സൗദിയില്‍ മാത്രമല്ല ഇന്ത്യയിലുമുണ്ട് 'വെളുത്ത സ്വർണ്ണം': മലനിരകളില്‍ വന്‍ ശേഖരം; ഖനനം തുടങ്ങിയാല്‍ രക്ഷപ്പെടും
സൗദി അറേബ്യയില്‍ വലിയ തോതില്‍ ലിഥിയം ശേഖരം കണ്ടെത്തിയതായുള്ള റിപ്പോർട്ടുകള്‍ കഴിഞ്ഞ മാസമാണ് പുറത്ത് വരുന്നത്. രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള അരാംകോയുടെ എണ്ണപ്പാടത്തിലാണ് വെളുത്ത സ്വർണ്ണം എന്ന് അറിയപ്പെടുന്ന ലിഥിയം കണ്ടെത്തിയത്. ഇതോടെ വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ലിഥിയം ഖനനം ചെയ്യാനുള്ള നടപടികളും ചൈന ആരംഭിച്ച് കഴിഞ്ഞു.
പുതുതായി രൂപപ്പെടുത്തിയ അതിനൂതന സാങ്കേതിക വിദ്യയിലൂടെയാണ് സൗദി അറേബ്യ ലിഥിയം ഖനനം ചെയ്യാന്‍ പോകുന്നത്. ഇതിലൂടെ വലിയ തോതിലുള്ള വരുമാനമാകും ഗള്‍ഫ് രാജ്യത്തിന് ലഭിക്കാന്‍ പോകുക. ഇപ്പോഴിതാ അത്ര വലിയ തോതില്‍ അല്ലെങ്കിലും ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ലിഥിയം നിക്ഷേപത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഒഡീഷയിലെ നയാഗർഹിലും മറ്റ് ജില്ലകളിലും ലിഥിയം നിക്ഷേപത്തിന് സാധ്യതയുണ്ടെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഞായറാഴ്ച അറിയിച്ചത്. എന്നാല്‍ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മേഖലയിലെ നിർണായക ധാതുസമ്പത്ത് കണ്ടെത്താന്‍ കൂടുതല്‍ പര്യവേക്ഷണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും ജി എസ് ഐ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പങ്കജ് കുമാർ പറഞ്ഞു. 64-ാമത് സെൻട്രൽ ജിയോളജിക്കൽ പ്രോഗ്രാമിംഗ് ബോർഡ് (സി ജി പി ബി) യോഗത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കൂടുതൽ പര്യവേക്ഷണം നടത്തുകയും മേഖലയില്‍ ലിഥിയം നിക്ഷേപത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്യുന്നതുവരെ അതിനെക്കുറിച്ച് സംസാരിക്കുന്നതില്‍ കാര്യമില്ല' പങ്കജ് കുമാർ പറഞ്ഞു.
രാജ്യത്ത് ധാതു പര്യവേക്ഷണത്തിൽ ഒഡീഷയ്ക്ക് ഉയർന്ന മുൻഗണന നൽകുന്നുണ്ട്. ധാതു പര്യവേക്ഷണത്തിനായി ഡ്രോൺ മാപ്പിംഗ് എന്ന പൈലറ്റ് പദ്ധതിയിൽ സംസ്ഥാനം ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. ഒഡീഷ, രാജസ്ഥാൻ എന്നീ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത്. മയൂർഭഞ്ച് ജില്ലയിലാണ് ഇത് ആദ്യമായി നടപ്പാക്കുന്നത്. ഉപയോഗപ്രദമാണെന്ന് കണ്ടെത്തിയാൽ, മറ്റ് ധാതു പര്യവേക്ഷണ പദ്ധതികളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും ജി എസ് ഐ ഡെപ്യൂട്ടി ഡയറക്ടർ കൂട്ടിച്ചേർത്തു.
ജനുവരി 20, 21 തീയതികളിൽ കൊണാർക്കിൽ നടക്കുന്ന ഖനന മന്ത്രിമാരുടെ സമ്മേളനത്തിന് മുന്നോടിയായുള്ള സി ജി പി ബി യോഗം ഏറെ നിർണായകമായിരുന്നു. മന്ത്രിമാരുടെ സമ്മേളനം ഇത് ഇന്ത്യയുടെ ധാതു മേഖലയുടെ ഭാവി ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന വേദിയാകും. സമ്മേളനത്തിൽ കേന്ദ്ര കൽക്കരി, ഖനി മന്ത്രി ജി കിഷൻ റെഡ്ഡി അധ്യക്ഷനാകും. ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി മോഹൻ ചരൺ മാജി മുഖ്യാതിഥിയായി പങ്കെടുക്കും.
ഒഡീഷന്‍ മലനിരകളില്‍ നിന്നും ലിഥിയം കണ്ടെത്താന്‍ സാധിച്ചാല്‍ അത് ഇന്ത്യക്ക് വ്യാവസായികപരമായും സാമ്പത്തികപരമായും വലിയ മുന്നേറ്റം നല്‍കും എന്നതില്‍ സംശയമില്ല. ഇലക്ട്രോണിക് വാഹനങ്ങളുടെ അതിശക്തമായ ഡിമാന്‍ഡും ക്ലീന്‍ എനർജിയിലേക്കുള്ള മാറ്റവും അന്തരാഷ്ട്ര രംഗത്ത് ലിഥിയത്തിന്റെ പ്രാധാന്യം വലിയ തോതില്‍ വർധിപ്പിക്കുന്നു. ബാറ്ററികളിലും മറ്റും വലിയ സ്ഥാനമാണ് ലിഥിയത്തിനുള്ളത്.












Click it and Unblock the Notifications