സുധിയുടെ നെഞ്ച് ഡാഷ് ബോർഡിൽ ഇടിച്ചു, വാരിയെല്ലുകൾ ഒടിഞ്ഞ് നുറുങ്ങി ആന്തരികാവയവങ്ങളിൽ തുളഞ്ഞ് കയറി
കയ്പമംഗലം; നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകർ. തിങ്കളാഴ്ച പുലർച്ചെ കയ്പമംഗലത്ത് വെച്ച് നടന്ന അപകടത്തിലായിരുന്നു സുധിയുടെ മരണം. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് സഹതാരങ്ങൾക്കൊപ്പം കാറിൽ തിരിച്ചുവരുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സുധിക്കൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കാറിന്റെ മുൻ സീറ്റിലാണ് സുധി യാത്ര ചെയ്തിരുന്നത്. ഉല്ലാസ് അരൂരായിരുന്നു വാഹനം ഓടിച്ചിരുന്നത്. പനമ്പിക്കുന്നിലെ ചെറിയ വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. അപകട സമയത്ത് കാറിന്റെ രണ്ട് എയർബാഗുകളും പുറത്ത് വന്നെങ്കിലും നെഞ്ച് ഭാഗം ഡാഷ് ബോർഡിൽ ഇടിച്ചാണ് സുധിക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വാരിയെല്ലുകൾ തകർന്ന് ആന്തരികാവയങ്ങളിൽ തുളഞ്ഞ് കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്. സുധിയുടെ ചെവിയുടെ പിൻഭാഗത്തും ആഴത്തിലുള്ള മുറിവുണ്ട്.

വൻ ശബ്ദത്തോടെ കൂട്ടിയിടി; ഞെട്ടൽ മാറാതെ സുനിൽ
കൺമുന്നിൽ നടന്ന അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോൾ പനമ്പിക്കുളത്തെ ചായക്കടക്കാരനായ സുനിൽ. പതിവ് പോലെ പുലർച്ചെ കട തുറന്ന് അൽപ സമയം കഴിഞ്ഞപ്പോഴായിരുന്നു വലിയ ശബ്ദത്തോടെ വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് സുനിൽ കണ്ടത്. ഇടിയുടെ ശബ്ദം കേട്ടെത്തിയപ്പോൾ മുൻസീറ്റിൽ ഒരാൾ ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടതെന്ന് സുനിൽ പറയുന്നു.
'കട തുറന്ന് പാൽക്കാരനിൽ നിന്ന് പാൽ വാങ്ങാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഉടൻ തന്നെ ഓടി, അപ്പോഴേക്കും ആളുകളും കൂടി. കാറിൽ എയർബാഗ് മുറിച്ച് ഡ്രൈവർ സീറ്റിലിരുന്നയാളെ പുറത്തെടുത്തു. എതിർ സീറ്റിൽ ചോരയൊലിച്ച് കിടക്കുന്നയാളെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൊല്ലം സുധിയാണ് അതെന്ന് പിന്നീടാണ് മനസിലായത്', സുനിൽ പറയുന്നു.
അതേസമയം അപകടത്തിൽ പരിക്കേറ്റ ബനു അടിമാലി ഉൾപ്പെടെയുള്ളവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ബിനുവിന് മുഖത്ത് പരിക്കേറ്റിട്ടുണ്ട്. തലയിൽ ചെറിയ ചതവും നട്ടെല്ലിന്റെ ഭാഗത്തും പ്രശ്നങ്ങൾ ഉണ്ടെന്നാണ് വിവരം. മറ്റുള്ളവർക്കും നിസാര പരിക്കുകൾ മാത്രമാണ് ഉള്ളതെന്നും ഇവരുടെ സുഹൃത്തുക്കൾ അറിയിച്ചു.
സംസ്കാരം ഉച്ചയ്ക്ക് 2ന് കോട്ടയം തോട്ടയ്ക്കാട്ട്
കൊല്ലം സുധിയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. ഇന്ന് രാവിലെയോടെ മൃതദേഹം വീട്ടിലെത്തിക്കും. തുടർന്ന് 10 മണിയോടെ കോട്ടയം വാകത്താനം പൊങ്ങന്താനം എം ഡി യുപി സ്കൂളിലും തുടർന്ന് 11ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വെയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയോടെയാണ് മൃതദേഹം സെമിത്തേരിയിൽ എത്തിക്കുക.












Click it and Unblock the Notifications