ആദ്യം ബോധമുണ്ടായിരുന്നില്ല... കരള്‍ മാറ്റിവയ്ക്കുകയാണ് പരിഹാരം... കെപിഎസി ലളിത ആശുപത്രിയില്‍
കൊച്ചി: മുതിര്‍ന്ന നടി കെപിഎസി ലളിത ആശുപത്രിയില്‍. മെച്ചപ്പെട്ട ചികില്‍സ നല്‍കുക എന്ന ലക്ഷ്യത്തോടെ അവരെ തൃശൂരിലെ ആശുപത്രിയില്‍ നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് സിനിമാ മേഖലയുമായി ബന്ധമുള്ളവര്‍ പറയുന്നത്. വര്‍ഷങ്ങളായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് കെപിഎസി ലളിത.
നടിയായും സ്വഭാവ നടിയായും തിളങ്ങിയ കെപിഎസി ലളിത കൈകാര്യം ചെയ്യാത്ത വേഷങ്ങളില്ല. മലയാളത്തിന്റെ പ്രിയ അമ്മ നടിമാരില്‍ ആദ്യമെണ്ണുന്ന വ്യക്തി കൂടിയാണ് കെപിഎസി ലളിത. പത്ത് ദിവസത്തിലേറെയായി അവരിപ്പോള്‍ ആശുപത്രിയിലാണ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെപിഎസി ലളിത ഇപ്പോള്‍ ഐസിയുവിലാണ് എന്ന് വനിത റിപ്പോര്‍ട്ട് ചെയ്യുന്നു. കരള്‍ രോഗം കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തിപ്പെട്ടിരിക്കെയാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കെപിഎസി ലളിതയുടെ ആരോഗ്യ വിവരങ്ങള്‍ വനിതയുമായി പങ്കുവച്ചു.

പത്ത് ദിവസത്തിലധികമായി കെപിഎസി ലളിത ആശുപത്രിയിലാണ്. ആദ്യം തൃശൂരിലെ ആശുപത്രിയിലായിരുന്നു. മെച്ചപ്പെട്ട ചികില്‍സ നല്‍കാന്‍ വേണ്ടി എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. ഐസിയുവിലാണ് ഇപ്പോള്‍. എങ്കിലും ആരോഗ്യ നിലയില്‍ നേരത്തെയുള്ളതിനേക്കാള്‍ പുരോഗതിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

കെപിഎസി ലളിതയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഇടവേള ബാബു പറഞ്ഞു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ ബോധം തിരിച്ചുകിട്ടിയിട്ടുണ്ട്. കരള്‍ മാറ്റിവയ്ക്കുകയാണ് പരിഹാരം. പ്രായവും ആരോഗ്യാവസ്ഥയും പരിഗണിച്ചേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നും ഇടവേള ബാബു വനിത ഓണ്‍ലൈനിനോട് പറഞ്ഞു.

ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കുറച്ച് കാലമായി കെപിഎസി ലളിതയെ അലട്ടുന്നു. എങ്കിലും അവര്‍ സിനിമാ അഭിനയ രംഗത്ത് സജീവമാണ്. ജയറാം-മീര ജാസ്മിന്‍ എന്നിവര്‍ പ്രധാന വേഷമിടുന്ന പുതിയ സത്യന്‍ അന്തിക്കാട് ചിത്രത്തിലും കെപിഎസി ലളിത അഭിനയിക്കുന്നുണ്ട് എന്ന വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് ആരോഗ്യാവസ്ഥ മോശമായതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതും.
ഹാപ്പി ബര്‍ത്ത്‌ഡേ അമ്മാ... മല്ലിക സുകുമാരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് ഇന്ദ്രജിത്തും പൃഥ്വിരാജും

ആലപ്പുഴയിലെ കായംകുളമാണ് കെപിഎസി ലളിതയുടെ സ്വദേശം. മഹേശ്വരി അമ്മ എന്നാണ് യഥാര്‍ഥ പേര്. കെപിഎസി നാടകങ്ങളിലൂടെയാണ് അവര്‍ കലാരംഗത്ത് സജീവമായതും ആ പേര് വന്നതും. തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലിച്ചിത്ര ലോകത്തേക്ക് കെപിഎസി ലളിത എത്തുന്നത്. മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങള്‍ കെപിഎസി ലളിതയിലൂടെ മലയാളികള്‍ പിന്നീട് കണ്ടു.

സംവിധായകന്‍ ഭരതനായിരുന്നു ഭര്‍ത്താവ്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ നടനാണ്. ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ച അതുല്യ നടിയാണ് കെപിഎസി ലളിത. ചെറുപ്പത്തില്‍ തന്നെ നൃത്തം പഠിച്ച അവര്‍ നാടകങ്ങളില്‍ കുട്ടിക്കാലം മുതലേ അഭിനയിച്ചുതുടങ്ങിയിരുന്നു. പിന്നീട് പ്രമുഖ നാടക സംഘമായ കെപിഎസിയില്‍ ചേരുകയായിരുന്നു.
മലയാളികള്‍ നെഞ്ചേറ്റിയ സഹോദരിമാര്‍!! അപൂര്‍വ ചിത്രങ്ങള്‍... വീണ്ടുമെത്തുമോ എന്ന് ആരാധകര്‍

നാടകങ്ങളില്‍ അഭിനയം തുടങ്ങിയതോടയാണ് ലളിത എന്ന പേര് സ്വീകരിച്ചത്. സിനിമയിലെത്തിയതോടെ കെപിഎസി ലളിത എന്നറിയപ്പെടാന്‍ തുടങ്ങി. നടിയായും സഹനടിയായും തിളങ്ങിയ കെപിഎസി ലളിത അമ്മ വേഷത്തിലും അതുല്യമായ പ്രകടനം കാഴ്ചവച്ചു. അന്യഭാഷാ ചിത്രങ്ങളിലും വേഷമിട്ടു. പൂര്‍ണ ആരോഗ്യത്തോടെ അവര്‍ വീണ്ടുമെത്തട്ടെ എന്നാണ് സിനിമാ രംഗത്തുള്ളവരുടെയും ആരാധകരുടെയും പ്രാര്‍ഥന.












Click it and Unblock the Notifications