കോഴിക്കോട്-വയനാട് തുരങ്കപാത കേരളം ഒറ്റയ്ക്ക് നിര്‍മിക്കുമെന്ന് ഗഡ്കരി; 'കേന്ദ്രസഹായം ചോദിച്ചിട്ടില്ല'
ന്യൂഡല്‍ഹി: കോഴിക്കോട് - വയനാട് തുരങ്കപാത പദ്ധതിക്കായി കേരള സര്‍ക്കാരില്‍ നിന്ന് സാമ്പത്തികമോ സാങ്കേതികമോ ആയ സഹായത്തിനുള്ള ഒരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ കെ രാധാകൃഷ്ണന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
'രാജ്യത്തെ ദേശീയ പാതകളുടെ വികസനത്തിനും പരിപാലനത്തിനും പ്രാഥമികമായി ഉത്തരവാദിത്തം കേന്ദ്ര ഗതാഗത മന്ത്രാലയത്തിനാണ്,' മന്ത്രി പറഞ്ഞു. എന്നാല്‍ കോഴിക്കോടും വയനാടും തമ്മിലുള്ള ഇരട്ട-ട്യൂബ്, നാലുവരി ഹൈവേ തുരങ്കത്തിന്റെ നിര്‍മ്മാണത്തെ കേന്ദ്രം പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി, പദ്ധതിക്കായി കേരളം ഇതുവരെ ഒരു കേന്ദ്ര, സാങ്കേതിക സഹായവും തേടിയിട്ടില്ലെന്ന് ഗഡ്കരി പറഞ്ഞു.

കോഴിക്കോടും വയനാടും തമ്മിലുള്ള ഒരു പ്രധാന റൂട്ട് മെച്ചപ്പെടുത്തല്‍ ലിങ്കായി വിഭാവനം ചെയ്തിരിക്കുന്ന 8.73 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തുരങ്കം നിലവില്‍ കേരള സര്‍ക്കാര്‍ സ്വന്തം വിഭവങ്ങള്‍ ഉപയോഗിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 8.73 കിലോമീറ്റര്‍ ആണ് ഇതിന്റെ ദൂരം. സംസ്ഥാന റോഡില്‍ നിന്നാണ് ഈ പാത വികസിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി സാമ്പത്തിക-സാങ്കേതിക സഹായത്തിനുള്ള ഒരു നിര്‍ദ്ദേശവും കേരള സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല എന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. അതേസമയം നിലവിലുള്ള താമശ്ശേരി ചുരത്തിന്റെ മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിപിആറിന്റെ ഫലം, ഗതാഗത സാന്ദ്രത, പിഎം ഗതി-ശക്തി മാസ്റ്റര്‍ പ്ലാനുമായുള്ള സിനര്‍ജി എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ ഏറ്റെടുക്കും.
കേരളത്തിലെ വയനാടിനും കര്‍ണാടകയിലെ ബെംഗളൂരുവിനും ഇടയിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് ഈ പദ്ധതി അത്യാവശ്യമാണെന്നും നിലവിലുള്ള താമരശ്ശേരി ചുരം റോഡിലെ യാത്രാ സമയവും വാഹന തിരക്കും ഗണ്യമായി കുറയ്ക്കുമെന്നും അതിനാല്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആനക്കാംപൊയില്‍-കല്ലടി-മേപ്പാടി നാലുവരി തുരങ്ക പാതയാണ് നിര്‍മാണം പുരോഗമിക്കുന്നത്.
തുരങ്ക പാത നിര്‍മാണണത്തിനായി പാറ ഖനനം, ലേബര്‍ ക്യാമ്പുകള്‍, പ്രഥമശുശ്രൂഷാ കേന്ദ്രങ്ങള്‍, ഓഫീസ് കണ്ടെയ്‌നറുകള്‍ എന്നിവയ്ക്കുള്ള യന്ത്രങ്ങള്‍ ഇതിനകം മരിപ്പഴയിലെ പദ്ധതി സ്ഥലത്ത് എത്തിയിട്ടുണ്ട്. 2134 കോടി രൂപ ചെലവില്‍ കണക്കാക്കുന്ന ഈ തുരങ്ക പാത പൂര്‍ത്തിയാകുമ്പോള്‍, താമരശ്ശേരി ചുരത്തിലെ നിലവിലുള്ള ഗതാഗത പ്രശ്നങ്ങള്‍ വളരെയധികം ലഘൂകരിക്കും.
ഭോപ്പാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്കോണ്‍ ലിമിറ്റഡിനാണ് തുരങ്ക പാത പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ നല്‍കിയത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മേല്‍നോട്ടം വഹിക്കുന്ന പദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) ധനസഹായം നല്‍കുന്നു. നാല് വര്‍ഷത്തിനുള്ളില്‍ തുരങ്കം പൂര്‍ണമായും പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍.
വയനാട് വശത്ത് 8.73 കിലോമീറ്റര്‍ നീളമുള്ള നാലുവരി തുരങ്കത്തിന്റെ നിര്‍മ്മാണമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇത് മേപ്പാടി-കല്ലടി-ചൂരല്‍മല റോഡുമായി (SH59) ബന്ധിപ്പിക്കും. കോഴിക്കോട് ജില്ലയില്‍ ഇത് മറിപ്പുഴ-മുത്തപ്പന്‍പുഴ-ആനക്കാംപൊയില്‍ റൂട്ടുമായാണ് ബന്ധിപ്പിക്കുക. ഇന്ത്യയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ അടിപ്പാതയായിരിക്കും ഈ തുരങ്കപാത.












Click it and Unblock the Notifications