'നരനായാട്ട് അവസാനിപ്പക്കണം'; പോലീസിനെതിരെ സിപിഎമ്മും ഡിവൈഎഫ്‌ഐയും
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് സുരക്ഷാ ജീവനക്കാർക്ക് എതിരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട പോലീസ് നടപടികൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും. പോലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണം എന്നും വീടുകളിൽ കയറി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും സിപിഎം കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു.
സെക്യൂരിറ്റി ജീവനക്കാരെ അക്രമിച്ച കേസിലെ പ്രതി ആണെന്ന് ആരോപിക്കുന്ന ആളുകളുടേയും നിരപരാധികളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളിൽ നിരന്തരം കയറി ഭീഷണിപ്പെടുത്തുന്ന രീതിയാണ് പോലീസ് സ്വീകരിക്കുന്നത്. പൂർണ്ണഗർഭിണി ആയ സ്ത്രീയെ കുടുംബശ്രീ ഹോട്ടലിൽ നിന്നും പരസ്യമായി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു പ്രസ്താവനയിൽ പറഞ്ഞു.

മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ പ്രതികളായ ഡിവൈഎഫ്ഐക്കാർക്കെതിരെ പുതിയൊരു വകുപ്പുകൂടി ഇന്ന് ചുമത്തിയിരുന്നു. പൊതുസേവകരെ ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന വകുപ്പാണ് ചേർത്തത്.
പ്രതികൾക്കെതിരെയുള്ള ഗുരുതരവകുപ്പായി ഐപിസി 333 മാറും. ജാമ്യോപേക്ഷയിൽ വെള്ളിയാഴ്ച വിധിപറയാനിരിക്കെയാണ് പോലീസിന്റെ പുതിയ നീക്കം. ഇതിന് പിന്നാലെയാണ് പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്ത് വന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ ഡിവൈഎഫ്‌ഐ നേതാക്കൾ ഗുണ്ടാവിളയാട്ടം നടത്തിയത്. സുരക്ഷാ ജീവനക്കാരെയും മാധ്യമപ്രവർത്തകനെയും സംഘം ക്രൂരമായി മർദിച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു.സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ നേതാക്കൾ കീഴടങ്ങിയിരുന്നു. കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലാണ് പ്രതികൾ കീഴടങ്ങാനെത്തിയത്. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ അടക്കമുള്ളവരാണ് കീഴടങ്ങിയത്.












Click it and Unblock the Notifications