KSU Strike: തൃശൂര്‍ ജില്ലയില്‍ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. വിദ്യാര്‍ത്ഥി നേതാക്കളെ മുഖംമൂടി അണിയിച്ച് കോടതിയില്‍ കൊണ്ടുപോയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കി സമരത്തോട് സഹകരിക്കണം എന്ന് കെ എസ് യു ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ പറഞ്ഞു.
അതേസമയം നിലവില്‍ ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥി നേതാക്കളെ സന്ദര്‍ശിക്കുന്നതിനായി ഷാഫി പറമ്പില്‍ എം പി ഇന്ന് തൃശൂരില്‍ എത്തും എന്ന് അറിയിച്ചിട്ടുണ്ട്. വിയ്യൂര്‍ സബ് ജയിലില്‍ ആണ് വിദ്യാര്‍ത്ഥികള്‍ കഴിയുന്നത്. ഇവിടെ എത്തി വിദ്യാര്‍ത്ഥികളെ കാണും. കഴിഞ്ഞ ദിവസമായിരുന്നു എസ് എഫ് ഐയുമായി ഉള്ള സംഘര്‍ഷത്തില്‍ പ്രതികളായ കെ എസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ജില്ലാ സെക്രട്ടറി ഗണേഷ് ആറ്റൂര്‍ അടക്കമുള്ള മൂന്ന് പ്രവര്‍ത്തകരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം കോടതിയില്‍ ഹാജരാക്കാനായി പ്രതികളെ എത്തിച്ചപ്പോള്‍ ഇവരെ വിലങ്ങുകള്‍ അണിയിക്കുകയും മുഖംമൂടി ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്തത്.
അതേസമയം വിദ്യാര്‍ത്ഥികളെ മുഖംമൂടിയണിയിച്ച് കോടതിയില്‍ ഹാജരാക്കിയ സംഭവത്തില്‍ വടക്കാഞ്ചേരി സിഐ ഷാജഹാനെ സ്ഥലംമാറ്റി. സി ഐയ്ക്ക് വീഴ്ച പറ്റി എന്ന റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ ഷാജഹാനെ അടിയന്തരമായി പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതിന് ശേഷമാണ് അച്ചടക്ക നടപടിയുടെ ഭാഗമായി എസ്എച്ച്ഒ സ്ഥാനത്തുനിന്ന് നീക്കിയത്.
എന്നാല്‍ ഷാജഹാന് പുതിയ ചുമതലകള്‍ നല്‍കിയിട്ടില്ല. ഒരു മാസം മുന്‍പായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്. എസ് എഫ് ഐ-കെ എസ് യു സംഘര്‍ഷത്തില്‍ മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും ചില കെ എസ് യു പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു. ഇതോടെയാണ് കെ എസ് യു ജില്ല വൈസ് പ്രസിഡന്റ് ഗണേഷ് ആറ്റൂര്‍, ജില്ല കമ്മിറ്റി അംഗം അല്‍ അമീന്‍, കിള്ളിമംഗലം ആര്‍ട്‌സ് കോളജ് യൂനിറ്റ് പ്രസിഡന്റ് കെഎ അസ്ലം എന്നിവര്‍ക്കെതിരെ കേസെടുത്തത്.
ഒളിവിലായിരുന്ന മൂന്നു പ്രതികളേയും വിവിധ ഇടങ്ങളില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. പിന്നാലെ ഇവരെ മുഖംമൂടി ധരിപ്പിച്ചായിരുന്നു വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് ഹാജരാക്കിയത്. എന്നാല്‍ മുഖംമൂടി ധരിപ്പിച്ച പൊലീസ് നടപടിയെ കോടതി തന്നെ ചോദ്യം ചെയ്തിരുന്നു. എന്തിനാണ് ഇവരെ മുഖംമൂടി ധരിപ്പിച്ചത് എനായിരുന്നു കോടതി ആരാഞ്ഞത്.
എന്നാല്‍ തിരിച്ചറിയല്‍ പരേഡ് ഉള്ളതിനാലാണ് മുഖംമൂടി ധരിപ്പിച്ചതെന്ന് പറഞ്ഞ പൊലീസ് തിരികെ കോടതിയില്‍ നിന്നും കൊണ്ടുപോയപ്പോഴും മുഖംമൂടി മാറ്റാന്‍് തയാറായിരുന്നില്ല. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications