ഓഖിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സൂസെപാക്യം; വാഗ്ദാനം പാലിച്ചില്ല, പ്രാധാന്യം സമ്മേളനങ്ങള്‍ക്ക്
തിരുവനന്തപുരം: ഓഖി ദുരാതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ അലംഭാവം അക്കമിട്ട് നിരത്തി ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. പാര്‍ട്ടി സമ്മേളനങ്ങളുടെ പേരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആകെ 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുത്തത്. എത്ര പേര്‍ ദുരന്തത്തില്‍ മരിച്ചുവെന്ന് സര്‍ക്കാരിന്റെ പക്കല്‍ പ്രത്യേക കണക്കില്ല. സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എളുപ്പമായേനെ. സര്‍ക്കാര്‍ അതിന് തയ്യാറായില്ലെന്നും സൂസെപാക്യം വിമര്‍ശിച്ചു.
കേരളത്തില്‍ 146 പേര്‍ മരിച്ചുവെന്നാണ് സഭയുടെ കണക്ക്. ദുരിത ബാധിതര്‍ക്ക് ജോലി, വീട്, ചികില്‍സ എന്നീ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഒന്നും നടന്നില്ല. 49 കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക മാത്രമാണ് ചെയ്തത്. ദുരിത ബാധിതര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം നടപ്പാക്കി. എന്നാല്‍ കേരള സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്നും സൂസെപാക്യം കുറ്റപ്പെടുത്തി.
പരിക്കേറ്റ 498 പേരെ സര്‍ക്കാര്‍ പരിഗണിച്ചില്ല. വിദ്യാര്‍ഥികളുടെ പഠന ഫീസ്, വിവാഹ കാര്യങ്ങള്‍ക്ക് നല്‍കാമെന്നേറ്റ വായ്പ എന്നീ കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ സമാഹരിച്ച തുകയുടെ സോഷ്യല്‍ ഓഡിറ്റിങ് നടത്തണം. ലത്തീന്‍ സഭ സമാഹരിച്ച തുകയുടെ കണക്ക് സഭ പുറത്തുവിടുമെന്നും സൂസെപാക്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ സമീപിക്കും. നേരത്തെയും കണ്ടിരുന്നു. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അനുകൂല പ്രതികരണമാണ് ലഭിച്ചത്. പക്ഷേ, വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല. പാര്‍ട്ടി സമ്മേളനങ്ങളുടെയും മറ്റു വിഷയങ്ങളുടെയും തിരക്ക് കാരണമായിട്ടായിരിക്കാം അലംഭാവമുണ്ടായത്. കാര്യങ്ങള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും സൂസെപാക്യം ആവശ്യപ്പെട്ടു.












Click it and Unblock the Notifications