കോൺഗ്രസ് പഴയ കോൺഗ്രസല്ല; സിപിഎമ്മിനോട് ഏറ്റുമുട്ടാൻ പുതിയ വാർ റൂം, എഫ്എം, യു ട്യൂബ്..വമ്പൻ പദ്ധതി
തിരുവനന്തപുരം; കെ സുധാകരൻ കെപിസിസി അധ്യക്ഷനായതിന് പിന്നാലെ കോൺഗ്രസിന്റെ തിരിച്ചുവരവിനായി പുത്തൻ പദ്ധതികൾ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പഠനത്തിന്റെ അഭാവം നികത്താൻ പാർട്ടി സ്കൂൾ, ബൂത്ത് കമ്മിറ്റികൾക്ക് കീഴിലായി പ്രത്യേക അയൽക്കൂട്ടങ്ങൾ എന്നിങ്ങനെയുള്ള സുധാകരന്റെ പുതിയ നിർദ്ദേശങ്ങൾക്ക് ഹൈക്കമാന്റ് പച്ചക്കൊടി കാട്ടുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎമ്മിനോട് കടപിടിക്കാൻ തക്ക രീതിയിലുള്ള ശക്തമായ സൈബർ വിംഗിനെ തയ്യാറാക്കാൻ ഒരുങ്ങുകയാണ് സുധാകരന് കീഴിൽ കോൺഗ്രസ്. പ്രത്യേക വാർറൂമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു.വിശദമായി അറിയാം
കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ

സമാനതകളില്ലാത്ത തിരിച്ചടിയാണ് ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസ് നേരിട്ടത്. ഭരണം തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷിച്ച പാർട്ടിക്ക് കനത്ത തോൽവിയായിരുന്നു രുചിക്കേണ്ടി വന്നത്. സംഘടന തലത്തിലെ വീഴ്ചകളാണ് പാർട്ടിയെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പാർട്ടിയിൽ വമ്പൻ പൊളിച്ചെഴുത്തുകൾക്ക് ഒരുങ്ങുകയാണ് നേതൃത്വം. ഇതിനൊപ്പമാണ് വാർ റൂം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും അണിയറയിൽ ആരംഭിച്ചിരിക്കുന്നത്.

സൈബർ തലത്തിൽ സിപിഎമ്മിന് ഒത്ത എതിരാളികളാകാൻ സാധിക്കുന്നില്ലെന്ന വിലയിരുത്തൽ കെപിസിസി നേതൃത്വത്തിനുണ്ട്. സാധാരണ ഗതിയിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കോൺഗ്രസ് വാർ റൂം സജ്ജമാക്കുന്നത്. എന്നാൽ ഒരു സ്ഥിരം സൈബർ വിംഗാണ് പുതിയ ലക്ഷ്യം. ഇതിനായി രണ്ട് മാസത്തിനകം കെപിസിസി ഓഫീസിൽ അത്യാധുനിക സ്റ്റുഡിയോ സംവിധാനത്തോടെ കൂടി സ്ഥിരം വാർ റൂം നിലവിൽ വരുമെന്ന് മനോരമ റിപ്പോർട്ട് ചെയ്തു.

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന കൊച്ചിയിലെ പ്രൊഡക്ഷൻ ടീമാണ് സ്റ്റുഡിയോ സജ്ജമാക്കുന്നത്. ഈ സംഘമാണ് കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കെ സുധാകരന് വേണ്ടി പ്രചരണ ഗാനങ്ങളഅ ഒരുക്കിയത്. ഇവ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ സ്റ്റുഡിയോ പൂർണമായും കെപിസിസി സൈബർ വിങ്ങിന്റെ പ്രവർത്തന കേന്ദ്രമാക്കും. ഇതോടെ ഓൺലൈൻ യോഗങ്ങളിൽ കെപിസിസി നേതാക്കൾ സ്റ്റുഡിയോയിൽ ഇരുന്ന് പങ്കെടുക്കും.

സുപ്രധാന വിഷയങ്ങളിൽ കെപിസിസി അധ്യക്ഷന്റെ ലൈവുകളും വീഡിയോകളുമെല്ലാം സ്റ്റുഡിയോയിൽ നിന്ന് തന്നെയാകും തയ്യാറാക്കുക. അധ്യക്ഷന്റെ പത്രസമ്മേനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളും വിവിധ വിഷയങ്ങളിലെ കോൺഗ്രസിന്റെ നിലപാടുകൾ തയ്യാറാക്കുന്നതും ഇവിടെ നിന്നാകും. വിവിധ വിഷയങ്ങളിൽ അധ്യക്ഷനും പ്രതിപക്ഷ നേതാവുമെല്ലാം സ്വീകരിക്കുന്ന നിലപാടുകളിലെ യോജിപ്പില്ലായ്മ പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണിത്.

മാത്രമല്ല ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന കോൺഗ്രസ് വക്താക്കളും ഇവിടെ നിന്നാകും പങ്കെടുക്കുക. സൈബർ വിംഗിലെ പ്രവർത്തകർക്ക് പ്രത്യേക പരിശീലനവും ഇവിടെ നിന്നാകും നൽകുക.സ്റ്റുഡിയോ വാർ റൂമിനോട് ഒപ്പം തന്നെ പ്രത്യേക യുട്യൂബ് ചാനലും ഒപ്പം കോൺഗ്രസിന് സ്വന്തമായി എഫ്എമ്മും പാർട്ടി ലക്ഷ്യം വെയ്ക്കുന്നുണ്ട്. ഇതിനുള്ള ചർച്ചകളും അണിയറയിൽ പുരോഗമിക്കുകയാണ്.

താഴത്തട്ടിൽ സംഘടന നിർജ്ജീവമായതാണ് നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ആക്കം കൂട്ടിയതെന്നാണ് ഹൈക്കമാന്റ് നിയോഗിച്ച സംഘത്തിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ബൂത്ത് തലത്തിലും പ്രത്യേക ടീമിനെ സജ്ജമാക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ച് കഴിഞ്ഞു.

നിലവിൽ മുഴുവൻ ബൂത്തുകളിലും പ്രത്യേക സർവ്വേ നടത്തുന്നുണ്ട്. പാർട്ടിയുടെ സ്വാധീനം, പ്രവർത്തകരുടെ മികവ് തുടങ്ങിയതുൾപ്പെടെ മുഴുവൻ വിവരങ്ങളും സർവ്വേയിൽ ശേഖരിക്കും. ഇതിനോടകം കാസർഗോഡും കോഴിക്കോടും സർവ്വേ പൂർത്തിയാക്കിയിട്ടുണ്ട്. ആറ് മാസത്തിനകം സർവ്വേ പൂർത്തിയാക്കി കെപിസിസി അധ്യക്ഷന് റിപ്പോർട്ട് നൽകും.

ബൂത്തുതലത്തിൽ ശക്തമായ ഇടപെടൽ നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് ബൂത്ത് പ്രസിഡന്റുമാരുടെ ഫോൺ നമ്പർ പ്രത്യേക സോഫ്റ്റ്വെയറിൽ ഉൾപ്പെടുത്തി അവരെ ബന്ധപ്പെട്ട് കൊണ്ടിരിക്കും. ഇതിനായും പുതിയ സൈബർ സ്റ്റുഡിയോ ഉപയോഗപ്പെടുത്തും. ഇത് കൂടാതെ താഴെ തട്ടിൽ സംഘടന ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി മൈക്രോ യൂണിറ്റുകളും സജ്ജമാക്കുന്നുണ്ട്. കുറഞ്ഞത് 50 ശതമാനം മൈക്രോ യൂണിറ്റുകൾ ഇത്തരത്തിൽ സജ്ജമാക്കാനാണ് നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.

അതേസമയം കോൺഗ്രസിന് കടന്ന് കേറാൻ കഴിയാത്ത സിപിഎമ്മിന്റെ കോട്ടകൾ ഉണ്ട്. പ്രത്യേകിച്ച് കണ്ണൂരിലെ ആന്തൂർ പോലുള്ള സ്ഥലങ്ങളിൽ. ബിജെപിയ്ക്കും ശക്തമായ സ്വാധീന ഉള്ള ഇത്തരത്തിലുള്ള ഇടങ്ങൾ കാസർഗോഡ് ഉൾപ്പെടെയുള്ള ജില്ലകളിൽ ഉണ്ട്. ഈ മേഖലകളിൽ മൈക്രോ യൂണിറ്റുകൾക്ക് പകരം വളണ്ടിയർ സേനയെ ആയിരിക്കും സജ്ജമാക്കുക. ഇതിനായി യൂത്ത് കോൺഗ്രസിൽ നിന്ന് 1000 പേരേയും ഐഎൻടിയുസി ഉൾപ്പെടെയുള്ള പോഷക സംഘടനകളിൽ നിന്ന് 1500 പേരും ഉൾപ്പെട 2500 പേരെ നിയോഗിക്കും. ഇവർക്ക് പ്രത്യേക പരിശീലനങ്ങളും നൽകും.

അതിനിടെ ഉടൻ തന്നെ കെപിസിസി, ഡിസിസി പുന;സംഘടനയും പൂർത്തിയാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച് നിർണായക ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നുണ്ട്. ഓണത്തിന് മുൻപ് തന്നെ ഡിസിസി അധ്യക്ഷൻമാരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനോടകം തന്നെ എംപിമാരുമായും എംഎൽഎമാരുമായും കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ പ്രത്യേക ചർച്ച നടത്തിയിട്ടുണ്ട്. ഗ്രൂപ്പ് വടംവലികൾ അനുവദിക്കില്ലെന്നും കാര്യശേഷിയുള്ള നേതാക്കൾക്കാകും അവസരം നൽകുകയെന്നും നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു.

എന്നാൽ ഗ്രൂപ്പുകളെ തള്ളി ഡിസിസി തലത്തിലെ നിയമനങ്ങൾ എത്രത്തോളം സാധ്യമാകുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ഇതിനോടം തന്നെ തങ്ങളുടെ നോമിനികളെ എ,ഐ ഗ്രൂപ്പുകൾ നിർദ്ദേശിച്ച് കഴിഞ്ഞു. മാറിയ ഗ്രൂപ്പ് സമവാക്യത്തിൽ നിലവിൽ കെസി വേണുഗോപാലിന്റേയും കെ സുധാകരന്റേയും നോമിനികളും സീറ്റിനായി രംഗത്തെത്തുണ്ട്. എന്തായാലും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍ എന്നിവരുമായി ചർച്ച നടത്തിയ ശേഷം അന്തിമ സാധ്യത പട്ടികയുമായി സുധാകരൻ ഇന്ന് വൈകീട്ടോടെ ദില്ലിയിലേക്ക് തിരിക്കും. ഇതിന് പിന്നാലെ തന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.












Click it and Unblock the Notifications