തവനൂരിൽ മത്സരിക്കാൻ കെടി ജലീലിന് താൽപര്യം; പക്ഷേ, സിപിഎം നിർബന്ധിക്കണം, അഞ്ചാമങ്കം ഉറപ്പോ?
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കും ആരൊക്കെ മാറി നിൽക്കും എന്നൊക്കെയുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. മൂന്ന് മുന്നണികളും കരുത്തരെ തന്നെ ഇറക്കുമ്പോൾ മാറ്റി നിർത്താൻ ആവാത്ത ചില പേരുകളുമുണ്ട് ഇക്കൂട്ടത്തിൽ. സിപിഎം സ്വതന്ത്രനായി മത്സരിച്ച് എംഎൽഎയും പിന്നീട് മന്ത്രിയും ഒക്കെയായ കെടി ജലീൽ ഇത്തരത്തിൽ ഒരാളാണ്. ഇത്തവണ ജലീൽ മത്സരിക്കുമോ എന്ന ചോദ്യം ഏറെ നാളായി ഉയരുന്നുണ്ട്.
പ്രത്യേകിച്ച് മലപ്പുറത്ത് ഉൾപ്പെടെ ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ ലീഗ് ശക്തമായ പോരാട്ടം കാഴ്‌ച വച്ച സാഹചര്യത്തിൽ കെടി ജലീൽ ഇറങ്ങിയില്ലെങ്കിൽ അത് തിരിച്ചടിയാവുമോ എന്ന ചോദ്യമാണ് ഉയരുന്നത്. അതിനിടെ ജലീൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചുവെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. നേരത്തെ താൻ ഇക്കുറി മത്സര രംഗത്തേക്ക് ഇല്ലെന്ന് കെടി ജലീൽ തീർത്തുപറഞ്ഞിരുന്നതാണ്.

എന്നാൽ ആ നിലപാട് ഇപ്പോൾ മയപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. പാർട്ടി പറഞ്ഞാൽ, നേതൃത്വം ആവശ്യപ്പെടുകയാണെങ്കിൽ മത്സരിക്കാം എന്ന നിലപാടിലാണ് ഇപ്പോൾ അദ്ദേഹം. അങ്ങനെയെങ്കിൽ തവനൂരിൽ തന്നെയായിരിക്കും അദ്ദേഹം മത്സരിക്കുക. ഇക്കാര്യത്തിൽ പാർട്ടിക്ക് ക്ലീൻചിറ്റ് നൽകിയിരിക്കുകയാണെന്നും വേണമെങ്കിൽ തന്റെ സമ്മതത്തോടെ മത്സരത്തിന് നിർത്താം എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
എന്തായാലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം സിപിഎമ്മിന്റേതാണെന്ന് ഉറപ്പിക്കാം. കെടി ജലീലിന്റെ സ്ഥാനാർത്ഥിത്വത്തെ അഭ്യൂഹം ഉയരാൻ പ്രധാന കാരണം മറ്റൊന്നാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ തവനൂരിൽ സിപിഎമ്മിന്റെ പരിഗണനയിൽ ജലീൽ മാത്രമാണുള്ളത്. അതിനാൽ തന്നെ തവനൂരിൽ ജലീൽ നാലാമങ്കത്തിന് ഇറങ്ങുമെന്ന പരക്കെ വിശ്വസിക്കപ്പെടുന്നു.
മൂന്നാം ഇടത് സർക്കാർ എന്ന ദൂരം താണ്ടാൻ ഓരോ സീറ്റും നിർണായകമാണ് എന്നിരിക്കെ ടേം വ്യവസ്ഥയൊന്നും തന്നെ പാർട്ടിക്ക് പുറത്ത് നിൽക്കുന്ന ജലീലിന് ബാധകമാക്കേണ്ട എന്നാണ് നേതൃത്വത്തിന്റെ നിലപാട്. നിർണായകമായ ഓരോ സീറ്റും പിടിച്ചെടുക്കാൻ പരിചയ സമ്പന്നരെ ഇറക്കേണ്ടിടത്ത് ഇറക്കണമെന്നത് പാർട്ടിയുടെ ഇത്തവണത്തെ പ്രഖ്യാപിത നിലപാടാണ്.
അതുകൊണ്ട് തന്നെ തവനൂരിലെ മൂന്നുൾപ്പെടെ അഞ്ചാമങ്കത്തിന് ജലീൽ തന്നെ ഇറങ്ങുമോ എന്ന് വരും ദിനങ്ങളിൽ കണ്ടറിയാം. തവനൂർ മണ്ഡലം നിലവിൽ വന്ന 2011ന് ശേഷം ഇതുവരെ നടന്ന മൂന്ന് തിഞ്ഞെടുപ്പുകളിലും ജലീലാണ് ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചത് എന്നത് തന്നെയാണ് അദ്ദേഹത്തിന് പരിഗണന നൽകാനുള്ള പ്രധാന കാരണം. രണ്ട് ടേം വ്യവസ്ഥ 2021ൽ സിപിഎം നടപ്പിലാക്കിയപ്പോഴും അദ്ദേഹത്തിന് ഇളവ് നൽകിയിരുന്നു.
ഇക്കുറി അത് എല്ലാവരുടെ കാര്യത്തിലും പാലിക്കുന്നതിനാൽ മത്സരിക്കുന്നതിന് ജലീലിന് മറ്റ് തടസങ്ങൾ ഒന്നുമില്ല. മാത്രമല്ല മണ്ഡലത്തിൽ ജനകീയനാണ് അദ്ദേഹം. 2006ൽ മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പാർട്ടി കോട്ടയിൽ 8781 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ജലീൽ ആദ്യമായി നിയമസഭയിലേക്ക് എത്തിയത്.
പിന്നീട് ജലീലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് വാസ്‌തവം. 2011ൽ തവനൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ജലീൽ കോൺഗ്രസിന്റെ വിവി പ്രകാശിനെ 6854 വോട്ടുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ 2016ലും ജലീൽ തവനൂരിൽ വിജയം ആവർത്തിച്ചു. കഴിഞ്ഞ തവണയാവട്ടെ കോൺഗ്രസിന് വേണ്ടി മത്സരരംഗത്തേക്ക് ഇറങ്ങിയ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെയാണ് ജലീൽ തോൽപ്പിച്ചത്.












Click it and Unblock the Notifications