഇവര്‍ പറയുന്നു.

തോല്‍വിയ്ക്ക് പിറകേ...
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍ പരാജയം ആണ് ബിജെപി ഏറ്റുവാങ്ങിയത്. ആകെ ഉണ്ടായിരുന്ന സീറ്റ് നഷ്ടപ്പെട്ടു എന്നത് മാത്രമല്ല, വോട്ട് വിഹിതത്തിലും കുറവ് വന്നു. ഇപ്പോള്‍ കുഴല്‍പണ ആരോപണം മാത്രമല്ല, ഈ പണം പാര്‍ട്ടി നേതാക്കള്‍ പങ്കിട്ടെടുത്തു എന്ന ആരോപണവും നേരിടുന്നുണ്ട് ബിജെപി.












Click it and Unblock the Notifications