കെ പി സി സിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി; 23ന് കോഴിക്കോട് കടപ്പുറത്ത്
തിരുവനന്തപുരം: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ പി സി സിയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി. എല്ലാ മതേതര - ജനാധിപത്യ വിശ്വാസികളേയും അണിനിരത്തിയാണ് ഈ മാസം 23 ന് വൈകീട്ട് 4. 30 ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ ലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്.
റാലിയുടെ വിജയത്തിനും മറ്റു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് എം പി എം കെ രാഘവൻ ചെയർമാനും ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ കൺവീനറുമായ സമിതിക്ക് കെ പി സി സി രൂപം നൽകിയിട്ടുണ്ട്. വൻ ജനാവലിയെ അണിനിരത്തി പലസ്തീൻ ഐക്യദാർഢ്യറാലി ചരിത്ര സംഭവമായി മാറ്റുമെന്നാണ് കെ പി സി സി പറഞ്ഞത്.

നിരപരാധികളായ പലസ്തീൻകാരെയാണ് അവരുടെ മണ്ണിൽ ഇസ്രയേൽ അധിനിവേശ ശക്തി കൂട്ടക്കുരുതി നടത്തുന്നത്. പിറന്ന മണ്ണിൽ ജീവിക്കാനുള്ള പലസ്തീൻ ജനതയുടെ അവകാശം ഹനിക്കുന്ന ഒരു നടപടിയെയും പിന്തുണയ്ക്കാൻ കോൺഗ്രസിനാവില്ല.
ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിങ് വരെയുള്ള കോൺഗ്രസ് സർക്കാരുകൾ രാജ്യം ഭരിച്ചപ്പോൾ അന്തസ്സോടെയും സമാധനത്തോടെയും ആദരവോടെയും ജീവിക്കാനുള്ള പലസ്തീൻ ജനതയുടെ ഉജ്വലമായ പോരാട്ടത്തിന് പിന്തുണ നൽകിയ പാരമ്പര്യമാണുള്ളത്. ഇതുതന്നെയാണ് കോൺഗ്രസ് എക്കാലവും ഉയർത്തി പിടിക്കുന്ന നിലപാട്, വാർത്ത കുറിപ്പിൽ കെ പി സി സി പറയുന്നു.
ഇന്ത്യാ മഹാരാജ്യം ഇന്നുവരെ സ്വീകരിച്ചുപോന്നിരുന്ന മതേതര ജനാധിപത്യ മൂല്യങ്ങളെ തകിടം മറിച്ച് ഒരു പക്ഷം ചേർന്നുള്ള മോദി ഭരണകൂടത്തിന്റെ നിലപാടും നയവും സമീപനവും ലജ്ജാകരമാണ്.
കേരളത്തിൽ രാഷ്ട്രീയ നേട്ടത്തിനും തിരഞ്ഞെടുപ്പ് ലാഭത്തിനുമായി പലസ്തീൻ ജനതയുടെ ദുർവിധിയെ ദുരുപയോഗം ചെയ്യുന്ന സി പി എമ്മിന്റെ കപടത തുറന്നുകാട്ടുന്ന വേദി കൂടിയാകും കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയെന്നും സുധാകരൻ വ്യക്തമാക്കി.
അതേസമയം, സി പി ഐ എം റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചിരുന്നു. എന്നാൽ സി പി ഐ എം ക്ഷണം ലീഗ് തളളുകയായിരുന്നു.
പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കാൻ ലീഗിനെ അങ്ങോട്ടു പോയി ക്ഷണിച്ചത് അല്ലെന്നും ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ലീഗിന്റെ ഉന്നത നേതാവ് പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു












Click it and Unblock the Notifications