എൽഡിഎഫ് ഭരണത്തിൽ 828 പോലീസുകാർക്കെതിരെ കേസെടുത്തു; പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസ് സേനയില്‍ രാഷ്ട്രീയവല്‍ക്കരണം ഉണ്ട് എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസുദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കാണുന്ന ആരോപണങ്ങള്‍ക്കെല്ലാം തന്നെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ച് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് സേനയിൽ ക്രിമിനലുകൾ വർധിക്കുന്നുവെന്ന് കാണിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ട നിലയിലാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു കേസന്വേഷണത്തിലും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്നോ, അന്വേഷണം കാര്യക്ഷമമല്ലന്നോ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും പറയാന്‍ കഴിയില്ല. പൊതുശ്രദ്ധ പിടിച്ചുപറ്റിയ കേസുകളിലെല്ലാം തന്നെ പ്രതികളെ കണ്ടെത്താനും സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാനും പോലീസിനു കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ ഉണ്ടായ ചില ഉദാഹരണങ്ങളായി പറയാന്‍ കഴിയുന്നത്, പത്തനംതിട്ട ഉത്ര വധക്കേസ്, തിരുവനന്തപുരം പാറശ്ശാലയിലെ ഷാരോണ്‍ വധക്കേസ്, പത്തനംതിട്ട ഇലന്തൂരിലെ നരബലി സംഭവം എന്നിവയാണ്. ഇതില്‍ ആദ്യത്തെ കേസില്‍ സമയബന്ധിതമായി കേസന്വേഷണം നടത്തി പ്രതി ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പോലീസുദ്യോഗ സ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുന്നതുള്‍പ്പെടെയുളള ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.ഇത്തരത്തില്‍ 2017 ല്‍ ഒന്നും, 2018 ല്‍ രണ്ടും 2019 ല്‍ ഒന്നും, 2020 ല്‍ രണ്ടും ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിവിധ റാങ്കുകളിലുളള 8 പോലീസുദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിട്ടിട്ടുണ്ട്. കൂടാതെ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 2 പോലീസുദ്യോഗസ്ഥരെ 2022 ലും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ട മറ്റ് 2 പോലീസുദ്യോഗസ്ഥരെയും സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

828 പോലീസ് സേനാംഗങ്ങളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നാണ് പ്രതിപക്ഷം പറയുന്നത്. 55,000 അംഗങ്ങളുള്ള പോലീസ് സേനയില്‍ ഇത് 1.56 ശതമാനമാണ്. 98.44 ശതമാനം സേനാംഗങ്ങള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍പ്പെടാത്തവരാണെന്നതാണ് ഇതില്‍നിന്നും ഉരുത്തിരിയുന്ന വസ്തുത.അടുത്തകാലത്ത് വിഴിഞ്ഞത്തെ പ്രതിഷേധ സമരങ്ങളുടെ സാഹചര്യത്തില്‍ സംസ്ഥാന പോലീസ് പാലിച്ച സംയമനം മാതൃകാപരമാണെന്ന് അംഗികരിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല.

2016 മുതല്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ പോലീസിനെ ഒരു ജനസൗഹൃദ സേനയാക്കി മാറ്റാനുള്ള ഫലപ്രദമായ പരിശ്രമങ്ങള്‍ നടത്തിവരികയാണ്. സ്റ്റുഡന്റ് പോലീസ്, ജനമൈത്രി പോലീസ് എന്നീ പദ്ധതികള്‍ വഴി പോലീസ് സേനയില്‍ സാമൂഹികപങ്കാളിത്തം ഉറപ്പാക്കാനുള്ള പരിപാടികളാണ് നടപ്പാക്കുന്നത്. പ്രകൃതിദുരന്തങ്ങളുടെയും മറ്റ് ആപത് സന്ധികളിലും ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന സേവനമനോഭാവമുള്ള പോലീസ് സേനയാണ് നമ്മുടെ സംസ്ഥാനത്തിനുള്ളത്. ഇതിനുള്ള അംഗീകാരം ദേശീയതലത്തില്‍ ലഭിച്ചിട്ടുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

യു.ഡി.എഫ് കാലത്ത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടത് 976 പോലീസ് ഉദ്യോഗസ്ഥർ
യു.ഡി.എഫ് കാലത്ത് 976 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2014 ഡിസംബർ 15 ന് നിയമസഭയിൽ അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നൽകിയ മറുപടി ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എൽ.ഡി.എഫ് കാലത്ത് 828 പോലീസുകാരാണ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ.












Click it and Unblock the Notifications