കെവി തോമസ് രാഷ്ട്രീയകാര്യ സമിതിയിലുണ്ടാവില്ല, എഐസിസി അംഗത്വം നഷ്ടമാകില്ല, നടപടി ഇങ്ങനെ
തിരുവനന്തപുരം: സിപിഎം സെമിനാറില്‍ പങ്കെടുത്തതിന് മുതിര്‍ന്ന നേതാവ് കെവി തോമസിനെതിരെ നടപടി വരുന്നു. പക്ഷേ വിചാരിച്ചത്ര കടുപ്പം നടപടിക്ക് ഉണ്ടാവില്ലെന്നാണ് സൂചന. കെവി തോമസിനെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് നീക്കാനാണ് ശുപാര്‍ശ. അതേസമയം കെപിസിസി എക്‌സിക്യൂട്ടീവില്‍ നിന്ന് നീക്കണമെന്നും അച്ചടക്കസമിതി അറിയിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ എഐസിസി അംഗത്വം സാങ്കേതികം മാത്രമെന്നാണ് വിശദീകരണം. ദേശീയ തലത്തില്‍ മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജക്കറിനെതിരെ കേന്ദ്ര നേതൃത്വം നടപടിയെടുക്കും. അച്ചടക്കസമിതി അതിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കെപിസിസി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെവി തോമസിനെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കം ചെയ്യാന്‍ അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം കെവി തോമസിനെതിരെ നടപടി വരുന്നുണ്ടെങ്കിലും കേരള ഘടകത്തിന് അത് വലിയ ആവേശം നല്‍കുന്ന തീരുമാനമല്ല. കടുത്ത നടപടിയെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം പക്ഷേ നടപ്പായില്ല. നടപടി ഔദ്യോഗികമായി അറിയിച്ച ശേഷം പ്രതികരിക്കാമെന്ന് കെവി തോമസ് പറഞ്ഞു. സംസ്ഥാന നേതൃത്വം കെവി തോമസിനെ പുറത്താക്കണമെന്ന ശക്തമായ ആവശ്യത്തിലായിരുന്നു. സിപിഎമ്മുമായി നേരത്തെ തന്നെ ബന്ധം സൂക്ഷിക്കുന്നയാളാണ് കെവി തോമസ് എന്ന് കെ സുധാകരന്‍ ആരോപിച്ചിരുന്നു.
പാര്‍ട്ടിയെ ധിക്കരിച്ച കെവി തോമസിനോട് വിട്ടുവീഴ്ച്ചയില്ലെന്നായിരുന്നു സുധാകരന്റെ നിലപാട്. അതുകൊണ്ട് കടുത്ത നടപടി വേണമെന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അച്ചടക്ക സമിതി അത് കേട്ടില്ല. പദവികളില്‍ നിന്ന് നീക്കം ചെയ്യാനും, ഇനി വീഴ്ച്ച ഉണ്ടാകരുതെന്നും കെവി തോമസിന് താക്കീത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന് കെവി തോമസ് ആവര്‍ത്തിച്ചിരിക്കുകയാണ്. എന്നാല്‍ പാര്‍ട്ടി വേദികളില്‍ നടപടിയെടുത്താല്‍ അദ്ദേഹത്തെ കാണാനാവില്ല. എന്നാല്‍ പുറത്താക്കാത്തത് ആശ്വാസവുമാണ്.
അതേസമയം കോണ്‍ഗ്രസ് പുരത്താക്കിയാല്‍ കെവി തോമസിന് സിപിഎം അഭയം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് വിട്ടുവരുന്നവര്‍ വഴിയാധാരമാകില്ലെന്നും കോടിയേരി വ്യക്തമാക്കി. കെവി തോമസിനെതിരെ നടപടിയെടുത്ത കോണ്‍ഗ്രസ് സമീപനം അവരെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുകയുള്ളൂവെന്നും കോടിയേരി വ്യക്തമാക്കി. എന്നാല്‍ കോണ്‍ഗ്രസ് വിടുമോ എന്ന കാര്യത്തില്‍ കെവി തോമസ് നിലപാടെടുത്തിട്ടില്ല. പുറത്താക്കിയാല്‍ സിപിഎം അദ്ദേഹത്തെ സ്വീകരിക്കാനാണ് സാധ്യത. ഇത് മുന്നില്‍ കണ്ടാണ് അച്ചടക്ക നടപടി പുറത്താക്കലിലേക്ക് മാറാതിരുന്നത്. പുറത്താക്കിയാല്‍ അദ്ദേഹത്തിന് വീരപരിവേഷം ലഭിക്കുമെന്ന് ചില നേതാക്കള്‍ കരുതുന്നുണ്ട്.












Click it and Unblock the Notifications