ആനവണ്ടി നൂറ് കോടി ക്ലബിൽ; ജീവനക്കാർക്ക് നിരാശ; ശമ്പള പരിഷ്കരണം കീറാമുട്ടിയെന്ന് ആക്ഷേപം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പ്രതിമാസ വരുമാനം നൂറുകോടി പിന്നിട്ടു. ഒക്ടോബർ മാസത്തെ വരുമാനം 113.77 കോടിയാണ്. ഓപ്പറേറ്റിങ് വിഭാഗത്തിൽ നിന്നാണ് ഏറെയും തുക ലഭിച്ചിരിക്കുന്നത്. ഈയിനത്തിൽ 106.25 കോടി രൂപയാണ് കിട്ടിയത്. പ്രതിമാസ വരുമാനം 100 കോടി രൂപ പിന്നിട്ടിട്ടും കെഎസ്ആർടിസിയിൽ ശമ്പളപരിഷ്കരണം ഇനിയും കീറാമുട്ടിയായി തുടരുകയാണ്.

ഒക്ടോബര്‍ മാസത്തെ കെഎസ്ആര്‍ടിസിയുടെ വരുമാനമാണ് 113.77 കോടിയിലെത്തിയത്. 106.25 കോടി രൂപ ഓപ്പറേറ്റിംഗ് വിഭാഗത്തില്‍ നിന്ന് ലഭിച്ചു. 4.40 കോടി രൂപയാണ് നോണ്‍ ഓപ്പറേറ്റിംഗ് വിഭാഗത്തില്‍ നിന്നും ലഭിച്ചത്. സെപ്തംബറിൽ 86.97കോടി രൂപയായിരുന്നു ആകെ വരുമാനം. ജീവനക്കാർക്ക് വേണ്ടി ഒക്ടോബര്‍ മാസം മാത്രം 94.25 കോടി രൂപ വിതരണം ചെയ്തു.
കൊവിഡ് രണ്ടാം തരംഗത്തിനുശേഷം ഇതാദ്യമായാണ് പ്രതിമാസ വരുമാനം 100 കോടി കടക്കുന്നത്. 4,42,63,043 രൂപയാണ് ഈ മാസം നാലാം തീയതി കോർപ്പറേഷന് ലഭിച്ച വരുമാനം. 3,307 സര്‍വീസുകളിലായി 10.27 ലക്ഷം കിലോമീറ്ററാണ് ഈ ദിവസം ഓപ്പറേറ്റ് ചെയ്തത്. ഇന്ധനത്തിനായി മാത്രം ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടിയാണ്. വൈദ്യുതി, അനുബന്ധ ചെലവുകൾക്കായി 30 ലക്ഷം രൂപയും വേണം.

അതിനിടെ, ഒരു ദിവസത്തെ ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസിക്ക് വേണ്ടത് 2.80 കോടി രൂപയാണ്. പെൻഷന് വേണ്ടത് ദിവസം 2.20 കോടിയും. വായ്പ തിരിച്ചടവുകൾക്ക് 1.80 കോടിയും വേണം. അങ്ങനെ ഒരു ദിവസത്തെ മറ്റു ചെലവുകൾ ആകെ 6.80 കോടി രൂപയാണ്. ലഭിക്കുന്നതാകട്ടെ ഒന്നരക്കോടിയും.
പ്രതിമാസ വരുമാനം 100 കോടി രൂപ പിന്നിട്ടിട്ടും കെഎസ്ആർടിസിയിൽ ശമ്പളപരിഷ്കരണം ഇനിയും കീറാമുട്ടിയായി തുടരുകയാണെന്നുള്ളതാണ് വസ്തുത. ഇതിൽ പ്രതിഷേധിച്ച് നേരത്തെ ഭരണ-പ്രതിപക്ഷ തൊഴിലാളിയൂണിയൻ സംഘടനകൾ പണിമുടക്കിയിരുന്നു. ട്രേഡ് യൂണിയൻ തൊഴിലാളികൾ 48 മണിക്കൂർ പണിമുടക്ക് നടത്തിയപ്പോൾ കെഎസ്ആർടിസിക്ക് ഉണ്ടായത് 3 കോടി രൂപയുടെ വരുമാന നഷ്ടമാണ്. ഒരു ദിവസം ശരാശരി ഒന്നരക്കോടി രൂപയുടെ വരുമാനം നഷ്ടമായെന്നാണ് കണക്കാക്കിയിരുന്നത്.

അതേസമയം, സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ആർടിസിയുടെ ഓർഡിനറി സർവീസുകൾ നിലച്ച സ്ഥിതിയാണ്. സ്കൂളുകളും കോളജുകളും തുറന്നതോടെ ബസ് സർവീസിനെ ആശ്രയിക്കേണ്ടിവരുന്ന വിദ്യാർഥികളും ഇതോടെ ബുദ്ധിമുട്ടിലാണ്. കെഎസ്ആർടിസി സർവീസ് മുടങ്ങിക്കിടക്കുന്ന പല റൂട്ടുകളിലും സ്വകാര്യ ബസുകളും പരിമിതമായാണ് സർവീസുകൾ നടത്തുന്നതെന്നാണ് വസ്തുത. ഇതുമൂലം പല പ്രദേശങ്ങളിലും യാത്രാക്ലേശം രൂക്ഷമാണ്.
മതിയായ ജീവനക്കാരില്ലാത്തതാണ് സർവീസ് പുനരാരംഭിക്കുന്നതിന് തടസ്സമായി അധികൃതർ പറയുന്നത്. താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതോടെ കണ്ടക്ടർ, ഡ്രൈവർ ക്ഷാമം വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കാര്യക്ഷമമായ പല ബസുകൾ പോലും നഷ്ടത്തിന്റെ പേരു പറഞ്ഞ് റീജിയണൽ വർക്‌ഷോപ്പുകളിൽ നിർത്തിയിട്ടിരിക്കുന്നതും ആവശ്യത്തിന് ബസുകൾ ഇല്ലാത്തതും സർവീസുകൾ പുനരാരംഭിക്കുന്നതിന് തടസ്സമായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നു.
'വേദികയെ തോൽപ്പിക്കും വില്ലത്തി'.. മോഡേൽ ലുക്കിൽ കുടുംബവിളക്കിലെ അമൃത ഗണേഷിന്റ വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications