Kollam KSU & ABVP Strike: കൊല്ലത്ത് നാളെ കെഎസ്‌യു-എബിവിപി വിദ്യാഭ്യാസ ബന്ദ്
കൊല്ലം: കൊല്ലം ജില്ലയില്‍ നാളെ (ജൂലൈ 18, വെള്ളി) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളായ കെഎസ്‌യുവും എബിവിപിയും. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് കെ എസ് യു വും എ ബി വി പിയും ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെയും സ്‌കൂള്‍ അധികൃതരുടെയും ഗുരുതരമായ അനാസ്ഥയാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് കാരണം എന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം വേദനാജനകമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

പൊതുവിദ്യാഭ്യാസ മേഖലയിലെ സ്‌കൂളുകള്‍ക്ക് ആവശ്യമായ പരിഗണന സര്‍ക്കാര്‍ നല്‍കുന്നില്ല എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്നും അദ്ദേഹം ആരോപിച്ചു. മിഥുന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നും അലോഷ്യസ് ആവശ്യപ്പെട്ടു. പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ആര്‍ക്കും അവസരം നല്‍കരുത് എന്നും അദ്ദേഹം പറഞ്ഞു.
നവകേരളത്തെ പറ്റി വാതോരാതെ സംസാരിക്കുന്ന സര്‍ക്കാര്‍ കേരളത്തിലെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെ പറ്റിയും വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പറ്റിയും പരിശോധിച്ച് പരിഹാരം കാണുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അപകടകരമായ രീതിയില്‍ താഴ്ന്നു കിടന്ന ഹൈ വോള്‍ട്ടേജ് ലൈന്‍ മാറ്റി സ്ഥാപിക്കാതിരുന്നത് സ്‌കൂള്‍ അധികൃതരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും വീഴ്ചയാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുല്‍ കൃഷ്ണന്‍ പറഞ്ഞു.
മിഥുന്റെ മരണത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐയും സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സ്‌കൂളിലേക്ക് മറ്റ് സംഘടനകളുടെ നേതൃത്വത്തിലും പ്രതിഷേധമുണ്ടായി. പ്രധാന അധ്യാപികയെയും, സ്ഥലത്തെത്തിയ എഡിഎമ്മിനേയും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.
ബിജെപി പ്രവര്‍ത്തകര്‍ വിദ്യഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചു. അതേസമയം മിഥുന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് ശാസ്താംകോട്ട പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരെ ശക്തമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. ദാരുണമായ സംഭവത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.












Click it and Unblock the Notifications