'ഇങ്ങനെ ഇടാന്‍ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത്'; സുധിയുടെ മരണം വിശ്വസിക്കാനാവാതെ ടിനി ടോം
കൊല്ലം: ഒരുപാട് ആഗ്രഹങ്ങൾ ബാക്കിയാക്കിയാണ് കൊല്ലം സുധി വിട പറഞ്ഞത്. അദ്ദേഹത്തിന്റെ മരണം ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് ഇതുവരെ ആരും മുക്തരായിട്ടില്ല. സുധിയെക്കുറിച്ച് പറയാൻ ഒരായിരം ഓർമ്മകളാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കുള്ളത്. ഇപ്പോൾ കഴിഞ്ഞദിവസം സുധിക്കൊപ്പം എടുത്ത ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടൻ ടിനി ടോം. സുധി പങ്കെടുത്ത പരിപാടിയിൽ ടിനി ടോമും ഉണ്ടായിരുന്നു.
ഇന്നലെ വേദിയിൽ താനും സുധിയും ഒരുമിച്ചായിരുന്നുവെന്നും സുധിയുടെ മരണം തനിക്ക് വിശ്വസിക്കാൻ ആകുന്നില്ലെന്നും ടിനി ഫേസ്ബുക്കിൽ കുറിച്ചു. ഷോ അവസാനിച്ച് പിരിയുന്നതിന് മുമ്പായിരുന്നു സുധിയുടെ ആഗ്രഹപ്രകാരം ഒരു ഫോട്ടോ എടുത്തതെന്നും ഇങ്ങനെ ഇടാൻ വേണ്ടിയാണോ എനിക്ക് ഈ ചിത്രം അയച്ചത് എന്നും ഫോട്ടോയ്ക്കൊപ്പം ടിനി വേദനയോടെ കുറിച്ചു.

PC: Tiny Tom/ FaceBook
ടിനി ടോമിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല. ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ. രണ്ട് വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത്, പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു. ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം. എന്നിട്ട് ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു... ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് ...മോനെ ഇനി നീ ഇല്ലേ ......🙏 ആദരാഞ്ജലികൾ മുത്തേ, ടിനി കുറിച്ചു.
ഇന്ന് പുലർച്ചെ 4.30 ന് ആണ് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ച് സുധിയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുക ആയിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കേറ്റിരുന്നു. ബിനുവിനേയും മഹേഷിനേയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മിമിക്രി വേദിയിലൂടെ കടന്നുവന്ന സുധി വളരെ പെട്ടെന്ന് ആയിരുന്നു പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2015 ൽ പുറത്തിറങ്ങിയ 'കാന്താരി' ആണ് കൊല്ലം സുധി ആദ്യമായി അഭിനയിച്ച സിനിമ. കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ എന്ന സിനിമയിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫ്ലവേഴ്സ് ചാനലിന്റെ സ്റ്റാർമാജിക് എന്ന ഷോയും അദ്ദേഹത്തിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു.












Click it and Unblock the Notifications