വെള്ളക്കരം വര്‍ധിപ്പിക്കും; ശുപാര്‍ശക്ക് അംഗീകാരം നല്‍കി എല്‍ഡിഎഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ശുപാര്‍ശ എല്‍ ഡി എഫ് യോഗം അംഗീകരിച്ചു. ലിറ്ററിന് ഒരു പൈസ നിരക്കില്‍ കരം വര്‍ധിപ്പിക്കാനാണ് എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനമായത് എന്ന് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി. ബി പി എല്‍ കുടുംബങ്ങളെ നിരക്ക് വര്‍ധനയില്‍ നിന്ന് മാറ്റും. വെള്ളക്കരം കൂട്ടണമെന്ന ജലവിഭവ വകുപ്പിന്റെ ശുപാര്‍ശയാണ് എല്‍ ഡി എഫ് അംഗീകരിച്ചത്.
നേരത്തെ ജനരോഷം ഭയന്ന് തീരുമാനം എല്‍ ഡി എഫില്‍ ചര്‍ച്ച ചെയ്യാം എന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 2391.89 കോടി രൂപയുടെ കുടിശ്ശികയാണ് ജല അതോറിറ്റിക്ക് ഉള്ളത് എന്നും ഇതിന്റെ ഫലമായി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട് എന്നും ജല വകുപ്പ് അറിയിച്ചു. കൂടാതെ വിരമിച്ചവരുടെ ആനുകൂല്യങ്ങള്‍ കൊടുക്കാനും പ്രയാസം നേരിടുണ്ട്.

ജല അതോറിറ്റിയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ തീരുമാനത്തിലൂടെ കഴിയും എന്നും കുടിശിക കൊടുത്തില്ലെങ്കില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും യോഗ തീരുമാനം വിശദീകരിച്ച് കൊണ്ട് ഇ പി ജയരാജന്‍ പറഞ്ഞു. അതേസമയം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പൊതുനിലപാട് സ്വീകരിക്കാനും എല്‍ ഡി എഫ് യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
വിദേശസര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്ന കേരള വികസന നയരേഖയ്ക്കും എല്‍ ഡി എഫ് അനുമതി നല്‍കി. മുന്‍പ് സ്വാശ്രയ കോളേജുകളെ എതിര്‍ത്തിരുന്നു എന്നും എന്നാല്‍ എല്ലാ കാലത്തും ആ നിലപാടുമായി മുന്നോട് പോകാന്‍ സാധിക്കില്ല എന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. സി പി എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച വികസന നയരേഖ ഘടകക്ഷികള്‍ അഭിപ്രായങ്ങള്‍ എഴുതി നല്‍കി.
ശേഷം വികസന നയരേഖ എല്‍ ഡി എഫ് അംഗീകരിക്കുകയായിരുന്നു. ഓരോ വകുപ്പിലെയും മന്ത്രിമാര്‍ ഈ നയത്തിനനുസരിച്ച് വകുപ്പിനെ ശക്തിപ്പെടുത്തണം എന്നും കാര്‍ഷിക രംഗത്തെ വിപുലീകരിക്കാനുള്ള പദ്ധതികള്‍ രൂപീകരിക്കണം എന്നുമാണ് നയരേഖയില്‍ പറയുന്നത്. സാമൂഹികക്ഷേമ പെന്‍ഷനുകളുടെ വിതരണം കൂടുതല്‍ കാര്യക്ഷമമാക്കണം എന്നും നയരേഖയില്‍ പറയുന്നുണ്ട്.
അങ്കണവാടികളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനും 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുമാകണം. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നും സി പി എം നയരേഖയില്‍ പറയുന്നുണ്ട്.
താലൂക്ക് ആശുപത്രികളില്‍ നഴ്‌സിങ് സ്‌കൂളുകള്‍ ആരംഭിക്കുക, നദികളും കായലുകളും സംരക്ഷിക്കുക, വയോജനങ്ങള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങള്‍ തയ്യാറാക്കുക എന്നിവയാണ് നയരേഖയില്‍ പറയുന്ന മറ്റ് നിര്‍ദേശങ്ങള്‍. കൂടാതെ അന്ധവിശ്വാസത്തിനെതിരെ ബോധവല്‍ക്കരണം ജനങ്ങളില്‍ സൃഷ്ടിക്കണമെന്നും നയരേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.












Click it and Unblock the Notifications